Thursday, March 18, 2010

ഒരു "BET" ന്റെ കഥ.....

"ഗുലാന്‍ പരിഷ്" ..ഹൊ ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ എന്തൊരു കുളിരു.



1995 - 1998.


ഈ കാലഘട്ടത്തെ ഞാന്‍ "ഗുലാന്‍ പരിഷ്" കാലം എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇതു എന്റെ DIPLOMA പഠന കാലമാണു. ഒന്നാം വര്‍ഷം മുതല്‍ മുറയില്ലാതെ നടന്ന ഒരേ ഒരു കാര്യമായിരുന്നു ചീട്ടുകളി. കോളേജിന്റെ പുറകില്‍ ഒരു "forest" ഉണ്ടായിരുന്നു. അതാണു ഞങ്ങളുടെ ചീട്ടുകളി കേന്ദ്രം. പുലിയും കടുവയും ഒന്നും ഇല്ല കേട്ടൊ "forest"ല്‍. കന്നിമാസത്തെ "പട്ടി മഹാസമ്മേളനം" ഒഴിച്ചാല്‍ ഒരു "പട്ടിപൂട" പോലും "forest"ല്‍ കാണില്ല. എങ്കിലും അതിനെ കുറിച്ചു കോളേജു മുഴുവന്‍ ഒരു "ഭീതി" പരത്തി എടുക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. ഒരര കിലൊമീറ്ററ് അകത്തേക്കു പോയി ഒരു കൈലിയും വിരിച്ചു ഒരു ഇരുപ്പിരുന്നാല്‍ സൂര്യഭഗവാന്‍ വൈകിട്ട് വന്നു പറയണം "എന്നീച്ചുപോയിനെടാന്നു". അതു വെരെ ഊണും വേണ്ട ഉറക്കവും വേണ്ട. ഈ ശുഷ്ക്കാന്തി പഠിക്കാന്‍ ഏതെങ്കിലും ഒരുത്തന്‍ കാണിച്ചിരുന്നേല്‍ അവനിന്നു IAS എടുത്തേനെ.


കീച്ച്, റമ്മി, കഴുത എന്നിങ്ങനെ പലതരം ഉണ്ടെങ്കിലും "ഗുലാന്‍ പരിഷ്" ആരുന്നു ഇഷ്ട"കളി". ഒരു കോറം (ആറു പേര്‍) കണ്ണടച്ച് തുറക്കും മുമ്പു ready ആകും. ചില ക്ലാസുകള്‍ ഉണ്ട്. ഈ ജിലേബിയും ഇറച്ചി കറിയും കൂടി കഴിച്ചാല്‍ എങ്ങനെ ഇരിക്കും. അതിലും അസഹനിയം ആണ് ചില "Sir" ന്മാര്‍ ക്ലാസ്സില്‍ നടത്തുന്ന "കലാപരുപാടികള്‍". അതീന്നൊന്നു രക്ഷപെടാനാണു ഞങ്ങള്‍ "ചീട്ടുകളി" കണ്ടു പിടിച്ചതു. കളി മൂത്തു മൂത്തു അവസാനം ക്ലാസ്സേ വേണ്ടന്നായി. അങ്ങനിരിക്കേ ക്ലാസ്സിലെ ഒരു "പഠിപ്പിസ്സ്റ്റ്" (നമുക്കവനേ "കോമളാന്നു" വിളിക്കാം) ഞങ്ങള്‍ക്കു ഇട്ടൊരു "മൂപ്പീരു".


"നിങ്ങള്‍ക്കു നാണമില്ലെ ഇങ്ങനെ ക്ലാസ്സു "cut" ചെയ്യാന്‍. അപ്പനും അമ്മയും കഷ്ട്പ്പെട്ടു പഠിപ്പിക്കുന്നതിനു നിങ്ങള്‍ക്കു ഒരു വിലയും ഇല്ലെ. ..ബ്ലാ..ബ്ലാ....ബ്ലാ...


ഒരുപദേശ ഗുണദോഷ മഹാമേരു തീര്‍‌ത്തു അവന്‍, പത്തു മിനിട്ടു കൊണ്ട്.
ക്ഷമ" വളരേ അത്യാവശ്യമായ ഒന്നാണു എന്നു മനസ്സിലാകാത്ത ഒരു മഹാന്‍ (കുട്ടപ്പന്‍ എന്നു വിളിക്കാം) കോമളനിട്ടൊരു മറുപടി. "ഡാ..നീ അധികം ഒലത്തല്ലേ. വേണേല്‍ ഞങ്ങള്‍ കോളേജിനകത്തു PUBLIC ആയിട്ടു കളിക്കും. BET ഉണ്ടാ....." ....


"ലപ്പൊ ലോണ്ടെ ലവന്‍....കോമളന്‍..."ഉണ്ടെടാ..BET ഉണ്ട്...നീ ഒക്കെ കോളേജിനകത്തു PUBLIC ആയിട്ടു സാറന്മാരുടെ മുന്‍പില്‍ വെച്ചു ചീട്ടു കളിക്കാമെങ്കില്‍ ഒരാള്‍ക്കു 100 രൂപാ വെച്ചു ഞാന്‍ തരും. മൂന്നു മാസത്തിനകം സംഗതി നടന്നില്ലേല്‍ നിങ്ങള്‍ ഓരോരുത്തരും 100 രൂപാ വെച്ചു എനിക്കു തരണം. എന്താ ഏറ്റോ...?" കോമളന്‍ നിറ്ത്തുന്നതിനു മുന്‍പെ കുട്ടപ്പന്‍ ഏറ്റു പിടിച്ചു. "ശരിയെടാ മൂന്നു മാസത്തിനകം ഞങ്ങള്‍ ഇത് നടത്തിയിരിക്കും..കാണണോടാ....?" ശരി കാണാമെന്നും പറഞ്ഞും കൊണ്ട് കോമളന്‍ വെളിച്ചപ്പാടു കണക്കു തുള്ളിക്കൊണ്ട് പോയി.


10 മിനിട്ടു കൊണ്ട് "Micheal Jackson" ന്റെ "Rock nite" പോലെ ഉണ്ടാരുന്ന അന്തരീക്ഷത്തെ ശെമ്മാങ്കുടിയുടെ കച്ചേരി സദ്സ്സ് പോലെയാക്കിയിട്ട് നടന്നു പോകുന്ന കോമളനെ നോക്കി ഞങ്ങള്‍ ഒരു നിമിഷം അങ്ങനെ നിന്നു. അഞ്ചു പേരും ഒരുമിച്ചാണു കുട്ടപ്പനെ നോക്കിയതു. "ക്രൂരമായ" കണ്ണുകളുമായി ലവന്റെ പോക്കുനോക്കി നില്‍ക്കുന്ന കുട്ടപ്പന്റെ മുഖത്തു എന്തൊരു ശൗര്യം. സാറന്മാരുടെ മുമ്പില്‍ കളിക്കാമത്രെ....പിന്നെ വീട്ടിലിരുന്നോണ്ടു എന്നും കളിക്കാം. അവന്റെ ഒരു BET .


ആദ്യത്തെ തെറി എന്റെ വക ആരുന്നു. അതു കേട്ടിട്ടാണു കുട്ടപ്പനു ബോധം വന്നതു. പിന്നെ തെറിയഭിഷേകം....."ഡാ .....മോനെ.. കാഷ് നിന്റെ അപ്പന്‍‌‍ ഒണ്ടാക്കുമോടാ...പിന്നേം.."മോനെ"..വിളി...പരിസരം മറന്നു ഞങ്ങള്‍ ഒരു പത്ത് മിനിട്ടു അവനെ വറുത്തെടുത്തു..


എല്ലാം കേട്ടു "WONDER" അടിച്ചു നിക്കുന്ന കുട്ടപ്പന്റെ ആ രൂപം ഇന്നും എന്റെ മനസ്സില്‍ നിന്നും പോയിട്ടില്ല. ഒരു 2 minute അവന്‍ അങ്ങനെ നിന്നു. പരിസരം ശാന്തം....ഞങ്ങള്‍ അഞ്ചു പേരുടേയും കണ്ണുകളിലേക്കു അവന്‍ മാറി മാറി നോക്കി. എന്നിട്ടു തല കുനിച്ചു തിരിഞ്ഞു നിന്നു..പിന്നെ complete "CENTI.....". അവന്‍ ഗദ്ഗ്ദത്തോടെ പറഞ്ഞു. ..."മതിയെടാ...എല്ലാം മതി. ആ തെണ്ടിയുടെ മുമ്പില്‍ കൊച്ചാകണ്ടാന്നു കരുതി ഞാനെന്തോ പറഞ്ഞു. നമ്മള്‍ ആറും ഒന്നാണെന്നു ഞാന്‍ കരുതി. വെറും 100 രൂപായ്ക്കു നിങ്ങള്‍...........ഞാന്‍ കൊടുത്തോളാം രൂപ...തെണ്ടീട്ടാണെങ്കിലും...." അവന്‍ നിര്‍ത്തി...കണ്ണു തുടച്ചു... പരിസരം പിന്നേം ശാന്തം..... തെറി തുടങ്ങിയതു എന്റെ വായീന്നായതു കൊണ്ട് സമാധാത്തിന്റെ ഭാഷയും ഞാന്‍ തന്നെ ആദ്യം എടുക്കേണ്ടി വന്നു.


ഒരു തരത്തിലാണു അവനെ ഞങ്ങള്‍ സമാധാനിപ്പിച്ചത്. പിന്നീടു ഞങ്ങളുടെ വാസ സ്ഥലത്തേക്കു പോയി. "പോക്കാശ്രമം" എന്നാരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ പേരു (ഞങ്ങളുടെ GANG ന്റെ പേരു "പോക്കാസ്സ്" എന്നാരുന്നേ. അതു കൊണ്ട് "PRINCIPAL" ഇട്ട പേരാണു "പോക്കാശ്രമം". )അവിടിരിന്നു എങ്ങനെ BET ജയിക്കും എന്നായി ചിന്ത. ദിവസങ്ങള്‍ അടര്‍‌ന്നു വീണിട്ടും ഒരു വഴി തുറന്നു കിട്ടിയില്ല. ഏതാണ്ടു ഒന്നൊന്നൊര മാസം കഴിഞ്ഞു. ഞങ്ങള്‍ ശരിക്കും ആ സംഭവം മറന്നു തുടങ്ങി.


ഞങ്ങളുടെ "Youth festival" തുടങ്ങി. മൂന്നു ദിവസം നീണ്ട് നില്‍ക്കുന്നതാണു Youth festival . ഞങ്ങള്‍ പോക്കാസ്സിന്റെ വക "തല്ലിപ്പൊളിത്തരങ്ങള്‍" എല്ലാ വര്‍ഷവും ഉള്ളതാണു. അത്തവണയും അതിനു യാതോരു കുറവും വരുത്തിയില്ല. Final Year ആയതുകൊണ്ട് "കൂടിയതേ" ഉള്ളു.
"BET"ന്റെ കാര്യം ആരു മറന്നാലും "ല്ല ലവന്‍" മറക്കില്ലല്ലൊ. രണ്ടാം ദിവസം "canteen" ല്‍ വെച്ചു മച്ചാനു ഞങ്ങളെ പരുവത്തിനു കിട്ടി. ഒരു പത്തു പെണ്‍കുട്ടികളെങ്കിലും ഉണ്ടാരുന്നു അവിടെ. ശരിക്കും പണിഞ്ഞു അവന്‍‌‍ ഞങ്ങള്‍ക്കിട്ടു. ഒരുരുള ചോറ് അവന്‍ ഞങ്ങളെ കൊണ്ട് തീറ്റിച്ചില്ല.
പെട്ടെന്നാണു ഇരുന്നിടത്തൂന്നു ഞങ്ങളില്‍ ഒരുത്തന്‍ ചാടിയെഴുന്നേറ്റതു. ഞാനൊന്നു ഞെട്ടി. ഇവന്‍ ലവനിട്ടു "താങ്ങാന്‍" പോവ്വാണോ. ഒരു നൂല്‍കമ്പി കണക്കുള്ള കോമളനെ ഒന്നൂതിയാല്‍ മതി അവനെ പിന്നെ രണ്ട് മൈല്‍ ദൂരെ നിന്നു വേണം പറക്കിയെടുക്കാന്‍. പക്ഷെ എന്നീറ്റവന്‍ നേരെ കാന്റീനു വെളിയിലേക്കു പോയി. അവിടെ നിന്ന് അവന്‍ ഞങ്ങളെ പുറത്തേക്കു വെരാന്‍ ആംഗ്യം കാണിച്ചു.



ഞങ്ങളെ നോക്കി ചിരിക്കുന്ന ചോറിനോടു ഞങ്ങളും ഒരു വളിച്ച ചിരി പാസാക്കിയിട്ടു എഴുന്നെറ്റു പുറത്തേക്കു പോയി. ഹിമാലയം കീഴടക്കിയ ഭാവമാരുന്നു അവന്റേതു. "എന്താടാ കാര്യം" എന്നു ചോദിക്കുന്നതിനു മുമ്പേ അവന്‍ "അളിയാ വാടാ" എന്നും പറഞ്ഞു നടന്നു...."Forest" ലേക്കു.... "സഥലം" എത്തിയതും അവന്‍ ആവേശത്തോടെ പറഞ്ഞു (കുട്ടപ്പനെ നോക്കിക്കൊണ്ടു) "അളിയാ നമ്മളു കളിക്കും അതും എല്ലാവരുടേം മുമ്പിവെച്ചു. ഇന്നു...ഇപ്പോ."....


"എങ്ങനെ..?" ഞങ്ങള്‍ 5 പേരും ഒരു പോലെ അമ്പരന്നു.


അവന്‍ ഞങ്ങളോടായി "അതു പറഞ്ഞു" ....രഹസ്സ്യമായി....


ആയിരം വാട്സ്സിന്റെ 5 "BULB" ഒന്നിച്ചു കത്തിയ പ്രകാശത്താല്‍ സൂര്യഭഗവാന്‍ അറിയതെ ഒന്നു കണ്ണു ചിമ്മി പോയി.


പിന്നെ ഒരൊറ്റ ഓട്ടമാരുന്നു ആറും കൂടി കോളേജിലേക്കു. ഞങ്ങള്‍ ആദ്യം തേടിയതു "സുരേഷ്" സാറിനെയാണു. പുള്ളിയാണു youth festival സംഘാടകന്‍. ആഡിറ്റോറിയത്തിന്റെ സൈഡില്‍ തന്നെ സാറിനെ ഞങ്ങള്‍ക്കു കണ്ടു കിട്ടി. കുട്ടപ്പനെത്തന്നെ ആ "നിയോഗത്തിനു" പറഞ്ഞു വിട്ടു. അവന്‍ സാറിന്റെ അടുത്ത് ചെല്ലുന്നതും സംസാരിക്കുന്നതും ഞങ്ങള്‍ ശ്വാസം വിടാതെ നോക്കി നിന്നു. അവന്‍ തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കാകാംക്ഷയേറി. അവന്‍ പറഞ്ഞു "അളിയാ. സാറു സമ്മതിച്ചു...ഇനി വെറും 20 മിനിട്ടേ സമയം ഉള്ളു..ഞാനെന്തായാലും പേരു കൊടുത്തു....പക്ഷെ "സാധനം" വീട്ടില്‍ ഇരിക്കുവാ...എടുത്തോണ്ടു വെരാന്‍ പോയാല്‍ സമയം പോകും."...



പോക്കാശ്രമത്തിലെത്താന്‍ ഏകദേശം മൂന്നു കി.മി. പോകണം.
ഞാന്‍ കൂടുതല്‍ ഒന്നും ആലോചിചില്ല. എല്ലാവരുടേം "pocket" തപ്പി. ഒരമ്പതു രൂപ ഒത്തു. രൂപ കുട്ടപ്പന്റെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. "നീ പോയി സാധനം വാങ്ങീട്ടു വാ...ബാക്കി കടം പറ....ഞങ്ങള്‍ ബിജു ചേട്ടന്റെ വീട്ടില്‍ പോയി മറ്റുള്ളതു ഒപ്പിക്കാം. കേള്‍ക്കാത്ത പാതി അവന്‍ ഓടി. അവന്‍ എങ്ങനെ "പറന്നാലും" പത്തു മിനിട്ടെങ്കിലും എടുക്കും തിരിച്ചെത്താന്‍. അങ്ങോട്ടും ഇങ്ങോട്ടും കൂടി ഒന്നൊന്നര കി.മിറ്ററുണ്ട്.



ഞങ്ങള്‍ "എല്ലാം" കൊണ്ടു തിരിച്ചെത്തിയിട്ടും പിന്നേം 5 മിനിട്ടു കഴിഞ്ഞിട്ടാണു കുട്ടപ്പന്‍ വന്നതു. ഞങ്ങള്‍ നേരെ ആഡിറ്റോറിയം ലക്ഷ്യമാക്കി ഓടി. സുരേഷ് സാര്‍ ഞങ്ങളെ കണ്ടതും അടിമുടി ഒന്നു നോക്കി. "എന്താണു മക്കളെ പരുപാടി"....ദേ പോക്ക്രിത്തരം വല്ലതും കാണിച്ചാലാ... എന്റെ കൊണം മാറും". ഞങ്ങടെ വേഷവിധാനം കണ്ടിട്ടാവണം സാറങ്ങനെ ചോദിച്ചതു. ഒറ്റ വാക്കില്‍ ഞങ്ങടെ വേഷത്തെ പറ്റി പറയാനാണെങ്കില്‍ "തങ്കത്തറ" യില്‍ കുറഞ്ഞതൊന്നും മലയാളം dictionary ല്‍ കാണില്ല. തലയില്‍ കെട്ടും മുഷിഞ്ഞ കൈലിയും ഇന്നര്‍ബനിയനും.... കൈലി താത്ത് ഭവ്വ്യതയോടെയാണു ഞങ്ങടെ നിപ്പു. ഞങ്ങടെ മുഖത്ത് നിന്നും നിശ്കളങ്കമായ ഒരു ചിരി മാത്രമേ സാറിനു കിട്ടിയുള്ളു. സാര്‍‌ തുടര്‍‌ന്നു.."ഡാ പരുപാടി തുടങ്ങി...മൂന്നു ഗ്രൂപ്പേ ഉള്ളു.... ആദ്യത്തെതാ നടക്കുന്നെ..നീയൊക്കെ വരുത്തില്ല എന്നാ ഞാന്‍ കരുതിയേ...."


ഞാന്‍ സ്റ്റേജിനകത്തേക്കു നോക്കി. ഒരേ പോലെ വേഷം ധരിച്ചു കുറേ കുട്ടികള്‍ (second years) എന്തോക്കെയോ കാട്ടി കൂട്ടുന്നു. "താഴോട്ടു നോക്കുന്നൂ.. മേലോട്ടു നോക്കുന്നൂ.. ചരിയുന്നു മറിയുന്നു......സദസ്സിലുള്ളവര്‍ വായും പൊളിചിരിക്കുന്നു"..എനിക്കൊരു പുല്ലും മനസ്സിലായില്ല. ഞാന്‍ പതുക്കെ തിരിഞ്ഞു കുട്ടപ്പനോടു ചോദിച്ചു.."എല്ലം എടുത്തല്ലൊ ല്ലെ..?..അവന്‍ "ഹും.." എന്നും പറഞ്ഞു കൈലുള്ള കവര്‍ തപ്പി. അവന്റെ തപ്പലിലെന്തോ പന്തികേടു തോന്നിയ ഞാന്‍ കവറ് വാങ്ങി നോക്കി. അവന്‍ പരുങ്ങിയതിന്റെ പൊരുള്‍ മനസ്സിലായ എന്റെ കണ്ണില്‍ തീപാറി..അവനെ തൂക്കിയെടുത്തോണ്ട് ഞാന്‍ "staircase" ന്റെ അടുത്തേക്കു പോയി. ഞാന്‍ അലറുകയായിരുന്നു.


"ചീട്ടെന്തെയേടാ....................?"


അവന്‍ പതുക്കെ പറഞ്ഞു "അളിയാ അതു..അതു...Forest" ല്‍ ഇരിക്കുവാ....രൂക്ഷമായി അവനെ ഒന്നു നോക്കുയിട്ടു ഞാന്‍ ഓടി. അവിടെ ചെന്നു സാധാരണ വെയ്യ്ക്കുന്ന സ്ഥലത്തു നോക്കിയപ്പോള്‍ അവിടെ കാണുന്നില്ല.... അവിടൊക്കെ ഞാന്‍ തപ്പി.....അവിടെ എവിടെയും കാണാനില്ല. എനിക്ക് ഭ്രാന്തു പിടിക്കുന്നതു പോലെ തോന്നി. ഞാന്‍ ചുറ്റുപാടും കണ്ണോടിച്ചു. അപ്പൊ കുറച്ചു മാറി കുറെ തലകള്‍....ഞാന്‍ അടുത്തെക്കു ചെന്നു നോക്കി. നാലു second year പിള്ളേരിരുന്നു കളിക്കുന്നു. അതും ഞങ്ങടെ ചീട്ടും കൊണ്ട്. കണ്ണില്‍ അഗ്നിഗോളം കൊണ്ട് നിക്കുന്ന എന്നെ കണ്ടതും പള്ളേരു ഞെട്ടി.


"ആരോടു ചോദിച്ചിട്ടാടാ ചീട്ടെടുത്തെ, കഴുതകളേ....."ഞാന്‍ അലറി....കണ്ണു തുറക്കുന്നതിനു മുമ്പു നാലു വഴിക്കായിട്ട് അവന്മാരു പറന്നു....ചിതറി കിടക്കുന്ന ചീട്ടുകളില്‍ കൈയ്യില്‍ കിട്ടിയതും എടുത്തോണ്ടു ഞാന്‍ തിരിഞ്ഞോടി.


തിരിച്ചു ചെന്നു നോക്കിയപ്പോള്‍ അവിടെ ആരെയും കണ്ടില്ല. ഞാന്‍ സ്റ്റേജിലേക്കുള്ള വാതിലിനടുത്തേക്കു ചെന്നു. സ്റ്റേജിലേക്കു നോക്കിയപ്പോള്‍ അഞ്ചും കൂടെ അതിനു നടുക്കു കുത്തിയിരിക്കുന്നു. സൈഡില്‍ ഇരിക്കുന്ന സുരേഷ് സാറിനെ ഞാന്‍ ഒന്നു നോക്കി. എന്നിട്ടൊട്ടും ആലോചിക്കാതെ സ്റ്റേജിലേക്കു ചാടിക്കയറി മുണ്ടും മടക്കിക്കുത്തി അവരുടെ കൂടെ ഇരുന്നു.
എന്നെ കണ്ടതും പറഞ്ഞു വെച്ചത് പോലെ അവര്‍ എന്റെയടുത്ത് ദേഷ്യപ്പെടുന്നതു പോലെ അഭിനയിച്ചു. താമസിച്ചു വന്നതിന്റെ ദേഷ്യം തീര്‍ക്കുന്നതായീട്ടാണു അവര്‍ ആംഗ്യം കാണിക്കുന്നതു. സംഗതി എനിക്കു "കത്തി".


സോറി പറയുന്നത് പോലെ ഞാനും കാണിച്ചു. കുട്ടപ്പന്‍ എന്റെ കയ്യീന്നു ചീട്ട് വാങ്ങി "കുത്താന്‍" തുടങ്ങി. സദസ്സിനു എതിരായി ഇരുന്നതു കൊണ്ടു എന്റെ കണ്ണുകള്‍ കോമളനു വേണ്ടി തിരഞ്ഞു...... ഉണ്ട്....മൂങ്ങയുടെ കണ്ണുകളുമായി അവന്‍ വലത്തേയറ്റത്ത് തന്നെ ഉണ്ട്....ചീട്ടിടുന്ന കുട്ടപ്പന്റെ ചുണ്ടില്‍ ഇതിനകം ഒരു സിഗരറ്റ് എരിഞ്ഞു തുടങ്ങി.


ഞങ്ങള്‍ കളി തുടങ്ങി. സുരേഷ് സാറിന്റെ വക എതിര്‍പ്പൊന്നും ഇതു വരെ വന്നിട്ടില്ല. ഞങ്ങളുടെ ആകെ ഭയം അതു മാത്രം ആണു. ഒരു കൈ കഴിഞ്ഞു. രണ്ടാം "Round" തുടങ്ങുന്നതിനു മുമ്പു "സാധനം" കവറീന്നു വെളിയിലെടുത്തു. ആറു ഗ്ലാസ്സും നിരന്നു. നിമിഷ നേരം കൊണ്ട് എല്ലാം നിറഞ്ഞു തുളുമ്പി. "ചിയേഴ്സ്സു" പറഞ്ഞു ഒറ്റയടിയില്‍ എല്ലാരും ഗ്ലാസ്സു തീര്‍ത്തു. തുറന്നു വെച്ച അച്ചാര്‍ കവറില്‍ വിരല്‍ തൊട്ടു വായില്‍ വെച്ചു. "ഹാ.." എന്നൊരു ശബ്ദവും സ്റ്റേജില്‍ നിന്നും ഉയര്‍ന്നു.


അടുത്ത "Round" ഇട്ടതു ഞാനാണു. കളിക്കിടയില്‍ ഞാനും കുട്ടപ്പനും ഒന്നും രണ്ടും പറഞ്ഞു (ഒണ്‍ലി ആംഗ്യ ഭാഷ) കൈയ്യാങ്കളിയായി. ആകെ ഭഹളം,,, നിശബ്ദമായ ഭഹളം.... ശ്വാസമടക്കി ഇരിക്കുന്ന സദസ്സ്. ബാക്കി നാലു പേര്‍ ഞങ്ങളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നു. അവസാനം കലി മൂത്ത ഞാന്‍ അരയില്‍ നിന്നും കത്തിയെടുത്തു  കുട്ടപ്പന്റെ  നെഞ്ചിലേക്കു ആഞ്ഞു കുത്തി.


കോര്‍പറേഷന്‍ പൈപ്പ് പൊട്ടിയതു പോലെ അവന്റെ നെഞ്ചില്‍ നിന്നും "ചോര" ചീറ്റി. എല്ലാവരും പുറകോട്ടു മാറി. ഊരിയ കത്തിയുമായി ഞാന്‍ പകച്ചു നിന്നു. ഞാന്‍ ചുറ്റിനും നോക്കി. കൂടെയിണ്ടാരുന്ന ആരെയും അവിടെ കാണുന്നില്ല. സദസ്സിനിടയിലൂടെ ഓടിയകലുന്ന അവരെ ഞാന്‍ കണ്ടു. പകുതി പെണ്‍കുട്ടികളും എഴുന്നേറ്റ് നില്‍‍ക്കുകയാണു. അവര്‍ ഓടിയകലുന്നവരെ നോക്കി നില്പ്പാണു. എല്ലാവരുടേം മുഖത്തു ഭീതിയുടെ നിഴല്‍ കാണാം.
സ്റ്റേജില്‍ ഞാനും, തറയിലേക്കു വേച്ചു വേച്ചു വീഴുന്ന കുട്ടപ്പനും മാത്രം. എന്റെ നേരെ അവന്‍ വലത്തേ കൈ നീട്ടുന്നു. ചോര വാര്‍ന്നൊഴുകുകയാണു.. ഞാന്‍ പതുക്കെ പതുക്കെ പുറകോട്ടു മാറി. എന്നിട്ടു തിരിഞ്ഞു ഓടി. സുരേഷ് സാറിന്റെ അടുത്തെത്തി "എന്നെ രക്ഷിക്കണം" എന്ന ഭാവത്തോടെ നിന്നു. കത്തി സാറിന്റെ കൈയ്യില്‍ ബലമായി പിടിപ്പിച്ചു. അദ്ദേഹം തന്റെ കൈയ്യിലിരിക്കുന്ന കത്തിയിലേക്കൊന്നു നോക്കി എന്നിട്ടു നല്ല വറുത്ത ചിക്കന്‍ കൈ കൊണ്ടെടുത്ത ശുദ്ദബ്രാഹ്മണനെ പോലെ കത്തി താഴെക്കിട്ടു അമ്പരപ്പോടെ എന്നെ നോക്കി. ഞാന്‍ സാറിനെ ഭയത്തോടെ ഒന്നു കൂടി നോക്കിയിട്ട് പുറത്തേക്കോടി. സാര്‍ തിരിഞ്ഞു സ്റ്റേജിലേക്കു. തറയില്‍ കിടന്നു പിടയുന്ന കുട്ടപ്പന്റെ കൈ പതുക്കെ കവറിനുള്ളിലേക്കു പോയി. അതില്‍ നിന്നും അവന്‍ ഒരു "BOARD" വിറയലോടെ എടുത്തു സദസ്സിനെ പൊക്കി കാണിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു....


"ചീട്ടുകളിയും മദ്യപാനവും സുഹ്രുത്ത്ബന്ധത്തേയും അതിലുപരി സമൂഹത്തെയും തകര്‍ക്കും..അതിനെ ഒഴിവാക്കൂ....."


അവന്റെ കണ്ണുകള്‍ പതിയെ അടഞ്ഞു. പുറത്തേക്കോടിയ ഞാന്‍ ഇതിനകം തന്നെ തിരിച്ചു വന്നിരിന്നു. കര്‍‌ട്ടന്‍ "handle" ചെയ്തിരുന്ന "first year" പയ്യനോടു "ഇടടാ കര്‍‌ട്ടന്‍" എന്നു ഞാന്‍ ആംഗ്യം കാണിച്ചു. അവനതു കാണണ്ട താമസം ഡിപ്പ് എന്നു കര്‍‌ട്ടന്‍ വീണു. കര്‍‌ട്ടന്‍ വീണതും ഞാന്‍ സ്റ്റേജിനകത്തേക്കു ചാടിക്കയറി കുട്ടപ്പനെയും തട്ടി ഉണര്‍ത്തി എല്ലം പറക്കിക്കെട്ടി തിരിഞ്ഞോടി. ഓടുന്ന വഴിയില്‍ സുരെഷ് സാറിനെ ഞാന്‍ ഒളികണ്ണിട്ടു ഒന്നു നോക്കി. അപ്പോഴും പുള്ളിയുടെ അമ്പരപ്പ് മാറിയിട്ടില്ല. ഞങ്ങള്‍ ഓട്ടം നിര്‍‌ത്തിയതു കാന്റീനില്‍ ചെന്നിട്ടാണു. അവിടെ ഞങ്ങളെയും കാത്തു അവര്‍ നില്പ്പുണ്ടാരുന്നു.



അവര്‍ ആകാംക്ഷയോടെ ചോദിച്ചു.."അളിയാ..എന്തായി".....
"എന്താകാന്‍....complete അമ്പരപ്പാണു...പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞിട്ടങ്ങോട്ടു പോയാല്‍ മതി. സാറിന്റെ കൈയ്യലോട്ടു നമ്മളെ ഇപ്പൊ കിട്ടിയാല്‍...ചിലപ്പോള്‍ പണിയാകും...." ഞാന്‍ പറഞ്ഞു. ഒരു ഇരുപതു മിനിട്ടു കഴിഞ്ഞിട്ടാണു ഞങ്ങള്‍ കാന്റീന്‍ വിട്ടതു. സാധനങ്ങളൊക്കെ അവിടെത്തന്നെ വച്ചു. കോളേജ് പൂമുഖത്തെക്കു ചെന്നപ്പോള്‍ തൂണും ചാരി നഘവും കടിച്ചു കൊണ്ടു ഒരുത്തന്‍ നില്‍ക്കുന്നു...."കോമളന്‍"...


നെറ്റിപ്പട്ടം കെട്ടിയ ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ഞങ്ങള്‍ അവന്റെയ്ടുത്തേക്കു നടന്നടുത്തു..പരിസരം ശൂന്യമാണു...അവന്‍ ഞങ്ങളെ കണ്ടതും....മദം പിടിച്ച ഒറ്റക്കൊമ്പന്റെ മുമ്പില്‍ പെട്ട പതിനാറുകാരന്റെ അവസ്ഥ പോലെയായി. ഞങ്ങളുടെ കണ്ണുകളിലെ ഭീകരഭാവത്തെ താങ്ങാന്‍ അവനു കഴിഞ്ഞില്ല. അവന്‍ തല താഴ്ത്തി നിന്നു. കുട്ടപ്പന്‍ അവന്റെ അടുത്തേക്കു ചെന്നു തന്റെ വലത്തേ കൈ നീട്ടി നിന്നു. കോമളന്‍ അവനെ ഒന്നു ദയനീയമായി നോക്കി. കുട്ടപ്പന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ല. അവന്‍ കൈ ഒന്നൂടെ കോമളന്റെ അടുത്തേക്കു നീട്ടി. ഒരു രക്ഷയും ഇല്ല എന്നു മനസ്സിലാക്കിയ കോമളന്‍ തന്റെ purse എടുത്ത് അതില്‍ നിന്നും 600 രൂപാ നുള്ളിപ്പറുക്കി കുട്ടപ്പന്റെ കൈയ്യില്‍ കൊടുത്തു. അതും വാങ്ങി തന്റെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു പത്തു രൂപ എടുത്തു കോമളന്റെ പോക്കറ്റിലേക്കിട്ടിട്ട് പറഞ്ഞു. "ഇതു നീ വണ്ടിക്കൂലിയായി വെച്ചോ.." എന്നിട്ടു ക്രൂരമായ ഒരു ചിരിയും പാസാക്കി....അപ്പോഴാണു ഒരു "Announcement" കേട്ടതു.


"കുറച്ചു മുമ്പു നടന്ന മൈം ഷോയില്‍ ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നത് Mr.Ranjith & Group, Second mechanical. നല്ല കൈയ്യടി ശബ്ദം....



Announcement തുടരുന്നു....രണ്ടാം സ്ഥാനം Mr.കുട്ടപ്പന്‍ (ഒറിജിനല്‍ പേരാണു വിളിച്ചതു കേട്ടോ) & Group.... വീണ്ടും കയ്യടി..കൂടെ കൂവലും.....


വരാലു ചാടുന്നതു പോലെ കുട്ടപ്പന്‍ ഒരൊറ്റ ചാട്ടം....എന്നിട്ട് രണ്ടു കൈയും പൊക്കി കൂവിക്കൊണ്ട് ഒറ്റ ഓട്ടമാരുന്നു നേരെ ആഡിട്ടോറിയത്തിലേക്കു. ഞങ്ങളും പുറകേ പോയി....കോമളനെ ഞങ്ങള്‍ ഒരു നിമിഷം മറന്നു...ചെന്നു പെട്ടതു സുരേഷ് സാറിന്റെ മുന്നില്‍....ശകലം അങ്കലാപ്പോടെയാണു ഞങ്ങള്‍ നിന്നതു. എല്ലാരേയും പുള്ളി ഒന്നു നോക്കി.



എന്നിട്ടൊരൊറ്റച്ചിരിയാരുന്നു..."ഹ..ഹ..ഹാ"...എന്നു.


അദ്ദേഹം എന്റേം കുട്ടപ്പന്റേം തോളില്‍ കൈയ്യിട്ടിട്ട് പറഞ്ഞു.."ഒക്കെ ഓടിയതു നന്നായി..അന്നേരം എന്റെ കൈയ്യില്‍ കിട്ടിയിരുന്നെല്‍...എല്ലാത്തിനേം ഞാന്‍......പിന്നീടാലോചിച്ചപ്പോ.....എനിക്കു അതിശയമാണു വന്നതു. എത്ര original ആയിട്ടാടാ നീയൊക്കെ അഭിനയിച്ചതു..നീ കത്തി എന്റെ കൈയ്യില്‍ തന്നപ്പോള്‍ ശരിക്കും ഞാനൊന്നു ഞെട്ടി... എങ്ങനെ ഉദിച്ചെടാ നിന്റെയൊക്കെ തലയില്‍ ഇതു...."



ഞങ്ങള്‍ ഒന്നു ചിരിച്ചതേ ഉള്ളു. നടന്നതു പറഞ്ഞാല്‍ ചിലപ്പോള്‍ "forest" ലേക്കുള്ള "പോക്ക്" അങ്ങ് നിക്കും....സാര്‍ ഞങ്ങളേയും കൊണ്ട് പുറത്തേക്കു നടന്നു. "വാടാ..എല്ലാത്തിനും ചായയും വടയും ഇന്നെന്റെ വക.." കാന്റീനിലേക്കുള്ള വഴിയില്‍.. മുമ്പു നിന്ന അതേ സഥാനത്തു നിക്കുന്ന കോമളനെ നോക്കി കുട്ടപ്പന്‍ സാറിനോടു പറഞ്ഞു..അവന്‍ കേള്‍ക്കെ..."സാറെ നമുക്കു കോമളനെയും കൂട്ടിയാലോ..ചായയും വടയും കഴിക്കാന്‍..." . അദ്ദേഹം അവനേം വിളിച്ചു..ഡേയ്...വാടെ...ഇന്നെന്റെ വകയാ...". കോമളന്റെ അപ്പൊഴത്തെ ഭാവം വിശദീകരിക്കാന്‍ മലയാള സാഹിത്യത്തില്‍ ഇന്നും വാചകങ്ങള്‍ തിരയുകയാണു ഞാന്‍..... പകുതി വഴിയില്‍ ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി..അവന്റെ നില്പ്പിനും ഭാവത്തിനും യാതൊരുമാറ്റവും ഇല്ല.


ഒരു അലമ്പിയ ചിരിയവനു സമ്മാനിച്ചു ഞാനെന്റെ വലത്തെ കൈ സാറിന്റെ തോളിലേക്കിട്ടു നടന്നു..കാന്റീന്‍ ലക്ഷ്മായി...ചക്കാത്തിനു ചായയും വടയും തട്ടാന്‍.....

Thursday, March 4, 2010

ആകാനാഗ്രഹിച്ചത് എന്നലായതോ .......

അറിവ് വച്ച കാലം മുതല്‍ കേള്‍ക്കുന്നു ...മോനെ നിനക്കരാവാന ആഗ്രഹം . IAS...?..DOCTOR..? ENGINEER...? എന്നിങ്ങനെ ......വയസ്സില്‍ ഇതൊക്കെ എന്താണെന്നു പോലും അറിയില്ലാരുന്നു . പക്ഷെ ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നത്രെ ...വക്കീലമ്മവന്റെ കൂട്ട് കറുത്ത കോട്ടിട്ടു കോടതിയില്‍ പോണം എന്ന് . അന്ന് ഈ കോടതി എന്താണെന്നു പോലും എനിക്ക് അറിയില്ലാരിക്കും ....അപ്പൂപ്പന്റെ ചോര ആരിക്കും എനിക്കും . അതല്ലേ... എന്‍റെ ആദ്യത്തെ ആഗ്രഹം വക്കീല്‍ ആകണം എന്ന് തന്നെ ആരുന്നു . എന്‍റെ അമ്മാവനും വലിയ ആഗ്രഹം ആരുന്നു ഞാന്‍ വക്കീല്‍ ആകണം എന്ന് . ആയിരുന്നേല്‍ വേറെ സീനിയര്‍ വക്കീലിനെ തിരഞ്ഞു എങ്ങും പോകേണ്ടല്ലോ ....ഇഷ്ടം പോലെ ബുക്സും ഉണ്ട് . ചക്കാത്തിന് എല്ലാം പടിക്കുകേം ചെയ്യാം...അതേ അമ്മാവന്‍ തന്നെ ആണ് എന്‍റെ ഈ ആഗ്രഹത്തിനെ എറിഞ്ഞുടച്ചത്‌ . ..ഒരു ദിവസം വെറുതെ കളിയാക്കി എല്ലാരുടെയും മുന്നില്‍ വെച്ച് പറഞ്ഞു ...ഇവന്‍ കോടതിയില്‍ പോയി പറയുന്നതൊക്കെ ജഡ്ജിക്ക് എങ്ങനെ മനസിലാവും .

ചലപിലച്ചപിലാന്നു ഇവന്റെ പറച്ചില്‍ കേട്ടാല്‍ ജഡ്ജി ഇറങ്ങി ഓടും ..(എന്‍റെ സംസാരത്തിന് ഭയങ്കര സ്പീടാണ്. ചില സമയത്ത് ഞാനെന്താ പറയുന്നെന്നു എനിക്കും മനസ്സിലാവില്ല . ). തമാശയായിട്ടാണ് എല്ലാവരും അതെടുത്തത് . ഞാനൊഴിച്ച്‌ . സത്യം പറഞ്ഞാല്‍ ഞാനന്ന് ഉറങ്ങിയിട്ടില്ല. കണ്ണടച്ചാല്‍ ....ഓടുന്ന ജഡ്ജിയെ കാണും. പിന്നെ എവിടെനിന്നോ വരുന്ന കൂട്ടച്ചിരിയും . എന്തിനധികം വക്കീല് മോഹം അതോടെ "ധിം....."



ഇനിയും ഉണ്ടല്ലോ വേറെയും ഫീല്‍ഡുകള്‍ ..ആരോ പറഞ്ഞു ..ഞാന്‍ മിടുക്കനാ IAS എടുക്കാന്‍ ....പിന്നെ IAS ഇങ്ങനെ കിടക്കുവല്ലേ ..തോട്ടില്‍ ..മുണ്ടിട്ടു പിടിക്കാന്‍ . IAS കിട്ടണമെങ്കില്‍ എന്തോരം കഷ്ട്ടപ്പെടെനം എന്ന് മനസിലാക്കിയ നിമിഷം IAS മോഹം എങ്ങോട്ട് പോയി എന്ന് എനിക്ക് തന്നെ അറിയില്ല. എന്നാലും ഒന്നാഗ്രഹിച്ചു..


ചേര്‍ന്ന കോളേജില്‍ (NSS, PANDALAM) കേറാന്‍ പറ്റാത്ത (കാരണം രഹസ്യം) അവസ്ഥ ആയപ്പോള്‍ ഞാന്‍ ഡിപ്ലോമയ്ക്ക് പോയി...എന്തിനാ പോയെതെന്നു ഇന്നും കണ്ണാടി മുന്നില്‍ നിന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്...എന്‍റെ അതേ ചോദ്യവുമായി എന്‍റെ സുഹൃത്തുക്കളും ജീവിക്കുന്നു. എഞ്ചിനീയര്‍ ആവണം എന്ന് എനിക്ക് യാതൊരു ചിന്തയും അന്നില്ലാരുന്നു .നാട്ടുകാര് എന്തിനാ പഠിക്കുന്നെ എന്ന് ചോദിക്കുമ്പോള്‍ എന്തേലും ഒന്ന് പറയണ്ടേ. ഡിപ്ലോമക്കാരനായ എന്‍റെ അമ്മാവന്റെ നെട്ടോട്ടം കണ്ടിട്ട് എന്ജിനീരെ ആവണ്ടാന്നു പലപ്പോഴും ചിന്തിച്ചത് ആ മൂന്നു വര്ഷം ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ഓര്‍ത്തിട്ടുണ്ട്. എന്നാലും Distinction വാങ്ങിച്ചു ഞാന്‍ പാസ്സായി.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി . എനിക്കും എന്‍റെ ഒരടുത്ത സുഹൃത്തിനും ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും എന്തെങ്കിലും ജോലി ആയി . എന്തോ അവനു തോന്നി AMIE എടുക്കണം എന്ന്. ഞാനും കൂടെ പോയി. ചെന്നന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത് IAS പിന്നേം എളുപ്പമാന്ന്. അവിടുന്ന് ഓടിയ ഞാന്‍ ചെന്ന് നിന്നത് CIPET എന്ന ചെന്നയിലെ വലിയൊരു സ്ഥാപനത്തിലാണ്. അവിടെ ഒരു വര്‍ഷം പ്ലാസ്ടിക്കിനെ പറ്റി പഠിച്ചു. അതിനു ചേര്‍ന്നപ്പോള്‍ എന്തായിത്തീരും എന്ന് എനിക്ക് സത്യമായും അറിയില്ലാരുന്നു.
ഒന്നുമായിത്തീര്‍ന്നില്ല എന്ന് രണ്ടു വര്‍ഷം ജോലി തെണ്ടി നടന്നപ്പോള്‍ (മുംബയില്‍) എനിക്ക് മനസ്സിലായി.

എട്ടു മാസത്തോളം ഒരു കുടുസ്സു മുറിയില്‍ ഞങ്ങള്‍ പന്ത്രണ്ടു പേര്‍. ഉറങ്ങിക്കിടക്കുമ്പോള്‍ അടുത്ത് നിവര്‍ന്നു കിടക്കുന്നവന്‍ ഒന്ന് ചരിഞ്ഞു കിടന്നാല്‍ എനിക്കൊന്നു നിവര്‍ന്നു കിടക്കാമല്ലോ എന്നാഗ്രഹിച്ച എത്രയോ രാത്രികള്‍. മുന്തിയ ഇനങ്ങള്‍ അല്ല ആരും. Aluminium fabricators, plumbers, winders, എന്നിങ്ങനെ സ്നേഹിക്കാന്‍ അറിയാവുന്ന സഹാവാസികള്‍. വക്കീലും IAS ഉം ഒക്കെ ആവാന്‍ ആഗ്രഹിച്ചവന് വയറു വിശന്നാല്‍ ഏതു പണിയും ഐ എ എസ്സിന് തുല്യമെന്ന് പഠിപ്പിച്ച 8 മാസത്തെ മുംബൈ ജീവിതം.
ഒന്ന് നോക്കാന്‍ പോലും ആഗ്രഹിക്കാത്ത സ്ഥലങ്ങളില്‍ ഒരു പ്ലംബറിന്റെ മനസ്സുമായി കയ്യുകള്‍ ഉപയോഗിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ അതിലേക്കു വീണുപൊയൊ എന്നെനിക്കു തോന്നിയിരുന്നു. എന്‍റെ മാത്രം ആഗ്രഹം ആരുന്നോ ഞാന്‍ വലിയ നിലയില്‍ വരണം എന്നത്. എന്നെ സ്നേഹിക്കുന്നവര്‍ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ലേ? ഉറക്കമില്ലാത്ത പല രാത്രികളിലും എന്നെ ഇത് വല്ലാതെ അലട്ടിയിരുന്നു. "ആകാനാഗ്രഹിച്ചത് എന്ത് ..?എന്നലായത് എന്ത്....?" . ഈ ചിന്ത എന്നെ ആദ്യം വല്ലാതെ തളര്‍ത്തി. ഈ അവസ്ഥ AMIE ക്ക് പഠിക്കുന്ന എന്‍റെ ഏറ്റവും നല്ല കൂട്ടുകാരനോടുപോലും പങ്കുവയ്ക്കാന്‍ തോന്നിയില്ല. മുംബയില്‍ വളരെ നല്ല പോസ്സിഷനില്‍ ഇരിക്കുന്നവര്‍.. എന്‍റെ അച്ഛനെ അറിയാവുന്ന ആള്‍ക്കാരും ബന്ദുക്കളും....അവര്‍ക്കും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം മടുത്ത നിമിഷങ്ങള്‍ ആരുന്നു അത്. ചീറിപ്പായുന്ന Electric ട്രെയിനുകളെ നോക്കി പലതിനും ആഗ്രഹിച്ച എന്‍റെ മനസ്സിനെ പിടിച്ചു നിര്‍ത്തിയത് എന്താണ് എന്ന് എനിക്കറിയില്ല.
ഒരു സുപ്രഭാതം ഞാന്‍ കണ്ടത് എന്നിലെ ദൃടമായ ഒരു മനസ്സിനെ ആണ്. അത് എന്നോട് പറഞ്ഞു..പല വട്ടം .... "ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെങ്കില്‍ തന്നെയും നീ ഒരു Diploma Engineer ആണ്. ഇനി നീ ആവണ്ടത് B-tech Engineer ആണ്. സമൂഹം നിനക്ക് വഴി കാട്ടിയില്ലെങ്കില്‍ നീ കണ്ടുപിടിക്കണം നിന്റെ വഴി. ഒരു നിശ്ചയ വരുമാനം ഇല്ലാത്ത എന്‍റെ കുടുംബത്തേക്ക് ഈ തീരുമാനവുമായി ചെന്നപ്പോള്‍, എന്‍റെ അച്ഛന്റെ കയ്യില്‍ അന്ന് 100 രൂപ എടുക്കാനുണ്ടോ എന്നെനിക്കു സംശയമാരുന്നു. ആരുമില്ലത്തവന് ദൈവം തുണ. അതെ, ആ തുണ ഒന്ന് കൊണ്ട് മാത്രമാണ് പ്രതിവര്‍ഷം ഏകദേശം 50000 രൂപ ചിലവിട്ടു അന്ന്യ നാട്ടില്‍ പോയി മൂന്നു വര്‍ഷം കൊണ്ട് B-tech എടുക്കാന്‍ കഴിഞ്ഞത്. എനിക്ക് വിശ്വാസം ഉണ്ട്... എനിക്ക് ശമ്പളം തരുന്ന ഈ കമ്പനിക്ക് ഞാന്‍ ഒരു വിലപ്പെട്ട Engineer ആണ് എന്ന്.

ആകാനാഗ്രഹിച്ചത് ഇതല്ല എങ്കിലും......ഇങ്ങനെ ആയതില്‍ ഞാന്‍ ഇന്ന് വളരെ സന്തുഷ്ട്ടവാനാണ്.