Wednesday, March 27, 2019

ചിറകറ്റ മാലാഖമാർ


രണ്ടാഴ്ച മുമ്പ് എന്റെ അമ്മ ഒരു ആശുപത്രിയിൽ കുറച്ചു ദിവസം കിടക്കേണ്ടി വന്നു...അവിടുത്തെ നഴ്സുമാരുടെ പെരുമാറ്റം എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചു... അവർ ശരിക്കും മാലാഖമാർ തന്നെ എന്ന് തോന്നി...

അവിടെ പഠിക്കുന്ന ഒരു കൂട്ടം നഴ്സിംഗ് വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോൾ, ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ ആണ് അവരുടെ വാർഷിക വിദ്യാഭ്യാസചെലവ്...പഠിച്ചു കഴിയുമ്പോൾ അഞ്ചു ലക്ഷത്തിനു മുകളിൽ ആകും.... ആറു വർഷം അവിടെ തന്നെ ജോലി ചെയുന്ന ഒരു നഴ്സിന്റെ ശമ്പളം കേട്ട ഞാൻ അതിശയിച്ചു പോയി.. ഇവർ എങ്ങനെയാണ് ലോൺ തിരിച്ചടയ്ക്കുന്നതു.?? കൈകൂലി വാങ്ങിക്കാൻ ഒരു മാർഗവും ഇല്ല...എങ്ങനെ നിങ്ങൾ ഈ വരുമാനം കൊണ്ട് ലോൺ തിരിച്ചടയ്ക്കുന്നു.ൽ എന്ന എന്റെ ചോദ്യത്തിനു അവരുടെ മറുപടിയ്ക്ക് ഒരു വ്യക്തതയും ഇല്ലാരുന്നു...കൂടുതൽ ചോദിച്ചാൽ അവർ കരയും എന്ന് തോന്നിയപ്പോൾ ഞാൻ പിൻവാങ്ങി...

കുറച്ചു നാൾ പുറകോട്ടു പോയാൽ... 
ആതുരാലയസമുച്ചയങ്ങളുടെ മുമ്പിലും തെരുവീഥികളിലും ഒന്നിരിക്കാനോ നിൽക്കാനോ സ്ഥലമുള്ള എവിടെയും അവർ തന്റെ ജീവനം നിലനിർത്താൻ വേണ്ടി അഘോരം പരിശ്രമിക്കുന്നുതു നമ്മൾ കണ്ടു...

മുണ്ട് മുറുക്കിയുടുത്തു സമ്പാദിച്ചത് മുഴുവൻ ബാങ്കുളിൽ പണയപ്പെടുത്തി മക്കളെ നഴ്സിങ്ങിനെ വിടുമ്പോൾ ആ അച്ഛനും അമ്മയ്ക്കും അറിയാം തന്റെ മക്കൾ നേരിടാൻ പോകുന്നത് അതി ഭയങ്കരമായ പകർച്ച വ്യാധികളെ കൂടി ആണെന്ന്..അത്‌,  ആ സേവനത്തിന്റ ഭാഗമാണെന്ന സത്യം അവർ ഉൾക്കൊള്ളുകയാണ്. അതവരെ തളർത്തില്ല.. പക്ഷെ.... 

സ്വന്തം നാട്ടിൽ ജോലി ചെയ്താൽ പലിശയുടെ പകുതി പോലും അടയ്ക്കാൻ സാധിക്കില്ല എന്ന് വരുമ്പോൾ ലോകത്തുള്ള ഏതു രാജ്യത്തേക്ക് പോകാനും തയ്യാറായി നിൽക്കുന്നു ആ കൂട്ടുകാർ. കാരണം, തന്റെ മാതാപിതാക്കളുടെ വേദന ഒരു പരിധിയിൽ കൂടുതൽ അവർക്ക് താങ്ങാൻ സാധിക്കില്ല..."Take off" എന്ന സിനിമയിൽ ഇവരുടെ അവസ്ഥ നന്നായി വിവരിച്ചത് നമ്മൾ കണ്ടതാണ്.. 

ഡോക്ടർന്മാർ ആശുപത്രികളിൽ ഇല്ലാത്ത സമയം ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഒരു നേഴ്സ് എങ്കിലും ഇല്ലാത്ത ഒരു നിമിഷം പോലും ഞാൻ ഒരു ആശുപത്രിയിലും കണ്ടിട്ടില്ല..പരിചരണം അവരുടെ ജീവിതമാണ്. അത്‌ എത്ര ഭയങ്കരമായ ആണുബാധ ഉള്ള  രോഗിയായാലും സ്വല്പം ഭയത്തോടെയാണെങ്കിലും അല്ലെങ്കിലും അവർ അതു ഭംഗിയായി നിർവഹിക്കും...ഉന്നത വിദ്യാഭ്യാസതിന്റെ ചിറകിനടിയിൽ അവരെന്നും പതിഞ്ഞിരിക്കും. പരിഭവങ്ങൾ പറയാൻ തുടങ്ങിയത് ഈ അടുത്ത കാലത്ത്, അതും ഗതികേട് കൊണ്ട്........അവർ അഹങ്കാരത്തോടെ പെരുമാറുന്നതും ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ അതു ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രം, അതു പിന്നെ എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും  ഉള്ള അവകാശമാണല്ലോ... 

എല്ലാ മരണങ്ങളും വേദന ജനിപ്പിക്കുന്നതാണ്. പക്ഷെ... ഒരു രോഗ പരിചരണത്തിന് കൈകൾ നീട്ടി അതേ രോഗം വന്നു മരണപ്പെടുക എന്നത് സഹിക്കാൻ കഴിയില്ല...ഏറ്റവും മാരകമായ രോഗത്തെ എതിരിടാൻ പൂർണ്ണ മനസ്സോടെ രോഗിയുടെ അരികിൽ സ്വാന്തനമായി, താങ്ങായി നിൽക്കാനുള്ള മനസ്സ് ദൈവത്തിനു തുല്യമാണ്. അങ്ങനെ ഉള്ള ഒരു മനസ്സാണ് കുറച്ചു നാൾ മുമ്പ് നമ്മുടെ മുന്നിൽ ചലനമറ്റു വീണത്....അതു പോലുള്ള ഒരായിരം മനസ്സുകളാണ് തെരുവീഥിയിൽ വെയിലും മഴയും കൊണ്ടത്, ഇപ്പോഴും കൊള്ളുന്നത്.... 

ഈ കാലത്തു, ഏതെങ്കിലും ഒരു ആശുപത്രി മുതലാളി BMW യിൽ കുറഞ്ഞ ഒരു വാഹനം ഉപയോഗിക്കുന്നുണ്ടോ? 3000 sqft ഇൽ കുറഞ്ഞ വീടുണ്ടോ അവർക്കു...ആതുരസേവനം.. ആതുരാലയം എന്നുള്ള പേര് തന്നെ ഇപ്പോൾ പ്രഹസനം മാത്രം...

എനിക്കോ നിങ്ങൾക്കോ അവർക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല.. ..പക്ഷെ ചെയ്യാൻ പറ്റുന്ന ഒന്നുണ്ട്....... 

"ആ ചിറകറ്റ മാലാഖമാരോട് മാന്യമായി പെരുമാറുക, പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക, എല്ലാ സഹായത്തിനും ഹൃദയം കൊണ്ടൊരു നന്ദി പറയുക".

അടൂർ മനോജ്‌ കുമാർ..