Wednesday, April 28, 2010

ഒരു ജോലി തേടി.............അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ...


രണ്ടാം ഭാഗം ഇവിടെ...

.....ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...

ഗോരേഗാവിലെ ആ കമ്പനിയിലെ നമ്മുടെ "സ്ഥിരം" ആളുടെ ശബ്ദം ഇങ്ങനെ തുടങ്ങി.."MD നാളെ വരും...താങ്കള്‍ നാളെ ഇവിടെ വരൂ..പറ്റുമെങ്കില്‍ നാളെത്തന്നെ ജോയിന്‍ ചെയ്യാം....".

കൊടുംചൂടിലും കുളിര്‍കാറ്റുപോലെ വീശിയടിച്ച ആ വാക്കുകള്‍ക്കു ഞാനറിയാതെ "വരാം" എന്ന മറുപടിയാണു നല്‍കിയതു....(ഹിന്ദിയിലാണ് സംസാരം മുഴുവന്‍.). സംശയത്തോടെ എന്നെ നോക്കുന്ന മാനേജരെ ഞാന്‍ ശ്രദ്ദിക്കാതെ MD-യുടെ മുറി ലക്ഷ്യമാക്കി നടന്നു. അവരെ കാണുന്നതു വരെ എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു..പക്ഷെ അവരെ കണ്ടപ്പോള്‍ എന്റെ വായില്‍ നിന്നും വന്നതിങ്ങനെ..."സര്‍ ..ഞാന്‍ B-Tech-നു അപേക്ഷിച്ചിരുന്നു. അതു ശരിയായി...എനിക്ക് നാട്ടിലേക്കു പോകണം...."

ഒരു പത്തു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം ചോദിച്ചു.."ഏതാണു Discipline...എന്റെ മറുപടി പക്ഷെ പെട്ടെന്നാരുന്നു ..."POLYMER TECHNOLOGY" ..മുഖത്തു നിന്നും കണ്ണാടി ഊരി വച്ചിട്ട് അദ്ദേഹം പറഞ്ഞു.."കൊള്ളാം,,ഞാനും B-Tech in Polymer technology ആണ്..പൂനെ യൂണിവേഴ്സ്സിറ്റിയില്‍ നിന്നും..ഉപരിപഠനം നല്ലതാണു..എപ്പൊഴാണു പോകണ്ടതു..."

"ഇന്നു തന്നെ....." രക്ഷപെടാനുള്ള വ്യഗ്രതയില്‍ എന്റെ ഉത്തരത്തിനു ഇടവേള ആവശ്യമുണ്ടായിരുന്നില്ല....അവരുടെ തന്നെ വണ്ടിയില്‍ എന്നെ തിരിച്ചു കൊണ്ടെത്തിച്ചു...അതിശയഭാവത്തോടെ എന്നെ നോക്കുന്ന എന്റെ "സഹവാസികളോടു ഞാന്‍ കാര്യം  പറഞ്ഞു...."കുടുസ്സി"ന്റെ പ്രത്യേകതകള്‍ വിവരിച്ചു ഞാനാ രാത്രി "സമ്പന്ന"മാക്കി..

രാവിലെ 9.30 മുതല്‍ കാണാന്‍ കൊതിച്ച ആ "German Return MD" രൂപത്തെ വൈകിട്ട് 7.30 വരെ കാണാന്‍ സാധിച്ചില്ല....എന്നെ വിളിച്ചയാള്‍ക്ക് അന്നും ഒരു മറുപടി ഉണ്ടായിരുന്നു....."അദ്ദേഹം ഇന്നു വന്നതല്ലേയുള്ളു..അതായിരിക്കും officil-ലേക്കു വരാഞ്ഞതു..നാളെ എന്തായാലും വരും....എന്നെ ഒന്നു വിളിച്ചിട്ട് നാളെ പോരെ.."

വീണ്ടും എനിക്കതു ലഭിച്ചൂ..........."പ്രതീക്ഷ"...

രണ്ടു ദിവസം ഞാന്‍ സ്ഥിരമായി കേട്ട ഒരു വാചകം ഉണ്ടു...."ഞാന്‍ അങ്ങോട്ട് വിളിക്കാം."....

വിവശനായ ഞാന്‍ മൂന്നാം ദിവസം അങ്ങോട്ടു ചെന്നു..വിളിക്കാതെ..."ഞാനെന്താ ചെയ്യണ്ടെ എന്ന എന്റെ ചോദ്യത്തിനു അയാള്‍ തന്ന മറുപടി എന്റെ കാതില്‍ ആയിരം വട്ടം മുഴങ്ങി..."പുതിയ ഒരു കമ്പനിക്കു വേണ്ടിയാ നിങ്ങളെ സെലെക്‍റ്റ് ചെയ്തത്..പക്ഷെ ഇപ്പൊ MD അതു വേണ്ടാന്നു വച്ചു....

എന്റെ മുഖത്തു നോക്കിയല്ല അയാളതു പറഞ്ഞതു....നിന്നിടം കുഴിഞ്ഞു പാതാള‍ത്തിലേക്കു പോവുകയാണെന്നു എനിക്ക് തോന്നി....

അവിടെ നിന്നും നേരെ എത്തിയത് "അയ്യപ്പ സന്നിധിയില്‍........

കാലുകള്‍ നയിച്ചെടുത്തു മനസ്സെത്തുകയായിരുന്നു....എത്ര നേരം...എത്ര നേരമവിടെ ഇരുന്നു എന്നെനിക്ക് നിശ്ചയമില്ല...

വരുന്ന വഴിയില്‍ ....മുമ്പിലുള്ളതെല്ലാം തട്ടിത്തെറുപ്പിച്ചു ചീറിപ്പാഞ്ഞു നടക്കുന്ന "Suburban train"-കളെ നോക്കി മനസ്സ് കൊതിച്ച "ഉത്തരവാദിത്ത"മില്ലായ്മ്മയ്ക്കു മാപ്പു പറയുക എന്ന ഒരു കര്‍മ്മം കൂടി ഞാനാ സന്നിധിയില്‍ വച്ചു നടത്തി...

ആ സന്നിധിയില്‍ നിന്നും തിരിച്ച് പടികളിറങ്ങുമ്പോള്‍...മനസ്സ് ദൃഡമായ ഒരു പ്രാര്‍ഥനയിലായിരുന്നു.........

"ഇനി ജോലി തേടി അലയുന്ന ഒരു ദിവസവും എന്റെ ജീവിതത്തിലുണ്ടാകരുതു....."

ഇന്നു വരെ ആ നിശ്ചയം പാലിക്കാന്‍ കലിയുഗ വരദന്‍ എന്നെ സഹായിച്ചു..

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍...ഞാന്‍ തേടി നടന്ന "ജോലി"...എന്നെ ഒരിക്കല്‍ നിരാകരിച്ച അതേ നഗരത്തില്‍ നിന്നും, എന്നെ തേടി വന്നു....മാര്‍ച്ചിലെ ഒരു സുപ്രഭാത്തില്‍....KONGU ENGINEERING COLLEGE-പടിപ്പുര കടന്ന്‍........

...........ഇതെഴുതി അവസാനിപ്പിക്കുമ്പോള്‍ എന്നിലെ "B-TECH ENGINEER" ‍ആത്മവിശ്വാസത്തോടെ,...തലയെടുപ്പോടെ നില്‍ക്കുന്നതു ഞാന്‍ കാണുന്നൂ......

ഒരു ജോലി തേടി...............(ഭാഗം...രണ്ട്)

ഒന്നാം ഭാഗം ഇവിടെ....http://adoormanojkumar.blogspot.com/2010/04/blog-post_27.html


.......ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തിലല്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


"CEAT" എന്ന സ്വപ്നത്തിന്റെ അസ്തമനം...."LAY-OFF" എന്ന സാരമായ അര്‍ബുദം ബാധിച്ചു കൊണ്ടിരുന്ന ആ കമ്പനിയില്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തയ്യാറായ ആളുകളെ പോലും അവര്‍ക്കു ആവശ്യമില്ലത്രേ...വളരെ വിഷമത്തോടെ....എന്റെ മനസ്സില്‍ ആ സ്വപ്നത്തിന്റെ വിത്ത് വിതച്ചയാളുടെ ഉള്‍മനസ്സ്... "ഞാന്‍ നന്നായി ശ്രമിച്ചു കുട്ടീ.." എന്നു പറഞ്ഞത് എന്റെ ഹൃദയത്തിനു മനസ്സിലാവേണ്ടതു അത്യാവശ്യമായ ഒന്നായിരുന്നു...ഇപ്പോഴും എന്റെ വരവില്‍ എനിക്കിഷ്ടമുള്ള അവിയലും മീന്‍ കറിയും വച്ചു തരാന്‍ ആ കുടുംബത്തിന് ഉത്സാഹമാണു..അവരോടു എനിക്ക് ഒരു വാക്കേ പറയാനുള്ളൂ....."നന്ദി.."

പിന്നീടു ജോലിക്കായുള്ള ശ്രമം സ്വയം ഏറ്റെടുത്തു..കാണുന്ന എല്ലാ പരസ്സ്യങ്ങള്‍ക്കും അപേക്ഷ അയക്കുക എന്റെ "ഹോബി"യായി മാറി..മുന്‍പരിചയം ഉള്ള ആളുകളെ പോലും വേണ്ടാത്ത ആ കാലഘട്ടത്തില്‍ ആ വര്‍ഷം പഠിച്ചിറങ്ങിയ എന്നെ ആരു പരിഗണിക്കാന്‍....?

താമസിക്കുന്ന മുറിയുടെ എതിര്‍വ‍ശത്തു ഒരു "മെസ്സു"ണ്ട്..രണ്ടും ആലപ്പുഴക്കാരന്‍ ഒരു അച്ചായന്റേതാണു..താലി കെട്ടിയതു അച്ചായനാണെങ്കിലും "ഭര്‍ത്താവു" അമ്മാമ്മയാണു..1000 രൂപായാണു മെസ്സിനും താമസവാടകയുമായി അവര്‍ വാങ്ങിയിരുന്നത്..നാട്ടിലെ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുടുംബത്തിലെ ഇളയ മകന്‍ മുംബൈയിലുണ്ടായിരുന്നു...ചിലവിനുള്ള കാശ് (മാസാമാസം 1200 രൂപാ) ആ ചേട്ടന്‍ എനിക്ക് തരും..എന്റെ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ രൂപാ കൊടുക്കണം..ആ കരാര്‍ തപാല്‍ വകുപ്പിനു ന‍ഷ്ടമുണ്ടാക്കിയെങ്കിലും എന്നെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചിരുന്നു...അധികച്ചിലവിന് മാസാമാസം എന്റെ കയ്യില്‍ ബാക്കി വരുന്നതു 200 രൂപാ....

"ജോലി തെണ്ടല്‍" എന്ന മാമാങ്കം തുടങ്ങിയിട്ട് മാസം രണ്ട് കഴിയുന്നു..ഭാഗ്യം വാതിലില്‍ മുട്ടിയ ഒരു ദിവസം.."Interview" ചെയ്യാനെത്തിയതു ഒരു മലയാളി...എന്നെ അദ്ദേഹത്തിനു നന്നായി ബോധിച്ചു..മാസം 3000 രൂപാ ശമ്പളം ഉറപ്പിച്ചു..നാളെത്തന്നെ ജോലിയില്‍ പ്രവേശിച്ചോട്ടെ എന്ന എന്റെ അപേക്ഷയ്ക്കു "വേണ്ടാ" എന്നദ്ദേഹം പറഞ്ഞതിന്റെ കാരണം "Office Renovation"...

(അമ്മാമ്മയുടെ ഫോണ്‍ നമ്പര്‍ ഞാന്‍ എല്ലവര്‍ക്കും കൊടുക്കും)

മൂന്നാം ദിവസം അദ്ദേഹത്തിന്റെ സ്വരം ഞാന്‍ കേട്ടപ്പോള്‍ തകര്‍ന്നത് എന്റെ മറ്റൊരു പ്രതീക്ഷ.."ആ ജോലിക്കു ഒരു വര്‍ഷം മുന്‍പരിചയമുള്ള ഒരു "B-TECH" കാരന്‍ അതേ ശമ്പളത്തില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറാണു...M.D. യുടെ തീരുമാനത്തെ ചോദ്യം ചെയ്യനുള്ള അധികാരം എനിക്കില്ല സഹോദരാ...സോറി..."

വിധിയെ പഴിക്കുക.....അല്ലതെ എന്തു മാര്‍ഗം...

സ്വയം പഴിച്ചുകൊണ്ടുള്ള മുന്നോട്ടുള്ള ജീവിതം....പല ദിവസവും ഉച്ചഭക്ഷണം രണ്ടു രൂപാ വിലയുണ്ടായിരുന്ന "INDIAN BURGER" എന്നു ഹൈ സൊസൈറ്റിക്കു വിളിക്കാവുന്ന "വടാപ്പാവ്"..അതു കഴിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല,...... ഒരെണ്ണം കഴിച്ചാല്‍ പിന്നെ ഒരു അഞ്ചാറു മണിക്കൂറത്തേക്കു വിശക്കില്ല........

200 രൂപാ തികയാത്ത സമയത്ത് പ്ലംബിംങ്ങും, അലൂമിനിയം ഫാബ്രിക്കേഷനും ഒക്കെ പഠിക്കേണ്ടി വന്നു...ആദ്യമൊക്കെ എന്നെ അവര്‍ക്കു കൊണ്ടുപോകാന്‍ മടിയാരുന്നു..പിന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ അവര്‍ കാണിച്ച സന്‍മനസ്സ് എന്നെ തേടി "ദിവസക്കൂലി" വരാന്‍ തുടങ്ങി...

മാസം ഏകദേശം ആറ് കഴിഞ്ഞു...പ്രതീക്ഷ കൈവിടാതെ ജീവിച്ച എനിക്ക് "ഗോരേഗാവ്" എന്ന സ്ഥലത്തെ ഒരു കമ്പനിയില്‍ മനോഹരമായ ഒരു interview ഒത്ത് കിട്ടി..ഒരു പ്ലാസ്സ്റ്റിക്ക് കമ്പിനിയാണു..ശമ്പളം 5250 രൂപ. പുതുതായി തുടങ്ങുന്ന ഒരു സംരംഭം...... അതിനായി MD ജര്‍മ്മനിയില്‍ പോയിരിക്കുകയാണു..അദ്ദേഹം ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ "Appointment Letter" ല്‍ ഒപ്പിടും.... ആ ദിവസം തന്നെ വേണമെങ്കില്‍ എനിക്ക് ജോയിന്‍ ചെയ്യാം..

"ആഴ്ച്ച"യല്ല കഴിഞ്ഞത്......ആഴ്ച്ചകളാണു........ഓരോരൊ കാരണങ്ങള്‍.....അവസാനം "ഞങ്ങള്‍ അറിയിക്കാം....... ഇനി ഇങ്ങോട്ട് വിളിക്കണ്ടാ".. എന്ന ദൃഡസ്വരം ഞാന്‍ കേള്‍ക്കേണ്ടി വന്നു..

മാസം എട്ട് കഴിയുന്നു...പണ്ടെങ്ങോ നടത്തിയ ഒരു interview-ന്റെ ഫലം വന്നതു അപ്പോഴാണു...മാട്ടുംഗയിലെ അവരുടെ "MAIN OFFICE" ലേക്കു വിളിപ്പിച്ചു. ഒരു മുറിയില്‍ അടങ്ങിയ ആ "MAIN OFFICE"ല്‍ ഭാഗ്യത്തിനു കമ്പനി അവകാശികള്‍ ഉണ്ടായിരുന്നു..ജോലി "ഭീവണ്ടി"ക്കപ്പുറം "കുടുസ്സ്" എന്ന സ്ഥലത്ത്. താമസിക്കാനുള്ള സൗകര്യം അവര്‍ തരും...എനിക്കെന്താലോചിക്കാന്‍..... "ഓക്കെ" പറയുന്നതിനു ഞാനെടുത്ത സമയം ഒരു second.

പിറ്റേന്ന് രാവിലെ അവര്‍ തന്നെ എന്നെ "ഫാക്ടറി"യില്‍ എത്തിച്ചു..മൂന്നു മണിക്കൂര്‍ യാത്രയില്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു...അടൂര്‍ "നയനം" (സിനിമാക്കൊട്ടകയാണേ) ആ ഫാക്ടറിയേക്കാളും വലുതാണു. തുടക്കം ചെറുതില്‍ തന്നെയായിക്കൊള്ളട്ടെ എന്നു ഞാന്‍ ആശ്വസിച്ചു.

വൃക്ഷങ്ങള്‍ക്ക് ഭൃഷ്ട് കല്പ്പിച്ചിരുന്ന ആ വരണ്ട നാട്ടില്‍ എത്ര നാള്‍ വിധിയെന്നെ തളച്ചിടും എന്ന ചിന്തയോടെ നിന്ന എന്നൊടു COMPOUND-ന്റെ വലത്തേയറ്റത്തുള്ള ഒരു ചെറു കൂര ചൂണ്ടിക്കാണിച്ചു കൊണ്ടു അവര്‍ പറഞ്ഞു "പോയി rest എടുത്തോളു...വന്ന അന്നു തന്നെ ജോലിക്കു കേറാതെ വിശ്രമിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍ അവരുടെ അടുത്ത വാചകത്തില്‍ നിന്നും എനിക്ക് മനസ്സിലായി.."ഇന്നു തനിക്ക് നൈറ്റ് ഡ്യൂട്ടിയാണു...8.00 PM മുതല്‍ 8.00 AM വരെ..എല്ലാ "Mould" കളും ഓയില്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്ത് വയ്ക്കുക...അതാണു തന്റെ ആദ്യത്തെ ജോലി". മറുപടി ആവശ്യമില്ലാത്തതു കൊണ്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി....

ഒരു കട്ടിലും അതിനരുകില്‍ ഒരു സ്റ്റൗവ്വും കുറച്ചു പാത്രങ്ങളും അടങ്ങിയ ആ കൊച്ചു മുറിയിലേക്കു കയറുമ്പോള്‍ മനസ്സ് വിശ്രമിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു. എങ്കിലും ആ കയര്‍ കട്ടിലില്‍ കുറെ നേരം കിടന്നു....തെളിഞ്ഞ ആകാശത്തെ കാണാന്‍ അനുവദിക്കാത്തത് "Asbestos" ഷീറ്റുകള്‍..... മഴയില്‍ നിന്നും വെയിലില്‍ നിന്നും എന്നെ സംരക്ഷിക്കാന്‍ പോകുന്നത് അതാണു.

ഒന്നു മയങ്ങിയത് പാത്രങ്ങള്‍ക്കിഷ്ടപെട്ടില്ലേ..? അവര്‍ തമ്മില്‍ എന്തിനു വഴക്കിടുന്നു...കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു "നേപ്പാളി".......കുക്കാണ്....

ഉച്ചയ്ക്ക് "മാനേജര്‍" വന്നപ്പോളാണ് ഉണ്ണാനുള്ള സമയം ആയെന്നു മനസ്സിലായത്...ഭാഗ്യം ആഹാരം മോശമല്ല....

അമ്മാമ്മെ വിളിച്ചു കമ്പനി ഫോണ്‍ നമ്പര്‍ കൊടുത്തു..എന്തോ..വീട്ടില്‍ അറിയിക്കാന്‍ തോന്നിയില്ല..

അവിടുത്തെ കാലാവസ്ഥയെ കുറിച്ചു എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല..തണുപ്പിനു ഇത്ര കാഠിന്യം ഉണ്ടെന്നു ഞാന്‍ അറിഞ്ഞതു രാത്രി ഏകദേശം ഒരു മണിയൊടടുപ്പിച്ചാണു.. ..ക്ലീന്‍ ചെയ്യന്‍ ഓയില്‍ എടുക്കുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നു..ഒരു ഡിപ്ലൊമ ഇഞ്ചിനീയര്‍ ഇതാകുമോ ചെയ്യുക...അറിയില്ല...സംശയങ്ങള്‍ ഒരായിരം മനസ്സില്‍ ഉതിര്‍ന്നു...

പിറ്റെന്നു ഉച്ചയൂണു കഴിഞ്ഞ് മയക്കം മുടക്കിയത് "സാര്‍ സാര്‍" എന്ന വിളിയാരുന്നു. എനിക്കൊരു ഫോണ്‍ കാള്‍ ഉണ്ടെന്നു വന്ന ഒരു ജോലിക്കാരന്‍ പറഞ്ഞു..സമയം ഏകദേശം മൂന്നായെന്നു തോന്നുന്നു..........ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..

അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...


തുടരും..........

Tuesday, April 27, 2010

ഒരു ജോലി തേടി...............(ഭാഗം...ഒന്ന്)

Central Ministry-യുടെ സ്റ്റാമ്പോടു കൂടിയ ആ POST DIPLOMA Certificate-നോടൊപ്പം All India 10th Rank Certificate-ഉം കൂടി എന്റെ കൈയ്യിലേക്കു CIPET-ന്റെ Director തന്നപ്പോള്‍, വലതു കൈ ഒരു shakehand-നായി നീണ്ട അതേ സമയം എന്റെ ഇടതു കരം ആ രണ്ടു സര്‍ട്ടിഫിക്കേറ്റുകളും മറോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു... ഒരായിരം പ്രതീക്ഷകളുടെ സ്വപ്ന സാക്ഷാത്കാരമായി കിട്ടിയ അമൂല്യ നിധി പോലെ........

AD 2000......മുംബെ നഗരം.....

നഗരമധ്യത്തില്‍ കാലെടുത്തു വയ്യ്ക്കുമ്പോള്‍ എന്റെ മനസ്സിനെ ആകെ പൊതിഞ്ഞിരുന്ന കുളിരിനെ നശിപ്പിക്കാന്‍ മുംബെ നഗരത്തിന്റെ കൊടും ചൂടിനായില്ല. ഹാര്‍ദ്ദവമായ സ്വീകരണമായിരുന്നു എന്റെ "കസിന്‍" എനിക്കു നല്‍കിയതു....നാട്ടില്‍ ചുറ്റുമതിലുകളോടു കൂടി വിശാല  മുറ്റം സാക്ഷി നിര്‍ത്തി കമനീയമായ നാലഞ്ചു മുറികളുള്ള ഒരു വലിയ വീടിന്റെ ഉടമസ്ഥരായ ആ കുടുംബം താമസിക്കുന്നതു "1 BHK" എന്ന് വിശേഷണം ഉള്ള ഒരു കൊച്ചു ഫ്ലാറ്റില്‍.....

ഒരു "പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയാത്ത "ജീവിതം" എന്ന അധ്യായം പഠിക്കാന്‍ ആരംഭിച്ചതു അവിടെ നിന്നും...."CEAT" എന്ന ഭീമാകാരനായ Tyre കമ്പനിയില്‍ പ്രവേശനം എന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടി തന്നെയാണു ഞാനാ നഗരത്തില്‍ എത്തിയത്....ആ പ്രതീക്ഷ നല്‍കിയതിന്റെ ഉടമസ്ഥാവകാശം കസിന്റെ ഭര്‍ത്താവിനാണു...

"ഭാര്യ" അല്ലെങ്കില്‍ "അമ്മ" എന്നീ രണ്ടു വാക്കുകള്‍ തന്നെയാണു ഒരു വീട്ടിലെ സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെം, സന്തോഷത്തിന്റെയും മൂലകാരണം എന്നും.. "കുടുംബ സംരക്ഷണം" എന്ന മഹത്തായ ഉത്തരവാദിത്തം അതിന്റെ പൂര്‍ണ്ണ മൂല്യത്തോടെ കാത്തു സൂക്ഷിക്കാന്‍ ഒരു കുടുംബനാഥനെ സഹായിക്കുന്നതു മുകളില്‍ പറഞ്ഞ ആ രണ്ട് വാക്കുകള്‍ക്കു പൂര്‍ണ്ണമായ അര്‍ഥം കൈവരിക്കുമ്പോഴാണു എന്നും
ഞാന്‍ മനസ്സിലാക്കിയതു പതിമൂന്നു ദിവസത്തെ അവിടുത്തെ താമസമാണു.."

പക്ഷെ ജീവിതം ഞാന്‍ കാണാന്‍ തുടങ്ങിയതേ ഉള്ളുവെങ്കിലും അതില്‍ ബിരുദമെടുത്ത എന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നൂ..."അവര്‍ക്കു ശല്യമാകുന്ന ഒരു ദിവസം നീ സൃഷ്ടിക്കരുത്.." ആ വാക്കുകള്‍ എന്നെ അവിടുന്നു മാറണം എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു.. പക്ഷെ എങ്ങോട്ടു..? ഒരു കൂട്ടുകാരന്റെ ചേട്ടന്‍ MALAD എന്ന സ്ഥലത്തുണ്ടാരുന്നു.. ഒരു മലയാളിയേ മറ്റൊരു മലയാളി സഹായിക്കില്ല എന്ന പ്രസ്താവന തെറ്റെന്നു വരുത്തി അദ്ദേഹമെനിക്കൊരു താമസസ്ഥലം കണ്ടുപിടിച്ചു.."കീശ"യിലെന്തുണ്ടോ..അതിനനുസരിച്ചുള്ള ഒരു ജീവിതം തരാന്‍ മുംബെയ്ക്കല്ലാതെ ലോകത്തിലെ മറ്റേതെങ്കിലും നഗരത്തിനു സാധിക്കുമോ എന്നെനിക്കു സംശയമാണു...

50 രൂപാ മുതല്‍ 3000 രൂപാ വരെ മാസവാടകയ്ക്കു താമസിക്കുന്ന ഒരു "ചേരി"യിലാണു എന്റെ സ്വതന്ത്ര താമസം ആരംഭിച്ചതു...
മുംബയിലെ ഒരു "ചേരി" അല്ലെങ്കില്‍ "ചാലുകള്‍"..അതെങ്ങെനെയിരിക്കും എന്നു ഇന്ത്യയിലേക്കു അനവധി "ഓസ്ക്കാര്‍" കൊണ്ടുവരാന്‍ ഒരു "ഹോളിവുഡ്" സിനിമ സഹായിച്ചതിനാല്‍ അധികം വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല....

പതിനൊന്ന് പേര്‍ താമസിക്കുന്ന മുറിയിലേക്കു ഞാന്‍ എന്റെ ഒരെഒരു സ്യൂട്ട്കേസ്സുമായി ആ ഞായറാഴ്ച്ച കടന്നു ചെന്നപ്പോള്‍ കണ്ടതു ചിരിച്ചും തമാശകള്‍ പറഞ്ഞും ചുറ്റുമിരുന്ന് മദ്യസേവ നടത്തുന്ന ഒരു പറ്റം ചെറുപ്പക്കാരെയാണു.. കൂട്ടത്തില്‍ ചെറുപ്പക്കാരിലും ചെരുപ്പമായി ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു "അച്ചായ"നും....

സ്ഥിരം ചോദ്യങ്ങള്‍ തന്നെയാരിക്കും...എന്നെ കണ്ടതും പേരു..സ്ഥലം..ഈ രണ്ടു കാര്യങ്ങള്‍ ആണു അവര്‍ക്കാദ്യം അറിയേണ്ടിയിരുന്നത്...."അടൂര്‍" എന്നു കേട്ടതും ആ കൂട്ടത്തിലൊരാള്‍ ചാടിയെഴുന്നേറ്റു എന്റെ അടുത്തെക്കു വന്നു ...

"അളിയാ..ഞാന്‍ "വയല"ക്കാരനാ ബിനൂന്നാ പേര്..സ്വാഗതം..സുസ്സ്വാഗതം..."

കുഴയുന്ന ആ വാക്കുകള്‍ മനസ്സിലാക്കന്‍ എനിക്കു ബുദ്ധിമുട്ടോന്നും ഉണ്ടായില്ല...ആ ആഘോഷത്തില്‍ പങ്കു ചേരാന്‍ എന്നെ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അതു സ്നേഹപൂര്വ്വം നിരസ്സിക്കുകയെ എനിക്ക് കഴിയിമായിരുന്നുള്ളു...

വന്ന ദിവസം തന്നെ തങ്ങളുടെ "ശര്‍ദ്ദില്‍" ഒരു വിദ്യാഭ്യാസമുള്ളവന്‍ കഴുകേണ്ടി വന്നതിന്റെ അനുകമ്പ അവര്‍ക്കെന്നോടു ആദ്യദിവസങ്ങളില്‍ നന്നായി ഉണ്ടായിരുന്നു.."ഗള്‍ഫ്" എന്ന ഒരെയൊരു സ്വപ്നവും പേറി കഴിയുന്ന സ്നേഹസമ്പന്നരായ കുറെ ആളുകള്‍..ഒരു കുടുംബത്തിലെ എല്ലാ ദുഖങ്ങളും മറക്കാന്‍ കഴിയുന്ന സൗഹൃദാന്തരീക്ഷം...അവിടെ പരിഭവങ്ങളില്ല...കുറ്റം പറച്ചിലുക്കളില്ല...വഴക്കില്ല..നാടകീയത ഇല്ല.....

ആ കൊടും ചൂടില്‍ ഒരാള്‍ മറ്റൊരാളുടെ ദേഹത്തു മുട്ടിയൊരുമ്മി കിടക്കുമ്പോള്‍ ഉറങ്ങാതെ രാവുകള്‍ കഴിച്ചു കൂട്ടിയ ഒരാള്‍ ഞാന്‍ മാത്രം...അതിശയത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നു അവരുടെ നിഷ്കളങ്കമായ ഉറക്കത്തെ..എല്ലു മുറിയേ പണിയെടുത്തിട്ട് അവരിലെ "പ്ലംബിങ്ങും, വയറിങ്ങും, അലൂമിനിയം ഫാബ്രികേഷനും" ഒക്കെ രാത്രിയില്‍ നിശബ്ദരായി ഇരുക്കുന്നത് ഇന്നു ബാക്കി വച്ചതു നാളെത്തന്നെ തീര്‍ക്കണം എന്ന ലക്ഷ്യബോധത്തോടെയായിരിക്കണം..അങ്ങനെ ഒരു വിജംഭിതമായ ഒരു ആവശ്യവും എനിക്കില്ലാഞ്ഞതു കൊണ്ടാകാം ഉറക്കം തഴുകാത്ത കുറേ രാത്രികള്‍ മുംബെ എനിക്ക് സമ്മാനിച്ചതു..

"CEAT" എന്ന സ്വപ്നവുമായി ഞാന്‍ കഴിച്ചു കൂട്ടിയതു ഒരു മാസം..ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തില്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


തുടരും...........

Friday, April 23, 2010

ഒരു "ടാര്‍സ്സണ്‍" വിളയാട്ട്

ഒരു ഏഴാം ക്ലാസ്സുകാരന്റെ  മനസ്സില്‍ ആരൊക്കെയാരിക്കും "HEROES". ബാറ്റ് മാന്‍, സൂപ്പര്‍ മാന്‍, സ്പൈഡര്‍ മാന്‍..........അല്ലെ. ഇവരൊക്കെ തന്നാരുന്നു എന്റെം ഇഷ്ട നായകന്മാര്‍...അന്നൊരു പക്ഷെ "മംഗലശ്ശേരി നീലകണ്ടന്‍" അവതരിക്കാത്തതു കൊണ്ടാകും ഞാനേറ്റവും കൂടുതല്‍ ആരാധിച്ചിരുന്നത് "ടാര്‍സ്സണെയാണു". കാട്ടു വള്ളികളിലൂടെ പറന്നു നടക്കുന്ന ആ അതികായകനെ ഞാനന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്...ഞങ്ങളുടെ പുതിയ "HEAD MASTER" ജോയിന്‍ ചെയ്യുന്നതു വരെ...

1992 - St'Marys School

7-C ലെ ക്ലാസ്സ് ലീഡര്‍ എന്ന അലങ്കാരം ഉള്ള വര്‍ഷം. എനിക്ക് ആ സ്ഥാനത്തിനു "ഹാട്രിക്ക്" നേടിത്തന്ന വര്‍ഷം. സാറന്മാരില്ലാത്ത സമയത്ത് "മിണ്ടുന്നവരുടെ" പേരു BOARDല്‍ എഴുതി അവര്‍ക്കടിവാങ്ങിച്ചു കൊടുക്കുക എന്ന "ഉത്തരവാദിത്തം" ഭംഗിയായി നടത്തിക്കൊണ്ട് പോയി ടീച്ചര്‍മാരുടെ "കണ്ണിലുണ്ണിയായി" വാണിരുന്ന കാലം.....ഇളം മനസ്സുകളുടെ ശാപമോ പിണക്കമോ എന്നെ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തക്ക ആഴമുള്ളതാരുന്നില്ല..

അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി പോകാന്‍ കഴിയുന്ന ചില നല്ല സുഹൃത്തുക്കളെ എനിക്കവിടെയും ദൈവം തന്നിരുന്നു..അന്നത്തെ "intervel" GIRLS HIGH SCHOOL ല്‍ ചിലവഴിക്കാന്‍ ഞങ്ങള്‍ മൂന്നു പേര്‍ തീരുമാനിച്ചു..

ചേച്ചിമാരെ കാണുന്നതും മിണ്ടുന്നതും ഒക്കെ ഒരു സുഖമുള്ള കാര്യമാണേ....

ഒരു COMPOUND തന്നാരുന്നു GIRLS HIGH SCHOOL ..അന്നത്തെ ഞങ്ങളുടെ സംസാരവിഷയം "ടാര്‍സ്സണാ"യിരുന്നു..പലവിധ കഥകള്‍ പറഞ്ഞു കൊണ്ടു ഞങ്ങള്‍ നടന്നു..ഞങ്ങളുടെ കണ്ണുകള്‍ ചേച്ചിമാര്‍ക്കു വേണ്ടി തിരഞ്ഞു..ഉണ്ടു..ഒന്നു രണ്ടു പേര്‍ വരാന്തയില്‍ ഉണ്ടു...പെട്ടെന്നാണു എന്റെ കണ്ണുകള്‍ സ്കൂളിന്റെ നേരെ മുമ്പില്‍ ഉള്ള മൂന്നു മാവിന്മേല്‍ പതിഞ്ഞത്..അതില്‍ "ഉണങ്ങിയ ആനക്കോണ്ട" പോലെ തൂങ്ങിക്കിടക്കുന്ന കുരുമുളകു കൊടികള്‍...എന്റെ മനസ്സെന്തിനോ വെമ്പി...ചേച്ചിമാരവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വെരുത്തി ഞാനാ വള്ളികളിലേക്ക് ചാടി തൂങ്ങി.."ടാര്‍സ്സണ്‍.....എന്നു പറഞ്ഞു കൊണ്ടു അതില്‍ നിന്നും അടുത്തതിലേക്കു....പിന്നെ മൂന്നാമത്തിതിലേക്കു...അതു കണ്ട കൂട്ടുകാരും കൂടെ ചാടി...

കുരുമുളകു കൊടിക്ക് കാട്ടുവള്ളികളുടെ ശക്തിയില്ല എന്ന് മൂടും കുത്തി താഴെ വീണപ്പോള്‍ എനിക്കു മനസ്സിലായി...വീണ എന്റെ ദേഹത്തേക്കു "കൊടി" പറിഞ്ഞു വീണു....എല്ലാം എടുത്തു കളഞ്ഞു ഒരു ചമ്മലോടെ ചേച്ചിമാരിരിക്കുന്ന ഭാഗത്തേക്കു നോക്കി..അവിടം ശൂന്യം...തിരിഞ്ഞു നോക്കിയപ്പൊള്‍ കൂടെയുണ്ടാരുന്ന "നല്ല" സുഹൃത്തുക്കളുടെ പൊടി പോലും കാണാനില്ല....പതിയെ എഴുന്നേറ്റ് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആ "രൂപത്തെ" കണ്ടെന്റെ സര്‍വ്വനാഡികളും നിലച്ചു....

GIRLS HIGH SCOOL-ന്റെ HEAD MISTRESS....ഓടാന്‍ തുടങ്ങിയപ്പോഴാണു എന്റെ "ആക്സിലെറേറ്റര്‍" പൊട്ടിപ്പോയ സത്യം ഞാന്‍ മനസ്സിലാക്കിയതു...

ഒഴിഞ്ഞ ഹെഡ്മാസ്റ്ററിന്റെ കസേരയും നോക്കി എത്ര നേരം കൈയ്യും കെട്ടി നിന്നു എന്നെനിക്കോര്‍മയില്ല....മനസ്സിലൊരായിരം തിരകള്‍ വന്നും പോയും ഇരുന്നു.. കൂറേ കഴിഞ്ഞപ്പോള്‍ "ഡാനിയേല്‍" സാറിന്റെ കൂടെ വന്ന പൊക്കം കുറഞ്ഞ ശാന്ത മുഖമുള്ള ആ മനുഷ്യന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എന്റെ മനസ്സു മന്ത്രിച്ചു..."പുതിയ ഹെഡ്മാസ്റ്റര്‍".....

ഇങ്ങനെയൊരുത്തന്‍ ഇവിടെ നില്‍ക്കുന്നതിന്റെ ഒരു "അംഗീകാരവും" എനിക്കവര്‍ തരുന്നില്ല. ഞാന്‍ സാറിനെ സസൂക്ഷമം ശ്രദ്ദിച്ചു...ആദ്യമായി വന്നതു കൊണ്ടു ചിലപ്പോള്‍ വെറുതെ വിട്ടേക്കും...ആ ഒറ്റ ചിന്തയായിരുന്നു മനസ്സിനിത്തിരി ആശ്വാസം തന്നത്....

വീണ്ടും കുറേ കഴിഞ്ഞാണു അദ്ദേഹം എന്നെ വിളിച്ചത്...എന്നെ അടിമുടി ഒന്നു നോക്കിയിട്ട് ഡാനിയല്‍ സാറിനോടായി ഒരു ചോദ്യം..ആ ഒരു ചോദ്യമേ അദ്ദേഹം ചോദിച്ചുള്ളു..."എന്താ ഡാനിയല്‍ സാറെ..ഇവിടുള്ളതെല്ലാം എങ്ങനത്തേയാണൊ..? കുട്ടികളെ നിങ്ങള്‍ അഴിച്ചു വിട്ടിരിക്കുവാ....? വന്ന ദിവസം തന്നെ കൊള്ളാം....കുട്ടികള്‍ക്കു മുമ്പെ സാറന്മാരെ നേരെയാക്കേണ്ടി വരുമോ..?

അതു വരെ ശാന്തനായിരുന്ന ഡാനിയേല്‍ സാറിന്റെ മുഖം കറുത്തതു ഞാന്‍ കണ്ടു...

"ആദ്യ ദിവസം തന്നെ..എനിക്കൊന്നും ചെയ്യാന്‍ വയ്യ..സാറുതന്നെ കൈകാര്യം ചെയ്തോ..." കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീയുണ്ട കണക്ക് എന്റെ ചെവിയില്‍ ആഞ്ഞു പതിച്ചു....ഒരു കുഞ്ഞു മാന്‍പേടയേ സിംഹക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തിട്ട് പുറത്തേക്കു പോയ സാറിനെ ഞാന്‍ വേദനയോടെ നോക്കി നിന്നു...

ഞാന്‍ ദയനീമായി ഡാനിയല്‍ സാറിനെ നോക്കി...സാര്‍ അപ്പോഴേക്കും കസേരയില്‍ നിന്നും എഴുന്നേറ്റിരുന്നു..ആജാനുബാഹുവായ സാറിന്റെ ഓരോ മുമ്പോട്ടുള്ള കാല്‍ വെയ്പ്പിലും ആയിരം തീഗോളങ്ങള്‍ എന്റെ നേര്‍ക്ക് വരുന്നതായി എനിക്കനുഭവപ്പെട്ടു...

എന്റെ മുഖത്തു ദയനീയ ഭാവമേ ഇല്ലേ..? മനസ്സു മുഴുവന്‍ ഒരിറ്റ് ദയവിനായി അലറി വിളിക്കുകയാണു...മുഖത്തിനു മനസ്സിന്റെ വേഗം ഇല്ലെ?  സാറിന്റെ മുഖത്തിനൊരു മാറ്റവും കാണുന്നില്ല...

വലിഞ്ഞു മുറുകുന്ന ഭാവവുമായി നില്‍ക്കുന്ന സാറിന്റെ ഇടത്തെ കയ്യ് എന്റെ കുത്തിനു എത്ര പെട്ടന്നാണു വന്നു വീണത്...രണ്ടുമൂന്നു second കഴിഞ്ഞപ്പോയാണു എന്റെ കാലുകള്‍ നിലത്തു കുത്തുന്നില്ല എന്ന നഗ്ന സത്യം ഞാന്‍ മനസ്സിലാക്കിയതു...എന്നെ തൂക്കിയെടുത്തുകൊണ്ടു സാറെന്നെ മുറിയുടെ മൂലയ്ക്കുള്ള് ഒരു "DESK" ലക്ഷ്യമാക്കി നടന്നു..അതിനോടടുത്തപ്പോഴാണു ഞാന്‍ കണ്ടത്...ഒരേകദേശം ഒന്നര മീറ്റര്‍ നീളമുള്ള ഒരു "ചൂരല്‍" എന്നെ നോക്കി ക്രൂരമായി ചിരിക്കുന്നു...

അതികം താമസ്സമൊന്നുണ്ടായില്ല...സാറു ചൂരലെടുത്ത് "പടേ..ന്ന്" പുറകു വശം നോക്കി തന്നെ തന്നു..."എന്റമ്മോ...അന്നേവരെ കിട്ടിയിട്ടില്ലാത്ത സ്ഥലത്ത് ലഭിച്ചതു കൊണ്ടാകാം..ഭൂമിക്കു ചുറ്റും ഒട്ടേറെ നക്ഷത്രങ്ങള്‍ ഉണ്ട് എന്ന ശാസ്ത്ര സത്യത്തെ നേരില്‍ കണ്ടാനന്ദിക്കാന്‍ കഴിഞ്ഞത്....പക്ഷെ എണ്ണാന്‍ പറ്റിയില്ല........അടികള്‍ക്കിടെ സാര്‍ ഇങ്ങനെ ചോദിക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു....."

വള്ളീല്‍ തൂങ്ങി ചാടാന്‍ നീയാരാടാ..."ടാര്‍സ്സണോ..?"

പാവം കൈ കെഴച്ചിട്ടാകും..അവസാനം സാറെന്റെ കാലുകള്‍ തറയില്‍ മുട്ടിച്ചു...വയസ്സായില്ലെ...

പുറത്തിനൊരു തട്ടും തന്നിട്ടു "ഓടെടാ" എന്നു പറഞ്ഞു...എന്റെ കൈയ്യ്കളപ്പോഴേക്കും "പുറകു വശത്തു" " തിരുമല്‍" ജോലിയാരംഭിച്ചിരുന്നൂ...

കിട്ടിയ ജീവനും കൊണ്ട് ഞാനോടി..ക്ലാസ്സിലേക്കല്ല....പൈപ്പിന്റെ നേരെ....അവിടെ മാത്രമേ "ഓവുള്ളു" ....കുടു കുടാന്നു ഒഴുകുന്ന കണ്ണീരിനൊഴുകിപ്പോകാന്‍ ഇടം വേണ്ടേ..?

മുഖം കഴുകി ...തിരുമല്‍ "പരുപാടി" വീണ്ടും ആരംഭിച്ചു കൊണ്ട് നേരെ ക്ലാസ്സിലേക്കു നടന്നു...

വാതിലിലെത്തിയപ്പോള്‍ English ടീച്ചര്‍ അകത്തുണ്ട്...എന്നെ കണ്ടതും എവിടാരുന്നു എന്നു ചോദിച്ചു...ഭവ്വ്യതയോടെ ഞാന്‍ പറഞ്ഞു.."പുതിയ HEAD MASTER" വിളിപ്പിച്ചാരുന്നു..അതു കേട്ട് ടീച്ചര്‍ പറഞ്ഞു..."HMMM!...എല്ലാ ക്ലാസ്സ് ലീഡറുമാരേം ഇന്നു തന്നെ കാണണമെന്നു അദ്ദേഹം പറയുന്നതു കേട്ടു....അതു കേട്ടു ഞാന്‍ ഞെട്ടി.....ഇന്നു ഇനിയുമൊരു അഭിമുഖമോ..."

ദൈവ്വമേ ഈ കുഞ്ഞു ഹൃദയം എങ്ങനെ അതു താങ്ങും..(പക്ഷെ ദൈവം എന്റെ കൂടാരുന്നു.. അന്നു കൂടിക്കാഴ്ച്ച നടന്നില്ല..)

അടുത്തു വന്നു ടീച്ചര്‍ എന്റെ കയ്യില്‍ "ചോക്ക് പീസ്സ്" തന്നിട്ടു പറഞ്ഞു.."മിണ്ടുന്നവരുടെ പേരെഴുതി വെയ്യ്ക്ക്"..ഞാനിപ്പൊ വരാം..."

അതും വാങ്ങി ബോര്‍ഡിനരുകിലേക്കു ചെന്നു നിന്നു...എന്റെ കണ്ണുകള്‍ ആ "നല്ല" രണ്ട് സുഹൃത്തുകള്‍ക്കായി പരതി...തലയും കുനിച്ചിരിക്കുന്ന അവരോടെന്തു പറയാന്‍....

എല്ലാം ശിക്ഷയും സ്വയം ഏറ്റുവാങ്ങി നില്‍ക്കുന്ന ത്യാഗിയായ കൂട്ടുകാരന്റെ അഹങ്കാരത്തൊടെ ഞാന്‍ എന്റെ "ഉത്തരവാദത്തിലേക്കു" കടന്നു...അപ്പൊഴാണു ഒരു പെണ്‍കുട്ടിയുടെ നാവിനു ക്ഷമ കെട്ടത്...വേഗം അവളുടെ പേരെഴുതാന്‍ തിരിഞ്ഞ ഞാന്‍ ഒരു നിമിഷം നിന്നു....

അപ്പോഴും "തിരുമ്മണേ തിരുമണേ.." എന്നു അലറി വിളിക്കുന്ന എന്റെ "പുറകുവശത്തിന്റെ" തീരാരോദനം കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും ചോക്കു പീസ്സ് അറിയാതെ താഴെ വീണു....

ഈ വേദന തന്നല്ലെ അവര്‍ക്കും ഉണ്ടാവുക എന്ന അറിവു പിന്നീടൊരിക്കലും...ഒരു പേരും എന്റെ കയ്യുകള്‍ കൊണ്ടു ബോര്‍ഡില്‍ തെളിഞ്ഞിട്ടില്ല...........

Saturday, April 17, 2010

ഒരു "BLACK THUNDER VISIT" ---(അവസാന ഭാഗം)

ഒന്നം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html

രണ്ടാം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-2_17.html

ഒരു "BLACK THUNDER VISIT" - തുടരുന്നു..........

എങ്ങനെ ഡ്രൈവര്‍ക്കു ഫുള്‍ വാങ്ങിക്കാം എന്ന ഒറ്റ ചിന്ത മാത്രമാണു എന്റെ മനസ്സിലുണ്ടാരുന്നതു. മറ്റുള്ളവര്‍ പറഞ്ഞതു പോലെ അയാളെ "വലിപ്പിക്കാന്‍ "നോക്കിയാല്‍" ചിലപ്പോള്‍ അയാള്‍ നമുക്കിട്ടു പണിഞ്ഞേക്കും....അതു റിസ്ക്കാ.....

കടം വാങ്ങിച്ച് അങ്ങേരെ കുടിപ്പിക്കാനൊരു മടി....എന്തു ചെയ്യും...ticket-ന്റെ കാശിനായി "REP" എന്റെ അടുത്തു വന്നു...Black thunder പ്രധാന കവാടത്തിനകത്താണു ഞങ്ങള്‍ അപ്പൊ നില്‍ക്കുന്നത്.. ഞാനിത്തിരി വിഷാദം കലര്‍ത്തി പറഞ്ഞു.."അളിയാ..ഞാന്‍ വരുന്നില്ല.."

എന്തുപറ്റിയെടാ..തോളില്‍ കൈ വച്ചു കൊണ്ട് അവന്‍ ചോദിച്ചു....

"മറ്റൊന്നുമല്ല..എന്റെ കൈയ്യില്‍ കാശില്ല..." അറുപിശുക്കനായ അവന്റെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയൊന്നും ഇല്ലാതെ തന്നാണു ഞാന്‍ പറഞ്ഞതു...അവന്‍ എന്നെ ഒന്നു നോക്കിയിട്ട് അവന്‍ തിരിച്ചു പോയി...

രണ്ട് മിനിറ്റ് കഴിഞ്ഞു സാറും അവനും കൂടെ തിരിച്ചു വന്നു...സാറെന്നോടു ചോദിച്ചു..."കാശില്ലെല്‍ ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങിചൂടെ..." ഞാന്‍ അഞ്ചാറു വിഷാദ ഭാവങ്ങള്‍ ഒന്നിച്ചെടുത്തു പയറ്റി.....

"സര്‍..സത്യം പറയാങ്കില്‍ ഇന്നലെ രാത്രി പോലും കഴിച്ചതു രാഗിണിയുടെ (original പേരല്ല കേട്ടോ) കയ്യീന്നു കാശ് വങ്ങിയിട്ടാ...പിച്ച എടുക്കുന്നതിനും ഒരു പരിധിയില്ലെ സര്‍...."ഞാന്‍ ഒന്നു നിര്‍ത്തി..

തലകുനിഞ്ഞു നില്‍ക്കുന്ന എന്നോടായി സര്‍..."ശരി..കാശില്ലാത്തതിന്റെ പേരില്‍..നീ കഴിക്കാതെ ഇരിക്കെണ്ടാ...ദാ ഇതു വെച്ചോ.." ...നൂറിന്റെ അഞ്ചു നോട്ടുകള്‍ കണ്ടെന്റെ കണ്ണ് തള്ളി...സന്തോഷം കടിച്ചമര്‍ത്തി ഞാനതു ആദ്യം ഒന്നു നിരസിച്ചു..സര്‍ നിര്‍ബന്ധിക്കും എന്ന വിശ്വാസത്തോടെ..വിശ്വാസം തെറ്റിയില്ല..പാവം എന്റെ കയ്യില്‍ രൂപ പിടിപ്പിച്ചു...എന്നിട്ടു തിരിച്ചു പോയി.....

"എന്നതാരുന്നടാ..അവിടെ പരുപാടി..."എന്നെ കണ്ടതും മറ്റുള്ളവര്‍ ചുറ്റും കൂടി.. ഞാന്‍ പതുക്കെ പോക്കറ്റില്‍ നിന്നും രൂപ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു..."ഒന്നല്ല രണ്ടു ഫുള്ളിന്റെ കാശൊത്തു.....അവരുടെ മുഖത്തെ സന്തോഷം കണ്ടു ഞാന്‍ ധന്യനായി. അതിലൊരുത്തന്‍ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടൊരു ഉമ്മ.....

ഞങ്ങള്‍ കൂട്ടമായി black thunder ലേക്കു കയറി....മൂന്നു മണിക്കിറങ്ങണം എന്നു പറഞ്ഞു കയറിയ ഞങ്ങള്‍ ഇറങ്ങിയപ്പൊള്‍ മണി ഏഴ്. ഞങ്ങളോടൊപ്പം സാറും കുട്ടികളും നന്നായി "ENJOY" ചെയ്തു....കുട്ടികളുടെ സന്തോഷം കണ്ടിട്ടാവണം അദ്ദേഹം പ്രസന്നവദനാണു....ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെക്കു ചെന്നു..."എങ്ങനെ നന്നായി Enjoy ചെയ്തില്ലേടെ....

ഞാന്‍ വിനീതനായി മറുപടി നല്‍കി..."സാറു സഹായിച്ചില്ലാരുന്നെങ്കില്‍......." തോളത്തൊരു "തട്ട്" അതിനു മറുപടിയായി നല്‍കിക്കൊണ്ടു അദ്ദെഹം ബസ്സ് ലക്ഷ്യമാക്കി നടന്നകന്നു....ഞാന്‍ മൗനമായി ഒരു "നന്ദി" പറഞ്ഞു...എന്തിനാരുന്നു ആ "നന്ദി" എന്നു എനിക്കറിയില്ല.."Black Thunder" ല്‍ കയറാന്‍ അനുമതി നല്‍കിയതിനൊ..അതൊ "ഫുള്‍" വാങ്ങിക്കാന്‍ കാശ് തന്നതിനോ...?

അദ്ദേഹത്തിനു ആത്മാഭിമാനം ഉള്ളതു കൊണ്ടും എനിക്കത് ആ സമയത്തു തീരെ ഇല്ലാതിരുന്നത് കൊണ്ടും ആ 500 രൂപ ഇന്നും ഒരു കടമായി നില്‍ക്കുന്നു...ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു ഓര്‍മ്മയായി അദ്ദേഹവും.......................

ഒരു "BLACK THUNDER VISIT" ---ഭാഗം - 2

ഒന്നാം ഭാഗം....ഇവിടെ http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html



ഒരു "BLACK THUNDER VISIT"........തുടരുന്നു......

"കിടു..കിടു...എന്ന ശബ്ദത്തോടെ വണ്ടി നിന്നപ്പോഴാണു ഞങ്ങള്‍ കണ്ണുതുറന്നതു. പുറത്ത് നല്ല ഇരുട്ട്...സര്‍ എഴുന്നേറ്റ് ഡ്രൈവറിന്റെ അടുത്തേക്കു പോകുന്നതു കണ്ടു. അയാളെന്തോ വിശദീകരിക്കുകയാണു. സര്‍ തിരിച്ചു വന്നു ഞങ്ങളുടെ "Class Rep" നെ (tour-ന്റെ കാര്യങ്ങള്‍ നോക്കുന്നതു അവനാണു) വിളിച്ചെന്തോ പറഞ്ഞു. അവന്റെ നെറ്റി ചുളിയുന്നതു ഞാന്‍ ശ്രദ്ദിച്ചു. വിഷാദമുഖവുമായി അവന്‍ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു.

"വണ്ടീടെ AXLE ഒടിഞ്ഞു.....ഇനി workshop ല്‍ നിന്നും ആളു വന്നാലെ ശരിയാകൂ....ആരും നേരം വെളുക്കുന്നതു വരെ പുറത്തേക്കു പോകരുതെന്നു സര്‍ പറഞ്ഞു....."

ബസ്സിലാകെ കുശുകുശുപ്പ്.......

നേരം വെളുക്കനെന്താ ഇത്ര താമസം....സൂര്യന്‍ ഉദിക്കാനൊരുങ്ങിയതും ഞങ്ങള്‍ ചാടി വെളിയിലിറങ്ങി.....ചുറ്റുപാടും നോക്കിയപ്പോള്‍ അതെവിടെയാണെന്നു ഒരു പിടിയും കിട്ടിയില്ല. ഞങ്ങളുടെ കണ്ണുകള്‍ ഡ്രൈവറിനെ തിരഞ്ഞു. "ഇയ്യാളിതെവിടെ പോയി...."

സാറും രംഗത്തെത്തി..പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണു അയാള്‍ വന്നതും. പുള്ളി വന്നതും ഞങ്ങളില്‍ ഒരുവന്‍ ഉറക്കെ ചോദിച്ചു....."പ്രകാശേട്ടോ....എന്നതാ പറ്റിയേ......."....

"AXLE ഒടിഞ്ഞു പോയെടെ.....പണിയായി...ഇനി മേട്ടുപ്പാളയത്തില്‍ നിന്നും ആരെങ്കിലും വരണം.....ഒരു മൂന്നു മണിയെങ്കിലും ആകും ശരിയാവാന്‍....."

ആ മറുപടി കേട്ട ഞങ്ങള്‍ക്ക് കുളിരു കോരി...."ആഹാ!..ഒരു കാര്യം ഏല്പ്പിച്ചാലിത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണു...ഒരു ഫുള്ളിന്റെ ശക്തിയേ.........."

സാറു മൂക്കത്തു വിരല്‍ വച്ചു..."മൂന്നു മണിയോ....നമ്മളോത്തിരി താമസിക്കുമല്ലോ....." അതു കേട്ട് നീരസഭാവത്തോടെ ഡ്രൈവര്‍..."ഞാനെന്ത് ചെയ്യാനാ..സിറ്റീന്നാളു വരണം.........." ഞങ്ങളോടെ എന്തോ പറയാനുണ്ടെന്ന ഭാവത്തോടെ അയാള്‍ ബസ്സിന്റെ ബാക്കിലേക്കു നടന്നു...

സാറിനൊരു സംശയം തോന്നാത്ത വിധം ഞങ്ങളും അങ്ങോട്ട് പോയി. ഒരു ബീഡിക്കു തിരികൊടുത്ത് ബസ്സും ചാരി നില്‍പ്പാണു ഡ്രൈവര്‍..ഞങ്ങളെ കണ്ടതും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. ദേ എന്റെ ഭാഗം ഞാന്‍ തീര്‍ത്തു..ഇനി നിങ്ങള്‍ നോക്കിക്കൊ....പക്ഷെ കാര്യം കഴിഞ്ഞിട്ട് കാലു മാറരുത്...സത്യം പറഞ്ഞാല്‍ എല്ലാത്തിന്റെം പഴ്സ്സ് ഏകദേശം കാലിയാണു...പോണ്ടിചെരിയിലെ ചെലവൊക്കെ ഒരു ഇറ്റാലിയന്‍ tourist നെ ചാക്കിലാക്കിയാണു നടത്തിയതു....എങ്കിലും ഞങ്ങള്‍ പറഞ്ഞു..."ഹ എന്റെ ചേട്ടാ.,...അതൊക്കെ ഞങ്ങളേറ്റു..... ഈ സ്ഥലം ഏതാ...."

"ഇവിടുന്നു ഒരു കിലോമീറ്റര്‍ നടന്നാല്‍ മതി....അതിന്റെ മുമ്പില്‍ കൊണ്ടിട്ടാല്‍ അങ്ങേര്‍ക്കു സംശയം തോന്നിയാലോ...."പുള്ളിയുടെ മറുപടി കേട്ട ഞങ്ങള്‍ എങ്ങനെയെങ്കിലും ഒരു ഫുള്‍ വാങ്ങിക്കൊടുക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചു...

ആദ്യ ഘട്ടം ഭംഗിയായി കഴിഞ്ഞു..ഇനി സാറിന്റെ സമ്മതത്തിനുള്ള ശ്രമം.....

ആദ്യം "REP" നെ കയ്യിലെടുക്കണം..അവനെ ഞങ്ങള്‍ വിളിച്ചു..."ഡാ ഉവ്വെ....നമ്മളേതു കാട്ടു മുക്കിലാ....എനിക്കാണേ രണ്ടിനു മുട്ടീട്ട് വയ്യ....നമ്മളു ആണുങ്ങടെ കാര്യം പോട്ടെ....ഒരു കുപ്പി വെള്ളവും കുറ്റിക്കാടുമുണ്ടേല്‍ ഞങ്ങള്‍ക്ക് OK.....പെണ്‍കുട്ടികള്‍ എന്തു ചെയ്യും....എന്തായാലും..രാവിലെ റൂം എടുക്കാം എന്നല്ലെ പറഞ്ഞതു....ഇവിടെങ്ങാനും ഹോട്ടലുണ്ടോന്നു നോക്ക്....."

ഹോട്ടല്‍ തപ്പാനാരിക്കും അവന്‍ അവിടം മുഴുവന്‍ കണ്ണോടിച്ചതു....നിസ്സഹായകനായി നില്‍ക്കുന്ന അവനെ നോക്കി ഞാന്‍
തുടര്‍ന്നു ...."അളിയാ..ഇവിടെങ്ങും...ഒന്നും കാണുന്നില്ല..." ഒരു വഴിയുണ്ടു...ഡ്രൈവര്‍ പറഞ്ഞു.. ഇവുടെ അടുത്താണു "BLACK THUNDER" ..അവിടെ കയറിയാല്‍ സമയവും പോയി കിട്ടും സംഗതിയെല്ലാം നടക്കുകേം ചെയ്യും....നീ സാറിനോടു പറ..."

അവന്‍ സംശയത്തോടെ "മൊഴിഞ്ഞു" ..സാറു സമ്മതിക്കുമോടാ...."....

അതു നിന്റെ കഴിവു...അല്ലേല്‍ ഒരു കാര്യം ചെയ്യാം..."ഒന്നും രണ്ടും ഇവിടെത്തന്നെ നടത്താം...നമുക്കു എല്ലാവര്‍ക്കും കൂടെ ഈ റോഡില്‍ നിരന്നങ്ങനെ ഇരിക്കാം എന്താ..?....

അതേറ്റു....അവന്‍ എങ്ങനെങ്കിലും സാറിനെക്കൊണ്ടു സമ്മതിപ്പിക്കാം എന്നും പറഞ്ഞു പോയി....അവന്റെ കഴിവില്‍ ഞങ്ങള്‍ക്കു പണ്ടെ അത്ര വിശ്വാസം പോരാത്തതു കൊണ്ടു പതുക്കെ സാറിന്റെ മകനെ പിടിച്ചു...ഒരു പത്തു മിനിറ്റ് കൊണ്ടു അവനെ ഞങ്ങള്‍ "mould" ചെയ്ത് സാറിന്റെ അടുത്തേക്കു പറഞ്ഞു വിട്ടു..

പെണ്‍കുട്ടികളെ കുറിച്ചു ഓര്‍ത്തിട്ടോ അതോ മകന്റെ അലപ്പു സഹിക്കാന്‍ വയ്യാഞ്ഞിട്ടോ...അറിയില്ല...അവസാനം പുള്ളി സമ്മതിച്ചു....ആ "വിജയം" ഞങ്ങള്‍ "REP" നു തന്നെ കൊടുത്തു......

ഓര്‍മ്മ ശരിയെങ്കില്‍ black thunder തുറന്നത് 9.00 മണിക്കാണു...രണ്ടു conditions ആണു സാറു മുമ്പോട്ട് വച്ചതു...

ഒന്ന് - മൂന്നു മണിക്കു തിരിച്ചിറങ്ങണം

രണ്ട് - അവരവര്‍ തന്നെ പൈസ എടുത്തോണം അകത്ത് കയറാന്‍...

ആദ്യത്തേതു OK...രണ്ടാമത്തേതു പ്രശ്നമാണു....കയ്യിലുള്ളതു നുള്ളിപ്പറുക്കണം അകത്ത് കേറണേല്‍....."common fund" ന്നു എടുക്കും എന്നാണു കരുതിയത്...പെണ്‍പിള്ളേരുടെ അടുത്തു നിന്നും കടം വാങ്ങാവുന്നതിന്റെ maximum വാങ്ങി. ഇനി അങ്ങോട്ട് ചെന്നാല്‍ അവളുമാരു ചെരുപ്പൂരും.....ഡ്രൈവറിനു കൊടുക്കാമെന്നേറ്റ ഫുള്ളിനെന്തു ചെയ്യും... അതായി അടുത്ത ചിന്ത....ദൈവ്വമൊരു വഴികാണിക്കും എന്ന ഉറച്ച വിശ്വാസത്തോടെ എല്ലാരും സ്വന്തം പോക്കറ്റീന്നു നുള്ളിപ്പറുക്കി കാശെടത്തു കൊടുത്തു........ഞാനൊഴിച്ച്......ആ സമയം എന്റെ മനസ്സില്‍ മറ്റോന്നാരുന്നു..

തുടരും.............

ഒരു "BLACK THUNDER VISIT" ---ഭാഗം - 1

1998

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പതിനൊന്നു ദിവസങ്ങള്‍ തന്ന മനോഹരമായ വര്‍ഷം. ഇതെനിക്കു മാത്രമല്ല. എന്റെ സുഹ്രുത്തുക്കള്‍ പലര്‍ക്കും ഈ ദിവസങ്ങള്‍ മധുരതരമായ ഒട്ടേറെ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ടു ഈ ദിവസങ്ങള്‍.

1998-ലെ ഒരു സായന്തനം ആരംഭിച്ചതു ഞങ്ങള്‍ 33 പേരുടെ ആവേശം കണ്ടുകൊണ്ടാണു. ഒരു "INDUSTRIAL TOUR"-ന്റെ ആരംഭം. 10 ദിവസത്തെ യാത്രയുടെ ആരംഭത്തെക്കുറിച്ചും ഇടയ്ക്കുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഞാനിവിടെ പറയുന്നില്ല. ആരെങ്കിലും എത്ര INDUSTRY കണ്ടെടാ എന്നു ചോദിച്ചാല്‍..ഒന്ന്..രണ്ട്...എന്നെണ്ണി പിന്നെ ആലോചിക്കേണ്ടി വരും. എന്നാല്‍ എവിടൊക്കെ പോയി എന്നു ചോദിച്ചാല്‍ എല്ലാവരും ആവേശത്തോടെ പറയും...ഊട്ടി, കൊടൈക്കനാല്‍, ചെന്നൈ, ബാംഗ്ലൂര്‍, പോണ്ടിച്ചേരി........". സൗത്തിലുള്ള ഒരുമാതിരിപെട്ട എല്ലാ ഉല്ലാസകേന്ദ്രങ്ങളും ഞങ്ങള്‍ കറങ്ങി. "INDUTRIAL TOUR"ന്റെ ബാനറില്‍.


ഒന്നാം ദിവസം മുതല്‍ അവസാന ദിവസം വരെയുള്ള "മഹാസംഭവങ്ങള്‍" പറയണമെങ്കില്‍ ഒരു 100 പേജെങ്കിലും വേണ്ടി വെരും. നമുക്കു നേരെ പത്താം ദിവസത്തിലേക്കു പോകാം. .

അതിരാവിലെ ഞങ്ങള്‍ ഊട്ടി മല കയറുന്നു. കൊയംമ്പത്തൂരില്‍ നിന്നും മേട്ടുപ്പാളയം വഴി ഊട്ടി. ഞങ്ങളുടെ "tour incharge" - വര്‍ഗ്ഗീസ്സ് സര്‍ ഇതിനകം തന്നെ "സഹനശക്തി" ക്കുള്ള അവാര്‍ഡിനു അപേക്ഷ കൊടുത്തിരുന്നു. അത്ര കണ്ടു അര്‍മാദിച്ചിരുന്നു ഞങ്ങള്‍. ഇടയ്ക്കെല്ലാം ഇട്ടേച്ചു തിരിച്ചു പോകാന്‍ പുള്ളി പ്ലാന്‍ ഇട്ടതാ. അദ്ദെഹത്തിന്റെ ആറു വയസ്സുകാരന്‍ മകനും ഒമ്പതില്‍ പഠിക്കുന്ന പെണ്‍കുട്ടിയും കൂടെയുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരെക്കൊണ്ട് "മണിയടുപ്പിക്കുക" എന്നതു ഞങ്ങടെ സ്ഥിരം തന്ത്രമാരുന്നു.

പോണ്ടിച്ചേരിയിലെ ഞങ്ങടെ "കലാപരുപാടികള്‍" ഒട്ടും സഹിക്കാന്‍ പറ്റാത്തതുകൊണ്ടാകണം "ഭദ്രകാളി" കേറിയതു പോലെയാരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം. പറയാതെ പറ്റില്ല....കോളേജിലെ ഏറ്റവും ശാന്തസ്വഭാവക്കാരനാണ് അദ്ദേഹം. അതു കൊണ്ടു തന്നാണ് ഞങ്ങടെ "ഹറാംപെറുപ്പെല്ലാം" ആ പാത്രത്തില്‍ നന്നായി വെന്തത്. പാവം പൂര്‍വ്വ ജന്മത്തിലെന്തു പാപമാണോ അദ്ദെഹം ചെയ്തതു. ഇങ്ങനൊരു സാഹസത്തിനു ഇഷ്ടം "HEAD"- നോടു പ്രകടിച്ചപ്പോള്‍ അതൊരു സ്വയം എഴുതിയ ശിക്ഷാവിധിയാരിക്കും എന്നു അദ്ദേഹം ഒരിക്കലും ചിന്തിചിരിക്കില്ല.

മേട്ടുപ്പാളയം കഴിഞ്ഞു ഊട്ടിയെന്ന മനോഹരസ്വപ്നവുമായി BUS പായുകയാണ്. 10 -20 മിനിട്ട് കഴിഞ്ഞൊരു ശബ്ദം..

"ദേണ്ടെ BLACK THUNDERRRRR" .....

പുറത്തേക്കു അതിശയ ഭാവത്തോടെ നോക്കുന്ന ഒരു പെണ്‍കുട്ടിയിലേക്കു ഞങ്ങടെ കണ്ണുകള്‍ പതിഞ്ഞു. എന്നിട്ടു പുറത്തേക്കു നോക്കി. അതെ BLACK THUNDER. വലതു ഭാഗത്തു ആരെയും ആകര്‍ഷിക്കുന്ന ആഢംബരകവാടവുമായി അതങ്ങനെ പരന്നു കിടക്കുന്നു.


അക്കാലത്ത് TV "ON" ചെയ്താല്‍ ഇതിന്റെ പരസ്യം മാത്രമേ ഉണ്ടാരുന്നുള്ളു. ഇതിവിടെയാണെന്ന ചിന്ത പോലും ആര്‍ക്കും പോയിരുന്നില്ല. അതു മറയുന്നത് വരെ ഞങ്ങളുടെ കണ്ണുകള്‍ അതിനെ അനുഗമിച്ചു......

ഇപ്പോ തീരുമാനിക്കണം...ഊട്ടി വേണോ BLACK THUNDER വേണോ. TOUR ന്റെ അവസാന ദിവസമാണു ഇന്നു.......

ചര്‍ച്ച ആരംഭിച്ചു......ചിലര്‍ക്കു ഊട്ടി മതി മറ്റുചിലര്‍ക്കു BLACK THUNDER -ല്‍ കയറിയേ പറ്റു...രണ്ടും വേണം എന്നു പറഞ്ഞാല്‍ സാറു വീണ്ടും ഭദ്രകാളി വേഷം കെട്ടും....അവസാനം ഊട്ടി മതിയെന്നായി.......

ഇതു പൊതു തീരുമാനം.......ഇവിടം വരെയേ അവരുടെ ചിന്ത പോകൂ.....അവര്‍ അവസാനിപ്പിച്ചെടുത്തു നിന്നും ഞങ്ങള്‍ ("പോക്കാസ്സ്") ചിന്തിച്ചു തുടങ്ങി....

ഞങ്ങള്‍ക്കു ആറു പേര്‍ക്കും അതിയായ ആഗ്രഹമുണ്ടാരുന്നു അതില്‍ കയറണം എന്നു.

ഊട്ടിയെത്തി......

നേരെ ഉണ്ണാനാണു പോയതു...... ആഹാരം കിട്ടാത്ത ഒരു അവസ്ഥ എപ്പോ വന്നാലും, ഞാനന്നുണ്ട ഊണിനെക്കുറിച്ചു ഓര്‍ക്കും..വിശപ്പ് പറപറന്നോളും..... ഒരുതരത്തില്‍ ഉണ്ടെന്ന് വരുത്തി ഞങ്ങള്‍ ഊട്ടി കറങ്ങി......ആഹാ!!! എന്തൊരു സ്ഥലമാണതു....കുതിരവേഗത്തില്‍ പായുന്ന മനസ്സിനെ വരെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള അനേകം "SPOT" -കള്‍.


കറക്കം ഒക്കെ കഴിഞ്ഞു രാത്രിയെറെ വൈകിയാണു ഞങ്ങള്‍ തിരിച്ചതു. BLACK THUNDER എന്തായാലും "ഗോവിന്ദ".......... എല്ലാവരിടേയും ചിന്ത അങ്ങനെ ആരുന്നിരിക്കും..ഞങ്ങള്‍ ആറു പേരുടെതൊഴിച്ചു

"പോക്കാസ്സ്" ഒത്തു കൂടി...... ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും മറ്റൊരുവനും കൂടി DRIVER ന്റെ അടുത്തേക്കു പോയി. എല്ലാരും ഉറക്കമായി........ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി...ആദ്യമൊന്നും അങ്ങെരു സമ്മതിച്ചില്ല. പിന്നെ ഒരു "ഫുള്‍" ഓഫര്‍ ചെയ്തപ്പോള്‍ അങ്ങേര്‍ക്കു പൂര്‍ണ്ണസമ്മതം. ഞങ്ങള്‍ തിരിച്ചു സീറ്റിലെത്തി. സംഗതി "ഓക്കെ" എന്നു ആംഗ്യം കാട്ടിക്കൊണ്ടു ഞങ്ങളും കിടന്നു ഒറ്റ "condition" മായി. ഞങ്ങള്‍ ആറു പേരല്ലാതെ മറ്റൊരാളും ഇതറിയാന്‍ പാടില്ല.

നല്ല ക്ഷീണം ഉണ്ടാരുന്നതു കൊണ്ടും ഡ്രൈവറില്‍ ഉള്ള വിശ്വാസം കൊണ്ടും ഞങ്ങളും പെട്ടെന്നു ഉറങ്ങി.

തുടരും......