Tuesday, April 27, 2010

ഒരു ജോലി തേടി...............(ഭാഗം...ഒന്ന്)

Central Ministry-യുടെ സ്റ്റാമ്പോടു കൂടിയ ആ POST DIPLOMA Certificate-നോടൊപ്പം All India 10th Rank Certificate-ഉം കൂടി എന്റെ കൈയ്യിലേക്കു CIPET-ന്റെ Director തന്നപ്പോള്‍, വലതു കൈ ഒരു shakehand-നായി നീണ്ട അതേ സമയം എന്റെ ഇടതു കരം ആ രണ്ടു സര്‍ട്ടിഫിക്കേറ്റുകളും മറോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു... ഒരായിരം പ്രതീക്ഷകളുടെ സ്വപ്ന സാക്ഷാത്കാരമായി കിട്ടിയ അമൂല്യ നിധി പോലെ........

AD 2000......മുംബെ നഗരം.....

നഗരമധ്യത്തില്‍ കാലെടുത്തു വയ്യ്ക്കുമ്പോള്‍ എന്റെ മനസ്സിനെ ആകെ പൊതിഞ്ഞിരുന്ന കുളിരിനെ നശിപ്പിക്കാന്‍ മുംബെ നഗരത്തിന്റെ കൊടും ചൂടിനായില്ല. ഹാര്‍ദ്ദവമായ സ്വീകരണമായിരുന്നു എന്റെ "കസിന്‍" എനിക്കു നല്‍കിയതു....നാട്ടില്‍ ചുറ്റുമതിലുകളോടു കൂടി വിശാല  മുറ്റം സാക്ഷി നിര്‍ത്തി കമനീയമായ നാലഞ്ചു മുറികളുള്ള ഒരു വലിയ വീടിന്റെ ഉടമസ്ഥരായ ആ കുടുംബം താമസിക്കുന്നതു "1 BHK" എന്ന് വിശേഷണം ഉള്ള ഒരു കൊച്ചു ഫ്ലാറ്റില്‍.....

ഒരു "പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയാത്ത "ജീവിതം" എന്ന അധ്യായം പഠിക്കാന്‍ ആരംഭിച്ചതു അവിടെ നിന്നും...."CEAT" എന്ന ഭീമാകാരനായ Tyre കമ്പനിയില്‍ പ്രവേശനം എന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടി തന്നെയാണു ഞാനാ നഗരത്തില്‍ എത്തിയത്....ആ പ്രതീക്ഷ നല്‍കിയതിന്റെ ഉടമസ്ഥാവകാശം കസിന്റെ ഭര്‍ത്താവിനാണു...

"ഭാര്യ" അല്ലെങ്കില്‍ "അമ്മ" എന്നീ രണ്ടു വാക്കുകള്‍ തന്നെയാണു ഒരു വീട്ടിലെ സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെം, സന്തോഷത്തിന്റെയും മൂലകാരണം എന്നും.. "കുടുംബ സംരക്ഷണം" എന്ന മഹത്തായ ഉത്തരവാദിത്തം അതിന്റെ പൂര്‍ണ്ണ മൂല്യത്തോടെ കാത്തു സൂക്ഷിക്കാന്‍ ഒരു കുടുംബനാഥനെ സഹായിക്കുന്നതു മുകളില്‍ പറഞ്ഞ ആ രണ്ട് വാക്കുകള്‍ക്കു പൂര്‍ണ്ണമായ അര്‍ഥം കൈവരിക്കുമ്പോഴാണു എന്നും
ഞാന്‍ മനസ്സിലാക്കിയതു പതിമൂന്നു ദിവസത്തെ അവിടുത്തെ താമസമാണു.."

പക്ഷെ ജീവിതം ഞാന്‍ കാണാന്‍ തുടങ്ങിയതേ ഉള്ളുവെങ്കിലും അതില്‍ ബിരുദമെടുത്ത എന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നൂ..."അവര്‍ക്കു ശല്യമാകുന്ന ഒരു ദിവസം നീ സൃഷ്ടിക്കരുത്.." ആ വാക്കുകള്‍ എന്നെ അവിടുന്നു മാറണം എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു.. പക്ഷെ എങ്ങോട്ടു..? ഒരു കൂട്ടുകാരന്റെ ചേട്ടന്‍ MALAD എന്ന സ്ഥലത്തുണ്ടാരുന്നു.. ഒരു മലയാളിയേ മറ്റൊരു മലയാളി സഹായിക്കില്ല എന്ന പ്രസ്താവന തെറ്റെന്നു വരുത്തി അദ്ദേഹമെനിക്കൊരു താമസസ്ഥലം കണ്ടുപിടിച്ചു.."കീശ"യിലെന്തുണ്ടോ..അതിനനുസരിച്ചുള്ള ഒരു ജീവിതം തരാന്‍ മുംബെയ്ക്കല്ലാതെ ലോകത്തിലെ മറ്റേതെങ്കിലും നഗരത്തിനു സാധിക്കുമോ എന്നെനിക്കു സംശയമാണു...

50 രൂപാ മുതല്‍ 3000 രൂപാ വരെ മാസവാടകയ്ക്കു താമസിക്കുന്ന ഒരു "ചേരി"യിലാണു എന്റെ സ്വതന്ത്ര താമസം ആരംഭിച്ചതു...
മുംബയിലെ ഒരു "ചേരി" അല്ലെങ്കില്‍ "ചാലുകള്‍"..അതെങ്ങെനെയിരിക്കും എന്നു ഇന്ത്യയിലേക്കു അനവധി "ഓസ്ക്കാര്‍" കൊണ്ടുവരാന്‍ ഒരു "ഹോളിവുഡ്" സിനിമ സഹായിച്ചതിനാല്‍ അധികം വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല....

പതിനൊന്ന് പേര്‍ താമസിക്കുന്ന മുറിയിലേക്കു ഞാന്‍ എന്റെ ഒരെഒരു സ്യൂട്ട്കേസ്സുമായി ആ ഞായറാഴ്ച്ച കടന്നു ചെന്നപ്പോള്‍ കണ്ടതു ചിരിച്ചും തമാശകള്‍ പറഞ്ഞും ചുറ്റുമിരുന്ന് മദ്യസേവ നടത്തുന്ന ഒരു പറ്റം ചെറുപ്പക്കാരെയാണു.. കൂട്ടത്തില്‍ ചെറുപ്പക്കാരിലും ചെരുപ്പമായി ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു "അച്ചായ"നും....

സ്ഥിരം ചോദ്യങ്ങള്‍ തന്നെയാരിക്കും...എന്നെ കണ്ടതും പേരു..സ്ഥലം..ഈ രണ്ടു കാര്യങ്ങള്‍ ആണു അവര്‍ക്കാദ്യം അറിയേണ്ടിയിരുന്നത്...."അടൂര്‍" എന്നു കേട്ടതും ആ കൂട്ടത്തിലൊരാള്‍ ചാടിയെഴുന്നേറ്റു എന്റെ അടുത്തെക്കു വന്നു ...

"അളിയാ..ഞാന്‍ "വയല"ക്കാരനാ ബിനൂന്നാ പേര്..സ്വാഗതം..സുസ്സ്വാഗതം..."

കുഴയുന്ന ആ വാക്കുകള്‍ മനസ്സിലാക്കന്‍ എനിക്കു ബുദ്ധിമുട്ടോന്നും ഉണ്ടായില്ല...ആ ആഘോഷത്തില്‍ പങ്കു ചേരാന്‍ എന്നെ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അതു സ്നേഹപൂര്വ്വം നിരസ്സിക്കുകയെ എനിക്ക് കഴിയിമായിരുന്നുള്ളു...

വന്ന ദിവസം തന്നെ തങ്ങളുടെ "ശര്‍ദ്ദില്‍" ഒരു വിദ്യാഭ്യാസമുള്ളവന്‍ കഴുകേണ്ടി വന്നതിന്റെ അനുകമ്പ അവര്‍ക്കെന്നോടു ആദ്യദിവസങ്ങളില്‍ നന്നായി ഉണ്ടായിരുന്നു.."ഗള്‍ഫ്" എന്ന ഒരെയൊരു സ്വപ്നവും പേറി കഴിയുന്ന സ്നേഹസമ്പന്നരായ കുറെ ആളുകള്‍..ഒരു കുടുംബത്തിലെ എല്ലാ ദുഖങ്ങളും മറക്കാന്‍ കഴിയുന്ന സൗഹൃദാന്തരീക്ഷം...അവിടെ പരിഭവങ്ങളില്ല...കുറ്റം പറച്ചിലുക്കളില്ല...വഴക്കില്ല..നാടകീയത ഇല്ല.....

ആ കൊടും ചൂടില്‍ ഒരാള്‍ മറ്റൊരാളുടെ ദേഹത്തു മുട്ടിയൊരുമ്മി കിടക്കുമ്പോള്‍ ഉറങ്ങാതെ രാവുകള്‍ കഴിച്ചു കൂട്ടിയ ഒരാള്‍ ഞാന്‍ മാത്രം...അതിശയത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നു അവരുടെ നിഷ്കളങ്കമായ ഉറക്കത്തെ..എല്ലു മുറിയേ പണിയെടുത്തിട്ട് അവരിലെ "പ്ലംബിങ്ങും, വയറിങ്ങും, അലൂമിനിയം ഫാബ്രികേഷനും" ഒക്കെ രാത്രിയില്‍ നിശബ്ദരായി ഇരുക്കുന്നത് ഇന്നു ബാക്കി വച്ചതു നാളെത്തന്നെ തീര്‍ക്കണം എന്ന ലക്ഷ്യബോധത്തോടെയായിരിക്കണം..അങ്ങനെ ഒരു വിജംഭിതമായ ഒരു ആവശ്യവും എനിക്കില്ലാഞ്ഞതു കൊണ്ടാകാം ഉറക്കം തഴുകാത്ത കുറേ രാത്രികള്‍ മുംബെ എനിക്ക് സമ്മാനിച്ചതു..

"CEAT" എന്ന സ്വപ്നവുമായി ഞാന്‍ കഴിച്ചു കൂട്ടിയതു ഒരു മാസം..ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തില്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


തുടരും...........

2 comments:

  1. അടുത്തത് വരട്ടെ... :)

    ReplyDelete
  2. അയ്യോ! ഞാനറിഞ്ഞില്ലല്ലോ ഇവിടെയിത്രയധികം പോസ്റ്റുകള്‍ ഇട്ടുവെന്ന്.:)
    എഴുത്ത് പണ്ടത്തേക്കാളും നന്നാവുന്നുണ്ട്.. ജീവിതാനുഭവങ്ങള്‍ വളരെ ഹൃദ്യമായി ഞങ്ങളോട് പറയുന്നതില്‍ സന്തോഷം.

    ReplyDelete

നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം