Wednesday, March 27, 2019

ചിറകറ്റ മാലാഖമാർ


രണ്ടാഴ്ച മുമ്പ് എന്റെ അമ്മ ഒരു ആശുപത്രിയിൽ കുറച്ചു ദിവസം കിടക്കേണ്ടി വന്നു...അവിടുത്തെ നഴ്സുമാരുടെ പെരുമാറ്റം എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചു... അവർ ശരിക്കും മാലാഖമാർ തന്നെ എന്ന് തോന്നി...

അവിടെ പഠിക്കുന്ന ഒരു കൂട്ടം നഴ്സിംഗ് വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോൾ, ഏകദേശം ഒരു ലക്ഷത്തിനു മുകളിൽ ആണ് അവരുടെ വാർഷിക വിദ്യാഭ്യാസചെലവ്...പഠിച്ചു കഴിയുമ്പോൾ അഞ്ചു ലക്ഷത്തിനു മുകളിൽ ആകും.... ആറു വർഷം അവിടെ തന്നെ ജോലി ചെയുന്ന ഒരു നഴ്സിന്റെ ശമ്പളം കേട്ട ഞാൻ അതിശയിച്ചു പോയി.. ഇവർ എങ്ങനെയാണ് ലോൺ തിരിച്ചടയ്ക്കുന്നതു.?? കൈകൂലി വാങ്ങിക്കാൻ ഒരു മാർഗവും ഇല്ല...എങ്ങനെ നിങ്ങൾ ഈ വരുമാനം കൊണ്ട് ലോൺ തിരിച്ചടയ്ക്കുന്നു.ൽ എന്ന എന്റെ ചോദ്യത്തിനു അവരുടെ മറുപടിയ്ക്ക് ഒരു വ്യക്തതയും ഇല്ലാരുന്നു...കൂടുതൽ ചോദിച്ചാൽ അവർ കരയും എന്ന് തോന്നിയപ്പോൾ ഞാൻ പിൻവാങ്ങി...

കുറച്ചു നാൾ പുറകോട്ടു പോയാൽ... 
ആതുരാലയസമുച്ചയങ്ങളുടെ മുമ്പിലും തെരുവീഥികളിലും ഒന്നിരിക്കാനോ നിൽക്കാനോ സ്ഥലമുള്ള എവിടെയും അവർ തന്റെ ജീവനം നിലനിർത്താൻ വേണ്ടി അഘോരം പരിശ്രമിക്കുന്നുതു നമ്മൾ കണ്ടു...

മുണ്ട് മുറുക്കിയുടുത്തു സമ്പാദിച്ചത് മുഴുവൻ ബാങ്കുളിൽ പണയപ്പെടുത്തി മക്കളെ നഴ്സിങ്ങിനെ വിടുമ്പോൾ ആ അച്ഛനും അമ്മയ്ക്കും അറിയാം തന്റെ മക്കൾ നേരിടാൻ പോകുന്നത് അതി ഭയങ്കരമായ പകർച്ച വ്യാധികളെ കൂടി ആണെന്ന്..അത്‌,  ആ സേവനത്തിന്റ ഭാഗമാണെന്ന സത്യം അവർ ഉൾക്കൊള്ളുകയാണ്. അതവരെ തളർത്തില്ല.. പക്ഷെ.... 

സ്വന്തം നാട്ടിൽ ജോലി ചെയ്താൽ പലിശയുടെ പകുതി പോലും അടയ്ക്കാൻ സാധിക്കില്ല എന്ന് വരുമ്പോൾ ലോകത്തുള്ള ഏതു രാജ്യത്തേക്ക് പോകാനും തയ്യാറായി നിൽക്കുന്നു ആ കൂട്ടുകാർ. കാരണം, തന്റെ മാതാപിതാക്കളുടെ വേദന ഒരു പരിധിയിൽ കൂടുതൽ അവർക്ക് താങ്ങാൻ സാധിക്കില്ല..."Take off" എന്ന സിനിമയിൽ ഇവരുടെ അവസ്ഥ നന്നായി വിവരിച്ചത് നമ്മൾ കണ്ടതാണ്.. 

ഡോക്ടർന്മാർ ആശുപത്രികളിൽ ഇല്ലാത്ത സമയം ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഒരു നേഴ്സ് എങ്കിലും ഇല്ലാത്ത ഒരു നിമിഷം പോലും ഞാൻ ഒരു ആശുപത്രിയിലും കണ്ടിട്ടില്ല..പരിചരണം അവരുടെ ജീവിതമാണ്. അത്‌ എത്ര ഭയങ്കരമായ ആണുബാധ ഉള്ള  രോഗിയായാലും സ്വല്പം ഭയത്തോടെയാണെങ്കിലും അല്ലെങ്കിലും അവർ അതു ഭംഗിയായി നിർവഹിക്കും...ഉന്നത വിദ്യാഭ്യാസതിന്റെ ചിറകിനടിയിൽ അവരെന്നും പതിഞ്ഞിരിക്കും. പരിഭവങ്ങൾ പറയാൻ തുടങ്ങിയത് ഈ അടുത്ത കാലത്ത്, അതും ഗതികേട് കൊണ്ട്........അവർ അഹങ്കാരത്തോടെ പെരുമാറുന്നതും ഞാൻ കണ്ടിട്ടുണ്ട്, പക്ഷെ അതു ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാത്രം, അതു പിന്നെ എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും  ഉള്ള അവകാശമാണല്ലോ... 

എല്ലാ മരണങ്ങളും വേദന ജനിപ്പിക്കുന്നതാണ്. പക്ഷെ... ഒരു രോഗ പരിചരണത്തിന് കൈകൾ നീട്ടി അതേ രോഗം വന്നു മരണപ്പെടുക എന്നത് സഹിക്കാൻ കഴിയില്ല...ഏറ്റവും മാരകമായ രോഗത്തെ എതിരിടാൻ പൂർണ്ണ മനസ്സോടെ രോഗിയുടെ അരികിൽ സ്വാന്തനമായി, താങ്ങായി നിൽക്കാനുള്ള മനസ്സ് ദൈവത്തിനു തുല്യമാണ്. അങ്ങനെ ഉള്ള ഒരു മനസ്സാണ് കുറച്ചു നാൾ മുമ്പ് നമ്മുടെ മുന്നിൽ ചലനമറ്റു വീണത്....അതു പോലുള്ള ഒരായിരം മനസ്സുകളാണ് തെരുവീഥിയിൽ വെയിലും മഴയും കൊണ്ടത്, ഇപ്പോഴും കൊള്ളുന്നത്.... 

ഈ കാലത്തു, ഏതെങ്കിലും ഒരു ആശുപത്രി മുതലാളി BMW യിൽ കുറഞ്ഞ ഒരു വാഹനം ഉപയോഗിക്കുന്നുണ്ടോ? 3000 sqft ഇൽ കുറഞ്ഞ വീടുണ്ടോ അവർക്കു...ആതുരസേവനം.. ആതുരാലയം എന്നുള്ള പേര് തന്നെ ഇപ്പോൾ പ്രഹസനം മാത്രം...

എനിക്കോ നിങ്ങൾക്കോ അവർക്ക് എന്തെങ്കിലും കാര്യമായി ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല.. ..പക്ഷെ ചെയ്യാൻ പറ്റുന്ന ഒന്നുണ്ട്....... 

"ആ ചിറകറ്റ മാലാഖമാരോട് മാന്യമായി പെരുമാറുക, പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക, എല്ലാ സഹായത്തിനും ഹൃദയം കൊണ്ടൊരു നന്ദി പറയുക".

അടൂർ മനോജ്‌ കുമാർ.. 

Wednesday, January 22, 2014

ജുഡീഷ്യറിയോടു ഒരു ചോദ്യം...?

വിധി എന്തുതന്നെയായാലും, എത്ര ലളിതമായാലും കഠിനമായാലും, അതിൽ വലിയ ചിന്ത എനിക്ക് വരില്ല. 

12 പേരെ കുറ്റവാളികൾ എന്ന് കണ്ടെത്തുമ്പോൾ ഒന്ന് മനസ്സിലാകുന്നു, ടി. പി. എന്ന മനുഷ്യൻ, കമ്മ്യുണിസ്റ്റുകാരാൻ എന്നത് കോടതിക്ക് വിഷയമാകില്ല, കൊല്ലപ്പെട്ടു എന്ന് കോടതി വിശ്വസിച്ചിരിക്കുന്നു. 51  വെട്ടുകൾ ഏറ്റാണ്  ആ രാഷ്ട്രിയ പ്രവർത്തകൻ മരിച്ചതെന്നും മനസ്സിലാക്കിയിരിക്കും. അല്ലാതെ  പ്രതികൾ കുറ്റക്കാർ ആവില്ലല്ലോ.....

പക്ഷെ ഒരു ചോദ്യം, ഈ കൊലപാതകം രാഷ്ട്രിയ പ്രേരിതമോ, വ്യക്തിപരമോ അതോ അബദ്ധമോ.....എന്താണ് കോടതി മനസ്സിലാക്കിയ കൊലപാതക കാരണം...

വ്യക്തിപരമാണെങ്കിൽ 12 പേരോടു ടി. പി എന്തായിരിക്കും ചെയ്തിരിക്കുക. വ്യക്തിപരമായ ഒരു ബന്ധം  ടി. പി യും 12 പേരും തമ്മിൽ ഉണ്ടെന്നു ആരും വാദിക്കാൻ സാധ്യത ഞാൻ കാണുന്നില്ല. ഒന്നിൽ കുറ്റുതലായാൽ അതിനെ വ്യക്തിപരം എന്ന് വിശേഷിപ്പിക്കുക വിഷമകരം തന്നെയാണ്.

51 വെട്ട് അബദ്ധത്തിൽ ചെയ്യില്ല എന്നും ഞാൻ വിശ്വസിക്കുന്നു........അപ്പോൾ എന്താരിക്കും കാരണം...

രാഷ്ട്രിയമെങ്കിൽ.....ഇത്രയും വലിയ ഒരു കൊലപാതകം ചുമ്മാ 12 പേര് ചെര്ന്നങ്ങു നടത്തുമോ.....ആവോ.....

എന്താണാ കോടതി വിശ്വസിച്ച കൊലപാതക കാരണം ...??  മാധ്യമങ്ങൾ നാളെ പറയുമായിരിക്കും....അല്ലെ...? 

കൈരളിയും പറയും ....മനോരമയും പറയും.......നമുക്ക് കാതോർക്കാം 

Monday, December 30, 2013

FINAL DESTINATION



FINAL DESTINATION...ഈ സിനിമ കാണാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രമായിരുന്നു ഉള്ളത് . ഇവര്‍ എന്തായിരിക്കും പറയാന്‍ ഉദ്ദേശിക്കുക. എല്ലാവരുടെയും FINAL DESTINATION എന്താണെന്നു വ്യക്തമല്ലേ .....പക്ഷെ ....അവര്‍ പറഞ്ഞതോ..........THE SPEED, THE PATH and moreover THE EXACT TIME for the FINAL DESTINATION.....അതെ... അതിലേക്കുള്ള കൃത്യമായ സമയം...



വളരെ കൌതുകം നിറഞ്ഞതാണ് അതിന്റെ ആവിഷ്കാരം.....പലപ്പോഴും നമ്മള്‍ നമ്മളോട് ചോദിക്കുന്ന ആ ചോദ്യങ്ങള്‍ ഉണ്ടെല്ലോ...ആര് ... എവിടെ......എങ്ങിനെ ...എപ്പോള്‍ ? അതെല്ലാം വളരെ അതിശയകരമായ സംവിധാനമികവിലൂടെ ആ സിനിമ വിളിച്ചറിയിക്കുന്നു... മരണം കാണാൻ മനുഷ്യമനസ്സുളവർക്കു എളുപ്പം സാധിക്കില്ല. എങ്കിലും ആ സിനിമ ഇമ വെട്ടാതെ കണ്ടിരിക്കും നമ്മൾ.   

ആര് ?..എന്ന  ചോദ്യത്തിനു പലപ്പോഴും പ്രസക്തി ഇല്ലാതെ വരും . കാരണം അതിന്റെ സൂത്രധാരന്‍ ഇപ്പോഴും ഒരാള്‌ തന്നെയല്ലേ....

മലയാളത്തില്‍ ഒറ്റ വാക്കുകൊണ്ട്  നമുക്കിതിനെ മനസ്സിലാക്കാം......"വിധി"....കണ്ണുകളെ സാഗരമാക്കുമ്പോള്‍ മാത്രമാണു നമ്മള്‍ ഈ വാക്ക് ഉപയോഗിക്കുക. അതിനു കുളിരേകുമ്പോള്‍,,,,മനസ്സിനു പ്രിയം നല്‍കുമ്പോള്‍ ..നമ്മള്‍ പറയും .."ഭാഗ്യം" എന്ന് .. അല്ലേ..?

ചില സംഭവങ്ങള്‍ വായിക്കുമ്പോള്‍ ...അറിയുമ്പോള്‍ ..അതിനെ എന്താണ് വിളിക്കെണ്ടെതെന്നു മനസ്സിലാകാതെ പോകുന്നു...

അന്നും അതേ Train...അതേ ആളുകള്‍ ..

മലയാള മനോരമ പേപ്പര്‍ വായിക്കാന്‍ മുംബൈ മലയാളികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെങ്കിലും..ചായ സമയത്ത് അതിനുള്ള ഭാഗ്യം എനിക്ക് കുറവാണ് കിട്ടാറു..പതിവ് പോലെ പഠിച്ച എല്ലാ അഭ്യാസവും എടുത്തു ട്രെയിനില്‍ കയറി സീറ്റു പിടിച്ചു......പേപ്പര്‍ വായനെയും തുടങ്ങി.....ഞാനൊരിക്കലും ആദ്യ പേജു ആദ്യം വായിക്കാറില്ല.........തറ പൊളിറ്റിക്സും പീഡനവും അല്ലാതെ എന്താണു അതിലുണ്ടാവുക..?

മൂന്നാം പേജില്‍ വായിച്ച ആ വാര്‍ത്ത!!!!....ഈശ്വരാ....നീയും കുരുടനായോ ..? എന്നറിയാതെ ഞാന്‍ ചോദിച്ചു  പോയി...

വിവര്‍ത്തനം ലളിതമായിരുന്നു അതില്‍ . എത്ര ലളിതമാക്കിയാലും.. ഒരു വരിയില്‍ പറഞ്ഞാലും ..നാല് പേജില്‍ വിവരിച്ചാലും ....അത് വായിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ ഉതിര്‍ക്കാതത്തവരേ  മനുഷ്യഗണത്തില്‍ ചേര്‍ക്കാന്‍ പറ്റില്ല എന്ന് ഞാന്‍ കരുതുന്നു . ആ പേപ്പര്‍ അപ്പോള്‍  അടച്ചതാണ് ...ഇന്നും തുറന്നിട്ടില്ല......കണ്ണടച്ചു പുറകിലേക്ക് ചാഞ്ഞപ്പോള്‍ ഞാന്‍ കണ്ടു ആ വീട്......അലറിക്കരയുന്ന ആ അമ്മയെ ..ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് തലകൊണ്ടു ആഞ്ഞടിക്കുകയാണ് ..ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുമാറ്റുന്നു. അവര്‍ അവരെ ത്തള്ളി  മാറ്റി തറയിലേക്കു വീഴുകയായിരുന്നു.....നീണ്ടുനിവര്‍ന്ന അവരുടെ കൈകള്‍ എന്തിലോ മുറുക്കി പിടിച്ചിരിക്കുന്നു....... ഒരു വെള്ളപ്പൊതിയാണോ.....ഒരു ചോറ് പൊതിയൊളം വലിപ്പമുള്ള ആ വെള്ളത്തുണിയില്‍ ..ആ മുഖം ഞാന്‍ കണ്ടു...ഒമ്പത് മാസം മാത്രം പ്രായമുള്ള ആ കുരുന്നിന്റെ മുഖം.....എന്തൊരു ഓമനിത്തം നിറഞ്ഞ മുഖമാണതു  .....ഞാന്‍ കുറെ നേരം  നോക്കി നിന്ന് പോയി.....പെട്ടന്നാണ് അവന്‍ കണ്ണു തുറന്നത്.... ഞാനും പെട്ടെന്ന് ഞെട്ടി ഉണർന്നു ...... മുമ്പിൽ ഇരുന്ന ആൾ എന്നെ സൂക്ഷിച്ചു നോക്കുകയാണു .....

ഓടിയകലുന്ന പച്ചപ്പുകളെയും  അംബ്ബരചുംബികളേയും നോക്കി കുറേനേരം ഇരുന്നു...  

Office-ല്‍ എത്തിയപ്പോഴും മനസ്സില്‍ ആ വാര്‍ത്ത എന്നെ വല്ലാതെ അലട്ടിയിരുന്നു...അന്ന് ജോലി ചെയ്യാൻ തോന്നിയില്ല.  ഉണ്ണുമ്പോൾ പോലും ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ മുഖമായിരുന്നു കണ്ണിൽ...തിരിച്ചു പോകുമ്പോൾ ആ സംഭവം എന്റെ മനസ്സിൽ ഞാൻ കണ്ടു.

എന്നും ആ അമ്മ കാക്കെയേയും പൂച്ചയേയും ഒക്കെ കാണിച്ചുകൊണ്ടായിരിക്കും കുഞ്ഞിനു ആഹാരം കൊടുക്കുക. അന്നും അങ്ങനെ തന്നെ എന്നു കരുതുന്നു.  

പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിക്കുന്ന ആ കുട്ടി കുറുമ്പനെ ഒക്കത്തെടുത്തുകൊണ്ട് അമ്മ വിടിനു പുറത്തേക്കു വന്നു. സാധാരണക്കാരിയായ ഒരു തനി നാട്ടുമ്പുറത്തുകാരി. കയ്യിൽ നെയ്യിട്ടു കുഴച്ച ചോറും  പാത്രവുമുണ്ട് . അവർ  ആ കുഞ്ഞു വായിലേക്കു ചോറ് നിട്ടുമ്പോൾ അവൻ മുഖം വെട്ടിത്തിരിക്കും.... കള്ളനാണവൻ അവൻ..... അവനറിയാം, അമ്മ കാക്കേം കോഴിയെയും ഒക്കെ കാട്ടിത്തെരും എന്ന്. 

"മോനെ ..ദേ നോക്കിയേ..കാക്ക..... കാണേണ്ടത് കണ്ടപ്പോ അവന്റെ വാ താനേ തുറന്നു. നട അടയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു ഉരുള ചോറു അവന്റെ വായിൽ എത്തിച്ചു. എന്ത് രസമാണ് അവൻ കഴിക്കുന്നത്‌ കാണാൻ.

അവന്റെ കൂട്ടുകാരേ കണ്ടു കൊണ്ട് ചോറു മുഴുവൻ തീർത്തു. തിരിച്ചു വീട്ടിലേക്കു പോകാൻ അവനു തീരെ ഇഷ്ടമില്ല എന്ന് തോന്നുന്നു.... ദൂരേക്ക്‌ കുഞ്ഞുക്കൈ ചുണ്ടുകയാണ്.... അമ്മ നോക്കുമ്പോൾ രണ്ടു കാക്കകൾ അവനോടെന്തോ പറയുകയാണ്‌. അവർ കുറച്ചുകുടെ അടുത്തേക്ക് ചെന്നു. ആ തെങ്ങിന്റെ ചുവട്ടിലേക്ക്‌....അവനപ്പൊഴും അമ്മെ കാക്കെയെ കാണിക്കുകയാണു... 

എന്തോ കണ്ണിലേക്കു വീണിട്ടാണവർ കണ്ണടച്ചതു. കണ്ണ് തുറക്കുന്നതിനു മുമ്പ് തന്നെ അവരതു മനസ്സിലാക്കിയിരുന്നു.... വളരെ ബദ്ധപ്പെട്ടണു അവർ കണ്ണു തുറന്നത്. ആദ്യം കണ്ടത് ചോരപ്പാടുകളോടെ താഴെ കിടക്കുന്ന തേങ്ങയാണു...ഒക്കത്തുനിന്നും അവൻ താഴേക്കു ഊർന്നു പോകുന്നതവർ അറിഞ്ഞു...ഒരു നോക്ക് മാത്രമേ ആ അമ്മയ്ക്ക് നോക്കാനായുള്ളു..നേർത്ത മുടിനാരുകളെ മറച്ചുകൊണ്ടു അവന്റെ തലയിൽ നിന്നും ഒഴുകുന്ന ചോര കണ്ട ആ അമ്മയുടെ മനസ്സ് നിശ്ചലമായി.......

വാതിൽ പടിയിൽ ഇരുന്ന അച്ഛൻ ആ കാഴ്ചയ്ക്ക് ദൃക്സാക്ഷിയായി. പൂഴിമണ്ണു നിറഞ്ഞ തറയിലേക്കു വീണ തന്റെ ഭാര്യയുടെ മാറിൽ ചോരപ്പുതപ്പുമായി ചലനമറ്റു കിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്കു വിറയ്ക്കുന്ന കാലുകളുമായി അയാൾ നടന്നു. നിശ്ചലമായ ശരീരത്തെ പുനർജ്ജീവിപ്പിക്കാൻ വൈദ്യത്തിനു കഴിയില്ല എന്നോർക്കാതെ അയാൾ കുഞ്ഞിനെ എടുതുകൊണ്ടു ഓടി..കാലുകൾക്കപ്പോൾ ശരവേഗമായിരുന്നു...................

തെങ്ങ് ചതിക്കില്ല എന്ന് വിശ്വസിക്കുന്നെങ്കിൽ,, ഇവിടെ ആരാണു ചതിച്ചത്...ദൈവമോ...?.അതോ ആ കാക്കകളോ .......? ഇതിനെയാണോ ഈശ്വര.."വിധി" എന്ന് വിളിക്കുന്നതു ...? 

എന്റെ വീടിന്റെ കതകു എനിക്കായി തുറന്നു പുഞ്ചിരിയോടെ നിൽക്കുന്ന ഭാര്യയുടെ പിറകിൽ കൂടി "അച്ഛാ" എന്ന് വിളിച്ചുകൊണ്ട് ഓടി വരുന്ന എന്റെ മോളെ ഞാൻ കോരിയെടുത്തു.....ആ നിമിഷത്തോളം ഞാനെന്റെ കുഞ്ഞിനെ ഇന്നു വരെ സ്നേഹിച്ചിട്ടില്ല........

വിധി എന്ന ഭയാനകമായ ശബ്ദത്തെ പേടിച്ചിട്ടു കാര്യമില്ല എന്നറിയാമെങ്കിലും.. ഒരു ഭയത്തോടെ ഇന്നും ജീവിക്കുന്നു..........ഒരുക്കലും...ആർക്കും..അങ്ങനൊരു വിധി നൽകല്ലേ എന്ന പ്രാർത്ഥനയോടെ.....    
      

         


  







  

Wednesday, April 28, 2010

ഒരു ജോലി തേടി.............അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ...


രണ്ടാം ഭാഗം ഇവിടെ...

.....ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...

ഗോരേഗാവിലെ ആ കമ്പനിയിലെ നമ്മുടെ "സ്ഥിരം" ആളുടെ ശബ്ദം ഇങ്ങനെ തുടങ്ങി.."MD നാളെ വരും...താങ്കള്‍ നാളെ ഇവിടെ വരൂ..പറ്റുമെങ്കില്‍ നാളെത്തന്നെ ജോയിന്‍ ചെയ്യാം....".

കൊടുംചൂടിലും കുളിര്‍കാറ്റുപോലെ വീശിയടിച്ച ആ വാക്കുകള്‍ക്കു ഞാനറിയാതെ "വരാം" എന്ന മറുപടിയാണു നല്‍കിയതു....(ഹിന്ദിയിലാണ് സംസാരം മുഴുവന്‍.). സംശയത്തോടെ എന്നെ നോക്കുന്ന മാനേജരെ ഞാന്‍ ശ്രദ്ദിക്കാതെ MD-യുടെ മുറി ലക്ഷ്യമാക്കി നടന്നു. അവരെ കാണുന്നതു വരെ എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു..പക്ഷെ അവരെ കണ്ടപ്പോള്‍ എന്റെ വായില്‍ നിന്നും വന്നതിങ്ങനെ..."സര്‍ ..ഞാന്‍ B-Tech-നു അപേക്ഷിച്ചിരുന്നു. അതു ശരിയായി...എനിക്ക് നാട്ടിലേക്കു പോകണം...."

ഒരു പത്തു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം ചോദിച്ചു.."ഏതാണു Discipline...എന്റെ മറുപടി പക്ഷെ പെട്ടെന്നാരുന്നു ..."POLYMER TECHNOLOGY" ..മുഖത്തു നിന്നും കണ്ണാടി ഊരി വച്ചിട്ട് അദ്ദേഹം പറഞ്ഞു.."കൊള്ളാം,,ഞാനും B-Tech in Polymer technology ആണ്..പൂനെ യൂണിവേഴ്സ്സിറ്റിയില്‍ നിന്നും..ഉപരിപഠനം നല്ലതാണു..എപ്പൊഴാണു പോകണ്ടതു..."

"ഇന്നു തന്നെ....." രക്ഷപെടാനുള്ള വ്യഗ്രതയില്‍ എന്റെ ഉത്തരത്തിനു ഇടവേള ആവശ്യമുണ്ടായിരുന്നില്ല....അവരുടെ തന്നെ വണ്ടിയില്‍ എന്നെ തിരിച്ചു കൊണ്ടെത്തിച്ചു...അതിശയഭാവത്തോടെ എന്നെ നോക്കുന്ന എന്റെ "സഹവാസികളോടു ഞാന്‍ കാര്യം  പറഞ്ഞു...."കുടുസ്സി"ന്റെ പ്രത്യേകതകള്‍ വിവരിച്ചു ഞാനാ രാത്രി "സമ്പന്ന"മാക്കി..

രാവിലെ 9.30 മുതല്‍ കാണാന്‍ കൊതിച്ച ആ "German Return MD" രൂപത്തെ വൈകിട്ട് 7.30 വരെ കാണാന്‍ സാധിച്ചില്ല....എന്നെ വിളിച്ചയാള്‍ക്ക് അന്നും ഒരു മറുപടി ഉണ്ടായിരുന്നു....."അദ്ദേഹം ഇന്നു വന്നതല്ലേയുള്ളു..അതായിരിക്കും officil-ലേക്കു വരാഞ്ഞതു..നാളെ എന്തായാലും വരും....എന്നെ ഒന്നു വിളിച്ചിട്ട് നാളെ പോരെ.."

വീണ്ടും എനിക്കതു ലഭിച്ചൂ..........."പ്രതീക്ഷ"...

രണ്ടു ദിവസം ഞാന്‍ സ്ഥിരമായി കേട്ട ഒരു വാചകം ഉണ്ടു...."ഞാന്‍ അങ്ങോട്ട് വിളിക്കാം."....

വിവശനായ ഞാന്‍ മൂന്നാം ദിവസം അങ്ങോട്ടു ചെന്നു..വിളിക്കാതെ..."ഞാനെന്താ ചെയ്യണ്ടെ എന്ന എന്റെ ചോദ്യത്തിനു അയാള്‍ തന്ന മറുപടി എന്റെ കാതില്‍ ആയിരം വട്ടം മുഴങ്ങി..."പുതിയ ഒരു കമ്പനിക്കു വേണ്ടിയാ നിങ്ങളെ സെലെക്‍റ്റ് ചെയ്തത്..പക്ഷെ ഇപ്പൊ MD അതു വേണ്ടാന്നു വച്ചു....

എന്റെ മുഖത്തു നോക്കിയല്ല അയാളതു പറഞ്ഞതു....നിന്നിടം കുഴിഞ്ഞു പാതാള‍ത്തിലേക്കു പോവുകയാണെന്നു എനിക്ക് തോന്നി....

അവിടെ നിന്നും നേരെ എത്തിയത് "അയ്യപ്പ സന്നിധിയില്‍........

കാലുകള്‍ നയിച്ചെടുത്തു മനസ്സെത്തുകയായിരുന്നു....എത്ര നേരം...എത്ര നേരമവിടെ ഇരുന്നു എന്നെനിക്ക് നിശ്ചയമില്ല...

വരുന്ന വഴിയില്‍ ....മുമ്പിലുള്ളതെല്ലാം തട്ടിത്തെറുപ്പിച്ചു ചീറിപ്പാഞ്ഞു നടക്കുന്ന "Suburban train"-കളെ നോക്കി മനസ്സ് കൊതിച്ച "ഉത്തരവാദിത്ത"മില്ലായ്മ്മയ്ക്കു മാപ്പു പറയുക എന്ന ഒരു കര്‍മ്മം കൂടി ഞാനാ സന്നിധിയില്‍ വച്ചു നടത്തി...

ആ സന്നിധിയില്‍ നിന്നും തിരിച്ച് പടികളിറങ്ങുമ്പോള്‍...മനസ്സ് ദൃഡമായ ഒരു പ്രാര്‍ഥനയിലായിരുന്നു.........

"ഇനി ജോലി തേടി അലയുന്ന ഒരു ദിവസവും എന്റെ ജീവിതത്തിലുണ്ടാകരുതു....."

ഇന്നു വരെ ആ നിശ്ചയം പാലിക്കാന്‍ കലിയുഗ വരദന്‍ എന്നെ സഹായിച്ചു..

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍...ഞാന്‍ തേടി നടന്ന "ജോലി"...എന്നെ ഒരിക്കല്‍ നിരാകരിച്ച അതേ നഗരത്തില്‍ നിന്നും, എന്നെ തേടി വന്നു....മാര്‍ച്ചിലെ ഒരു സുപ്രഭാത്തില്‍....KONGU ENGINEERING COLLEGE-പടിപ്പുര കടന്ന്‍........

...........ഇതെഴുതി അവസാനിപ്പിക്കുമ്പോള്‍ എന്നിലെ "B-TECH ENGINEER" ‍ആത്മവിശ്വാസത്തോടെ,...തലയെടുപ്പോടെ നില്‍ക്കുന്നതു ഞാന്‍ കാണുന്നൂ......

ഒരു ജോലി തേടി...............(ഭാഗം...രണ്ട്)

ഒന്നാം ഭാഗം ഇവിടെ....http://adoormanojkumar.blogspot.com/2010/04/blog-post_27.html


.......ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തിലല്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


"CEAT" എന്ന സ്വപ്നത്തിന്റെ അസ്തമനം...."LAY-OFF" എന്ന സാരമായ അര്‍ബുദം ബാധിച്ചു കൊണ്ടിരുന്ന ആ കമ്പനിയില്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തയ്യാറായ ആളുകളെ പോലും അവര്‍ക്കു ആവശ്യമില്ലത്രേ...വളരെ വിഷമത്തോടെ....എന്റെ മനസ്സില്‍ ആ സ്വപ്നത്തിന്റെ വിത്ത് വിതച്ചയാളുടെ ഉള്‍മനസ്സ്... "ഞാന്‍ നന്നായി ശ്രമിച്ചു കുട്ടീ.." എന്നു പറഞ്ഞത് എന്റെ ഹൃദയത്തിനു മനസ്സിലാവേണ്ടതു അത്യാവശ്യമായ ഒന്നായിരുന്നു...ഇപ്പോഴും എന്റെ വരവില്‍ എനിക്കിഷ്ടമുള്ള അവിയലും മീന്‍ കറിയും വച്ചു തരാന്‍ ആ കുടുംബത്തിന് ഉത്സാഹമാണു..അവരോടു എനിക്ക് ഒരു വാക്കേ പറയാനുള്ളൂ....."നന്ദി.."

പിന്നീടു ജോലിക്കായുള്ള ശ്രമം സ്വയം ഏറ്റെടുത്തു..കാണുന്ന എല്ലാ പരസ്സ്യങ്ങള്‍ക്കും അപേക്ഷ അയക്കുക എന്റെ "ഹോബി"യായി മാറി..മുന്‍പരിചയം ഉള്ള ആളുകളെ പോലും വേണ്ടാത്ത ആ കാലഘട്ടത്തില്‍ ആ വര്‍ഷം പഠിച്ചിറങ്ങിയ എന്നെ ആരു പരിഗണിക്കാന്‍....?

താമസിക്കുന്ന മുറിയുടെ എതിര്‍വ‍ശത്തു ഒരു "മെസ്സു"ണ്ട്..രണ്ടും ആലപ്പുഴക്കാരന്‍ ഒരു അച്ചായന്റേതാണു..താലി കെട്ടിയതു അച്ചായനാണെങ്കിലും "ഭര്‍ത്താവു" അമ്മാമ്മയാണു..1000 രൂപായാണു മെസ്സിനും താമസവാടകയുമായി അവര്‍ വാങ്ങിയിരുന്നത്..നാട്ടിലെ എന്റെ വീടിന്റെ അടുത്തുള്ള ഒരു കുടുംബത്തിലെ ഇളയ മകന്‍ മുംബൈയിലുണ്ടായിരുന്നു...ചിലവിനുള്ള കാശ് (മാസാമാസം 1200 രൂപാ) ആ ചേട്ടന്‍ എനിക്ക് തരും..എന്റെ വീട്ടുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ആ രൂപാ കൊടുക്കണം..ആ കരാര്‍ തപാല്‍ വകുപ്പിനു ന‍ഷ്ടമുണ്ടാക്കിയെങ്കിലും എന്നെ ഒരു വിധത്തില്‍ സമാധാനിപ്പിച്ചിരുന്നു...അധികച്ചിലവിന് മാസാമാസം എന്റെ കയ്യില്‍ ബാക്കി വരുന്നതു 200 രൂപാ....

"ജോലി തെണ്ടല്‍" എന്ന മാമാങ്കം തുടങ്ങിയിട്ട് മാസം രണ്ട് കഴിയുന്നു..ഭാഗ്യം വാതിലില്‍ മുട്ടിയ ഒരു ദിവസം.."Interview" ചെയ്യാനെത്തിയതു ഒരു മലയാളി...എന്നെ അദ്ദേഹത്തിനു നന്നായി ബോധിച്ചു..മാസം 3000 രൂപാ ശമ്പളം ഉറപ്പിച്ചു..നാളെത്തന്നെ ജോലിയില്‍ പ്രവേശിച്ചോട്ടെ എന്ന എന്റെ അപേക്ഷയ്ക്കു "വേണ്ടാ" എന്നദ്ദേഹം പറഞ്ഞതിന്റെ കാരണം "Office Renovation"...

(അമ്മാമ്മയുടെ ഫോണ്‍ നമ്പര്‍ ഞാന്‍ എല്ലവര്‍ക്കും കൊടുക്കും)

മൂന്നാം ദിവസം അദ്ദേഹത്തിന്റെ സ്വരം ഞാന്‍ കേട്ടപ്പോള്‍ തകര്‍ന്നത് എന്റെ മറ്റൊരു പ്രതീക്ഷ.."ആ ജോലിക്കു ഒരു വര്‍ഷം മുന്‍പരിചയമുള്ള ഒരു "B-TECH" കാരന്‍ അതേ ശമ്പളത്തില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറാണു...M.D. യുടെ തീരുമാനത്തെ ചോദ്യം ചെയ്യനുള്ള അധികാരം എനിക്കില്ല സഹോദരാ...സോറി..."

വിധിയെ പഴിക്കുക.....അല്ലതെ എന്തു മാര്‍ഗം...

സ്വയം പഴിച്ചുകൊണ്ടുള്ള മുന്നോട്ടുള്ള ജീവിതം....പല ദിവസവും ഉച്ചഭക്ഷണം രണ്ടു രൂപാ വിലയുണ്ടായിരുന്ന "INDIAN BURGER" എന്നു ഹൈ സൊസൈറ്റിക്കു വിളിക്കാവുന്ന "വടാപ്പാവ്"..അതു കഴിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല,...... ഒരെണ്ണം കഴിച്ചാല്‍ പിന്നെ ഒരു അഞ്ചാറു മണിക്കൂറത്തേക്കു വിശക്കില്ല........

200 രൂപാ തികയാത്ത സമയത്ത് പ്ലംബിംങ്ങും, അലൂമിനിയം ഫാബ്രിക്കേഷനും ഒക്കെ പഠിക്കേണ്ടി വന്നു...ആദ്യമൊക്കെ എന്നെ അവര്‍ക്കു കൊണ്ടുപോകാന്‍ മടിയാരുന്നു..പിന്നെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ അവര്‍ കാണിച്ച സന്‍മനസ്സ് എന്നെ തേടി "ദിവസക്കൂലി" വരാന്‍ തുടങ്ങി...

മാസം ഏകദേശം ആറ് കഴിഞ്ഞു...പ്രതീക്ഷ കൈവിടാതെ ജീവിച്ച എനിക്ക് "ഗോരേഗാവ്" എന്ന സ്ഥലത്തെ ഒരു കമ്പനിയില്‍ മനോഹരമായ ഒരു interview ഒത്ത് കിട്ടി..ഒരു പ്ലാസ്സ്റ്റിക്ക് കമ്പിനിയാണു..ശമ്പളം 5250 രൂപ. പുതുതായി തുടങ്ങുന്ന ഒരു സംരംഭം...... അതിനായി MD ജര്‍മ്മനിയില്‍ പോയിരിക്കുകയാണു..അദ്ദേഹം ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ "Appointment Letter" ല്‍ ഒപ്പിടും.... ആ ദിവസം തന്നെ വേണമെങ്കില്‍ എനിക്ക് ജോയിന്‍ ചെയ്യാം..

"ആഴ്ച്ച"യല്ല കഴിഞ്ഞത്......ആഴ്ച്ചകളാണു........ഓരോരൊ കാരണങ്ങള്‍.....അവസാനം "ഞങ്ങള്‍ അറിയിക്കാം....... ഇനി ഇങ്ങോട്ട് വിളിക്കണ്ടാ".. എന്ന ദൃഡസ്വരം ഞാന്‍ കേള്‍ക്കേണ്ടി വന്നു..

മാസം എട്ട് കഴിയുന്നു...പണ്ടെങ്ങോ നടത്തിയ ഒരു interview-ന്റെ ഫലം വന്നതു അപ്പോഴാണു...മാട്ടുംഗയിലെ അവരുടെ "MAIN OFFICE" ലേക്കു വിളിപ്പിച്ചു. ഒരു മുറിയില്‍ അടങ്ങിയ ആ "MAIN OFFICE"ല്‍ ഭാഗ്യത്തിനു കമ്പനി അവകാശികള്‍ ഉണ്ടായിരുന്നു..ജോലി "ഭീവണ്ടി"ക്കപ്പുറം "കുടുസ്സ്" എന്ന സ്ഥലത്ത്. താമസിക്കാനുള്ള സൗകര്യം അവര്‍ തരും...എനിക്കെന്താലോചിക്കാന്‍..... "ഓക്കെ" പറയുന്നതിനു ഞാനെടുത്ത സമയം ഒരു second.

പിറ്റേന്ന് രാവിലെ അവര്‍ തന്നെ എന്നെ "ഫാക്ടറി"യില്‍ എത്തിച്ചു..മൂന്നു മണിക്കൂര്‍ യാത്രയില്‍ എന്റെ മനസ്സ് ശൂന്യമായിരുന്നു...അടൂര്‍ "നയനം" (സിനിമാക്കൊട്ടകയാണേ) ആ ഫാക്ടറിയേക്കാളും വലുതാണു. തുടക്കം ചെറുതില്‍ തന്നെയായിക്കൊള്ളട്ടെ എന്നു ഞാന്‍ ആശ്വസിച്ചു.

വൃക്ഷങ്ങള്‍ക്ക് ഭൃഷ്ട് കല്പ്പിച്ചിരുന്ന ആ വരണ്ട നാട്ടില്‍ എത്ര നാള്‍ വിധിയെന്നെ തളച്ചിടും എന്ന ചിന്തയോടെ നിന്ന എന്നൊടു COMPOUND-ന്റെ വലത്തേയറ്റത്തുള്ള ഒരു ചെറു കൂര ചൂണ്ടിക്കാണിച്ചു കൊണ്ടു അവര്‍ പറഞ്ഞു "പോയി rest എടുത്തോളു...വന്ന അന്നു തന്നെ ജോലിക്കു കേറാതെ വിശ്രമിക്കാന്‍ പറഞ്ഞതിന്റെ പൊരുള്‍ അവരുടെ അടുത്ത വാചകത്തില്‍ നിന്നും എനിക്ക് മനസ്സിലായി.."ഇന്നു തനിക്ക് നൈറ്റ് ഡ്യൂട്ടിയാണു...8.00 PM മുതല്‍ 8.00 AM വരെ..എല്ലാ "Mould" കളും ഓയില്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്ത് വയ്ക്കുക...അതാണു തന്റെ ആദ്യത്തെ ജോലി". മറുപടി ആവശ്യമില്ലാത്തതു കൊണ്ട് അവര്‍ അവരുടെ മുറിയിലേക്ക് പോയി....

ഒരു കട്ടിലും അതിനരുകില്‍ ഒരു സ്റ്റൗവ്വും കുറച്ചു പാത്രങ്ങളും അടങ്ങിയ ആ കൊച്ചു മുറിയിലേക്കു കയറുമ്പോള്‍ മനസ്സ് വിശ്രമിക്കാനുള്ള അവസ്ഥയിലല്ലായിരുന്നു. എങ്കിലും ആ കയര്‍ കട്ടിലില്‍ കുറെ നേരം കിടന്നു....തെളിഞ്ഞ ആകാശത്തെ കാണാന്‍ അനുവദിക്കാത്തത് "Asbestos" ഷീറ്റുകള്‍..... മഴയില്‍ നിന്നും വെയിലില്‍ നിന്നും എന്നെ സംരക്ഷിക്കാന്‍ പോകുന്നത് അതാണു.

ഒന്നു മയങ്ങിയത് പാത്രങ്ങള്‍ക്കിഷ്ടപെട്ടില്ലേ..? അവര്‍ തമ്മില്‍ എന്തിനു വഴക്കിടുന്നു...കണ്ണു തുറന്നു നോക്കിയപ്പോള്‍ ഒരു "നേപ്പാളി".......കുക്കാണ്....

ഉച്ചയ്ക്ക് "മാനേജര്‍" വന്നപ്പോളാണ് ഉണ്ണാനുള്ള സമയം ആയെന്നു മനസ്സിലായത്...ഭാഗ്യം ആഹാരം മോശമല്ല....

അമ്മാമ്മെ വിളിച്ചു കമ്പനി ഫോണ്‍ നമ്പര്‍ കൊടുത്തു..എന്തോ..വീട്ടില്‍ അറിയിക്കാന്‍ തോന്നിയില്ല..

അവിടുത്തെ കാലാവസ്ഥയെ കുറിച്ചു എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല..തണുപ്പിനു ഇത്ര കാഠിന്യം ഉണ്ടെന്നു ഞാന്‍ അറിഞ്ഞതു രാത്രി ഏകദേശം ഒരു മണിയൊടടുപ്പിച്ചാണു.. ..ക്ലീന്‍ ചെയ്യന്‍ ഓയില്‍ എടുക്കുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നു..ഒരു ഡിപ്ലൊമ ഇഞ്ചിനീയര്‍ ഇതാകുമോ ചെയ്യുക...അറിയില്ല...സംശയങ്ങള്‍ ഒരായിരം മനസ്സില്‍ ഉതിര്‍ന്നു...

പിറ്റെന്നു ഉച്ചയൂണു കഴിഞ്ഞ് മയക്കം മുടക്കിയത് "സാര്‍ സാര്‍" എന്ന വിളിയാരുന്നു. എനിക്കൊരു ഫോണ്‍ കാള്‍ ഉണ്ടെന്നു വന്ന ഒരു ജോലിക്കാരന്‍ പറഞ്ഞു..സമയം ഏകദേശം മൂന്നായെന്നു തോന്നുന്നു..........ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..

അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...


തുടരും..........

Tuesday, April 27, 2010

ഒരു ജോലി തേടി...............(ഭാഗം...ഒന്ന്)

Central Ministry-യുടെ സ്റ്റാമ്പോടു കൂടിയ ആ POST DIPLOMA Certificate-നോടൊപ്പം All India 10th Rank Certificate-ഉം കൂടി എന്റെ കൈയ്യിലേക്കു CIPET-ന്റെ Director തന്നപ്പോള്‍, വലതു കൈ ഒരു shakehand-നായി നീണ്ട അതേ സമയം എന്റെ ഇടതു കരം ആ രണ്ടു സര്‍ട്ടിഫിക്കേറ്റുകളും മറോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു... ഒരായിരം പ്രതീക്ഷകളുടെ സ്വപ്ന സാക്ഷാത്കാരമായി കിട്ടിയ അമൂല്യ നിധി പോലെ........

AD 2000......മുംബെ നഗരം.....

നഗരമധ്യത്തില്‍ കാലെടുത്തു വയ്യ്ക്കുമ്പോള്‍ എന്റെ മനസ്സിനെ ആകെ പൊതിഞ്ഞിരുന്ന കുളിരിനെ നശിപ്പിക്കാന്‍ മുംബെ നഗരത്തിന്റെ കൊടും ചൂടിനായില്ല. ഹാര്‍ദ്ദവമായ സ്വീകരണമായിരുന്നു എന്റെ "കസിന്‍" എനിക്കു നല്‍കിയതു....നാട്ടില്‍ ചുറ്റുമതിലുകളോടു കൂടി വിശാല  മുറ്റം സാക്ഷി നിര്‍ത്തി കമനീയമായ നാലഞ്ചു മുറികളുള്ള ഒരു വലിയ വീടിന്റെ ഉടമസ്ഥരായ ആ കുടുംബം താമസിക്കുന്നതു "1 BHK" എന്ന് വിശേഷണം ഉള്ള ഒരു കൊച്ചു ഫ്ലാറ്റില്‍.....

ഒരു "പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയാത്ത "ജീവിതം" എന്ന അധ്യായം പഠിക്കാന്‍ ആരംഭിച്ചതു അവിടെ നിന്നും...."CEAT" എന്ന ഭീമാകാരനായ Tyre കമ്പനിയില്‍ പ്രവേശനം എന്ന വ്യക്തമായ ലക്ഷ്യത്തോടു കൂടി തന്നെയാണു ഞാനാ നഗരത്തില്‍ എത്തിയത്....ആ പ്രതീക്ഷ നല്‍കിയതിന്റെ ഉടമസ്ഥാവകാശം കസിന്റെ ഭര്‍ത്താവിനാണു...

"ഭാര്യ" അല്ലെങ്കില്‍ "അമ്മ" എന്നീ രണ്ടു വാക്കുകള്‍ തന്നെയാണു ഒരു വീട്ടിലെ സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെം, സന്തോഷത്തിന്റെയും മൂലകാരണം എന്നും.. "കുടുംബ സംരക്ഷണം" എന്ന മഹത്തായ ഉത്തരവാദിത്തം അതിന്റെ പൂര്‍ണ്ണ മൂല്യത്തോടെ കാത്തു സൂക്ഷിക്കാന്‍ ഒരു കുടുംബനാഥനെ സഹായിക്കുന്നതു മുകളില്‍ പറഞ്ഞ ആ രണ്ട് വാക്കുകള്‍ക്കു പൂര്‍ണ്ണമായ അര്‍ഥം കൈവരിക്കുമ്പോഴാണു എന്നും
ഞാന്‍ മനസ്സിലാക്കിയതു പതിമൂന്നു ദിവസത്തെ അവിടുത്തെ താമസമാണു.."

പക്ഷെ ജീവിതം ഞാന്‍ കാണാന്‍ തുടങ്ങിയതേ ഉള്ളുവെങ്കിലും അതില്‍ ബിരുദമെടുത്ത എന്റെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നൂ..."അവര്‍ക്കു ശല്യമാകുന്ന ഒരു ദിവസം നീ സൃഷ്ടിക്കരുത്.." ആ വാക്കുകള്‍ എന്നെ അവിടുന്നു മാറണം എന്ന ചിന്തയില്‍ കൊണ്ടെത്തിച്ചു.. പക്ഷെ എങ്ങോട്ടു..? ഒരു കൂട്ടുകാരന്റെ ചേട്ടന്‍ MALAD എന്ന സ്ഥലത്തുണ്ടാരുന്നു.. ഒരു മലയാളിയേ മറ്റൊരു മലയാളി സഹായിക്കില്ല എന്ന പ്രസ്താവന തെറ്റെന്നു വരുത്തി അദ്ദേഹമെനിക്കൊരു താമസസ്ഥലം കണ്ടുപിടിച്ചു.."കീശ"യിലെന്തുണ്ടോ..അതിനനുസരിച്ചുള്ള ഒരു ജീവിതം തരാന്‍ മുംബെയ്ക്കല്ലാതെ ലോകത്തിലെ മറ്റേതെങ്കിലും നഗരത്തിനു സാധിക്കുമോ എന്നെനിക്കു സംശയമാണു...

50 രൂപാ മുതല്‍ 3000 രൂപാ വരെ മാസവാടകയ്ക്കു താമസിക്കുന്ന ഒരു "ചേരി"യിലാണു എന്റെ സ്വതന്ത്ര താമസം ആരംഭിച്ചതു...
മുംബയിലെ ഒരു "ചേരി" അല്ലെങ്കില്‍ "ചാലുകള്‍"..അതെങ്ങെനെയിരിക്കും എന്നു ഇന്ത്യയിലേക്കു അനവധി "ഓസ്ക്കാര്‍" കൊണ്ടുവരാന്‍ ഒരു "ഹോളിവുഡ്" സിനിമ സഹായിച്ചതിനാല്‍ അധികം വിവരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല....

പതിനൊന്ന് പേര്‍ താമസിക്കുന്ന മുറിയിലേക്കു ഞാന്‍ എന്റെ ഒരെഒരു സ്യൂട്ട്കേസ്സുമായി ആ ഞായറാഴ്ച്ച കടന്നു ചെന്നപ്പോള്‍ കണ്ടതു ചിരിച്ചും തമാശകള്‍ പറഞ്ഞും ചുറ്റുമിരുന്ന് മദ്യസേവ നടത്തുന്ന ഒരു പറ്റം ചെറുപ്പക്കാരെയാണു.. കൂട്ടത്തില്‍ ചെറുപ്പക്കാരിലും ചെരുപ്പമായി ഒരു അറുപതു വയസ്സ് തോന്നിക്കുന്ന ഒരു "അച്ചായ"നും....

സ്ഥിരം ചോദ്യങ്ങള്‍ തന്നെയാരിക്കും...എന്നെ കണ്ടതും പേരു..സ്ഥലം..ഈ രണ്ടു കാര്യങ്ങള്‍ ആണു അവര്‍ക്കാദ്യം അറിയേണ്ടിയിരുന്നത്...."അടൂര്‍" എന്നു കേട്ടതും ആ കൂട്ടത്തിലൊരാള്‍ ചാടിയെഴുന്നേറ്റു എന്റെ അടുത്തെക്കു വന്നു ...

"അളിയാ..ഞാന്‍ "വയല"ക്കാരനാ ബിനൂന്നാ പേര്..സ്വാഗതം..സുസ്സ്വാഗതം..."

കുഴയുന്ന ആ വാക്കുകള്‍ മനസ്സിലാക്കന്‍ എനിക്കു ബുദ്ധിമുട്ടോന്നും ഉണ്ടായില്ല...ആ ആഘോഷത്തില്‍ പങ്കു ചേരാന്‍ എന്നെ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അതു സ്നേഹപൂര്വ്വം നിരസ്സിക്കുകയെ എനിക്ക് കഴിയിമായിരുന്നുള്ളു...

വന്ന ദിവസം തന്നെ തങ്ങളുടെ "ശര്‍ദ്ദില്‍" ഒരു വിദ്യാഭ്യാസമുള്ളവന്‍ കഴുകേണ്ടി വന്നതിന്റെ അനുകമ്പ അവര്‍ക്കെന്നോടു ആദ്യദിവസങ്ങളില്‍ നന്നായി ഉണ്ടായിരുന്നു.."ഗള്‍ഫ്" എന്ന ഒരെയൊരു സ്വപ്നവും പേറി കഴിയുന്ന സ്നേഹസമ്പന്നരായ കുറെ ആളുകള്‍..ഒരു കുടുംബത്തിലെ എല്ലാ ദുഖങ്ങളും മറക്കാന്‍ കഴിയുന്ന സൗഹൃദാന്തരീക്ഷം...അവിടെ പരിഭവങ്ങളില്ല...കുറ്റം പറച്ചിലുക്കളില്ല...വഴക്കില്ല..നാടകീയത ഇല്ല.....

ആ കൊടും ചൂടില്‍ ഒരാള്‍ മറ്റൊരാളുടെ ദേഹത്തു മുട്ടിയൊരുമ്മി കിടക്കുമ്പോള്‍ ഉറങ്ങാതെ രാവുകള്‍ കഴിച്ചു കൂട്ടിയ ഒരാള്‍ ഞാന്‍ മാത്രം...അതിശയത്തോടെ ഞാന്‍ നോക്കി കണ്ടിരുന്നു അവരുടെ നിഷ്കളങ്കമായ ഉറക്കത്തെ..എല്ലു മുറിയേ പണിയെടുത്തിട്ട് അവരിലെ "പ്ലംബിങ്ങും, വയറിങ്ങും, അലൂമിനിയം ഫാബ്രികേഷനും" ഒക്കെ രാത്രിയില്‍ നിശബ്ദരായി ഇരുക്കുന്നത് ഇന്നു ബാക്കി വച്ചതു നാളെത്തന്നെ തീര്‍ക്കണം എന്ന ലക്ഷ്യബോധത്തോടെയായിരിക്കണം..അങ്ങനെ ഒരു വിജംഭിതമായ ഒരു ആവശ്യവും എനിക്കില്ലാഞ്ഞതു കൊണ്ടാകാം ഉറക്കം തഴുകാത്ത കുറേ രാത്രികള്‍ മുംബെ എനിക്ക് സമ്മാനിച്ചതു..

"CEAT" എന്ന സ്വപ്നവുമായി ഞാന്‍ കഴിച്ചു കൂട്ടിയതു ഒരു മാസം..ഒരു അസ്തമനസൂര്യന്റെ സാന്നിധ്യത്തില്‍ വന്ന ഒരു "ഫോണ്‍കാളില്‍" ഞാന്‍ കണ്ടതു മറ്റൊരു അസ്തമനം കൂടിയായിരുന്നു.....


തുടരും...........

Friday, April 23, 2010

ഒരു "ടാര്‍സ്സണ്‍" വിളയാട്ട്

ഒരു ഏഴാം ക്ലാസ്സുകാരന്റെ  മനസ്സില്‍ ആരൊക്കെയാരിക്കും "HEROES". ബാറ്റ് മാന്‍, സൂപ്പര്‍ മാന്‍, സ്പൈഡര്‍ മാന്‍..........അല്ലെ. ഇവരൊക്കെ തന്നാരുന്നു എന്റെം ഇഷ്ട നായകന്മാര്‍...അന്നൊരു പക്ഷെ "മംഗലശ്ശേരി നീലകണ്ടന്‍" അവതരിക്കാത്തതു കൊണ്ടാകും ഞാനേറ്റവും കൂടുതല്‍ ആരാധിച്ചിരുന്നത് "ടാര്‍സ്സണെയാണു". കാട്ടു വള്ളികളിലൂടെ പറന്നു നടക്കുന്ന ആ അതികായകനെ ഞാനന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്...ഞങ്ങളുടെ പുതിയ "HEAD MASTER" ജോയിന്‍ ചെയ്യുന്നതു വരെ...

1992 - St'Marys School

7-C ലെ ക്ലാസ്സ് ലീഡര്‍ എന്ന അലങ്കാരം ഉള്ള വര്‍ഷം. എനിക്ക് ആ സ്ഥാനത്തിനു "ഹാട്രിക്ക്" നേടിത്തന്ന വര്‍ഷം. സാറന്മാരില്ലാത്ത സമയത്ത് "മിണ്ടുന്നവരുടെ" പേരു BOARDല്‍ എഴുതി അവര്‍ക്കടിവാങ്ങിച്ചു കൊടുക്കുക എന്ന "ഉത്തരവാദിത്തം" ഭംഗിയായി നടത്തിക്കൊണ്ട് പോയി ടീച്ചര്‍മാരുടെ "കണ്ണിലുണ്ണിയായി" വാണിരുന്ന കാലം.....ഇളം മനസ്സുകളുടെ ശാപമോ പിണക്കമോ എന്നെ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തക്ക ആഴമുള്ളതാരുന്നില്ല..

അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി പോകാന്‍ കഴിയുന്ന ചില നല്ല സുഹൃത്തുക്കളെ എനിക്കവിടെയും ദൈവം തന്നിരുന്നു..അന്നത്തെ "intervel" GIRLS HIGH SCHOOL ല്‍ ചിലവഴിക്കാന്‍ ഞങ്ങള്‍ മൂന്നു പേര്‍ തീരുമാനിച്ചു..

ചേച്ചിമാരെ കാണുന്നതും മിണ്ടുന്നതും ഒക്കെ ഒരു സുഖമുള്ള കാര്യമാണേ....

ഒരു COMPOUND തന്നാരുന്നു GIRLS HIGH SCHOOL ..അന്നത്തെ ഞങ്ങളുടെ സംസാരവിഷയം "ടാര്‍സ്സണാ"യിരുന്നു..പലവിധ കഥകള്‍ പറഞ്ഞു കൊണ്ടു ഞങ്ങള്‍ നടന്നു..ഞങ്ങളുടെ കണ്ണുകള്‍ ചേച്ചിമാര്‍ക്കു വേണ്ടി തിരഞ്ഞു..ഉണ്ടു..ഒന്നു രണ്ടു പേര്‍ വരാന്തയില്‍ ഉണ്ടു...പെട്ടെന്നാണു എന്റെ കണ്ണുകള്‍ സ്കൂളിന്റെ നേരെ മുമ്പില്‍ ഉള്ള മൂന്നു മാവിന്മേല്‍ പതിഞ്ഞത്..അതില്‍ "ഉണങ്ങിയ ആനക്കോണ്ട" പോലെ തൂങ്ങിക്കിടക്കുന്ന കുരുമുളകു കൊടികള്‍...എന്റെ മനസ്സെന്തിനോ വെമ്പി...ചേച്ചിമാരവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വെരുത്തി ഞാനാ വള്ളികളിലേക്ക് ചാടി തൂങ്ങി.."ടാര്‍സ്സണ്‍.....എന്നു പറഞ്ഞു കൊണ്ടു അതില്‍ നിന്നും അടുത്തതിലേക്കു....പിന്നെ മൂന്നാമത്തിതിലേക്കു...അതു കണ്ട കൂട്ടുകാരും കൂടെ ചാടി...

കുരുമുളകു കൊടിക്ക് കാട്ടുവള്ളികളുടെ ശക്തിയില്ല എന്ന് മൂടും കുത്തി താഴെ വീണപ്പോള്‍ എനിക്കു മനസ്സിലായി...വീണ എന്റെ ദേഹത്തേക്കു "കൊടി" പറിഞ്ഞു വീണു....എല്ലാം എടുത്തു കളഞ്ഞു ഒരു ചമ്മലോടെ ചേച്ചിമാരിരിക്കുന്ന ഭാഗത്തേക്കു നോക്കി..അവിടം ശൂന്യം...തിരിഞ്ഞു നോക്കിയപ്പൊള്‍ കൂടെയുണ്ടാരുന്ന "നല്ല" സുഹൃത്തുക്കളുടെ പൊടി പോലും കാണാനില്ല....പതിയെ എഴുന്നേറ്റ് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആ "രൂപത്തെ" കണ്ടെന്റെ സര്‍വ്വനാഡികളും നിലച്ചു....

GIRLS HIGH SCOOL-ന്റെ HEAD MISTRESS....ഓടാന്‍ തുടങ്ങിയപ്പോഴാണു എന്റെ "ആക്സിലെറേറ്റര്‍" പൊട്ടിപ്പോയ സത്യം ഞാന്‍ മനസ്സിലാക്കിയതു...

ഒഴിഞ്ഞ ഹെഡ്മാസ്റ്ററിന്റെ കസേരയും നോക്കി എത്ര നേരം കൈയ്യും കെട്ടി നിന്നു എന്നെനിക്കോര്‍മയില്ല....മനസ്സിലൊരായിരം തിരകള്‍ വന്നും പോയും ഇരുന്നു.. കൂറേ കഴിഞ്ഞപ്പോള്‍ "ഡാനിയേല്‍" സാറിന്റെ കൂടെ വന്ന പൊക്കം കുറഞ്ഞ ശാന്ത മുഖമുള്ള ആ മനുഷ്യന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എന്റെ മനസ്സു മന്ത്രിച്ചു..."പുതിയ ഹെഡ്മാസ്റ്റര്‍".....

ഇങ്ങനെയൊരുത്തന്‍ ഇവിടെ നില്‍ക്കുന്നതിന്റെ ഒരു "അംഗീകാരവും" എനിക്കവര്‍ തരുന്നില്ല. ഞാന്‍ സാറിനെ സസൂക്ഷമം ശ്രദ്ദിച്ചു...ആദ്യമായി വന്നതു കൊണ്ടു ചിലപ്പോള്‍ വെറുതെ വിട്ടേക്കും...ആ ഒറ്റ ചിന്തയായിരുന്നു മനസ്സിനിത്തിരി ആശ്വാസം തന്നത്....

വീണ്ടും കുറേ കഴിഞ്ഞാണു അദ്ദേഹം എന്നെ വിളിച്ചത്...എന്നെ അടിമുടി ഒന്നു നോക്കിയിട്ട് ഡാനിയല്‍ സാറിനോടായി ഒരു ചോദ്യം..ആ ഒരു ചോദ്യമേ അദ്ദേഹം ചോദിച്ചുള്ളു..."എന്താ ഡാനിയല്‍ സാറെ..ഇവിടുള്ളതെല്ലാം എങ്ങനത്തേയാണൊ..? കുട്ടികളെ നിങ്ങള്‍ അഴിച്ചു വിട്ടിരിക്കുവാ....? വന്ന ദിവസം തന്നെ കൊള്ളാം....കുട്ടികള്‍ക്കു മുമ്പെ സാറന്മാരെ നേരെയാക്കേണ്ടി വരുമോ..?

അതു വരെ ശാന്തനായിരുന്ന ഡാനിയേല്‍ സാറിന്റെ മുഖം കറുത്തതു ഞാന്‍ കണ്ടു...

"ആദ്യ ദിവസം തന്നെ..എനിക്കൊന്നും ചെയ്യാന്‍ വയ്യ..സാറുതന്നെ കൈകാര്യം ചെയ്തോ..." കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീയുണ്ട കണക്ക് എന്റെ ചെവിയില്‍ ആഞ്ഞു പതിച്ചു....ഒരു കുഞ്ഞു മാന്‍പേടയേ സിംഹക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തിട്ട് പുറത്തേക്കു പോയ സാറിനെ ഞാന്‍ വേദനയോടെ നോക്കി നിന്നു...

ഞാന്‍ ദയനീമായി ഡാനിയല്‍ സാറിനെ നോക്കി...സാര്‍ അപ്പോഴേക്കും കസേരയില്‍ നിന്നും എഴുന്നേറ്റിരുന്നു..ആജാനുബാഹുവായ സാറിന്റെ ഓരോ മുമ്പോട്ടുള്ള കാല്‍ വെയ്പ്പിലും ആയിരം തീഗോളങ്ങള്‍ എന്റെ നേര്‍ക്ക് വരുന്നതായി എനിക്കനുഭവപ്പെട്ടു...

എന്റെ മുഖത്തു ദയനീയ ഭാവമേ ഇല്ലേ..? മനസ്സു മുഴുവന്‍ ഒരിറ്റ് ദയവിനായി അലറി വിളിക്കുകയാണു...മുഖത്തിനു മനസ്സിന്റെ വേഗം ഇല്ലെ?  സാറിന്റെ മുഖത്തിനൊരു മാറ്റവും കാണുന്നില്ല...

വലിഞ്ഞു മുറുകുന്ന ഭാവവുമായി നില്‍ക്കുന്ന സാറിന്റെ ഇടത്തെ കയ്യ് എന്റെ കുത്തിനു എത്ര പെട്ടന്നാണു വന്നു വീണത്...രണ്ടുമൂന്നു second കഴിഞ്ഞപ്പോയാണു എന്റെ കാലുകള്‍ നിലത്തു കുത്തുന്നില്ല എന്ന നഗ്ന സത്യം ഞാന്‍ മനസ്സിലാക്കിയതു...എന്നെ തൂക്കിയെടുത്തുകൊണ്ടു സാറെന്നെ മുറിയുടെ മൂലയ്ക്കുള്ള് ഒരു "DESK" ലക്ഷ്യമാക്കി നടന്നു..അതിനോടടുത്തപ്പോഴാണു ഞാന്‍ കണ്ടത്...ഒരേകദേശം ഒന്നര മീറ്റര്‍ നീളമുള്ള ഒരു "ചൂരല്‍" എന്നെ നോക്കി ക്രൂരമായി ചിരിക്കുന്നു...

അതികം താമസ്സമൊന്നുണ്ടായില്ല...സാറു ചൂരലെടുത്ത് "പടേ..ന്ന്" പുറകു വശം നോക്കി തന്നെ തന്നു..."എന്റമ്മോ...അന്നേവരെ കിട്ടിയിട്ടില്ലാത്ത സ്ഥലത്ത് ലഭിച്ചതു കൊണ്ടാകാം..ഭൂമിക്കു ചുറ്റും ഒട്ടേറെ നക്ഷത്രങ്ങള്‍ ഉണ്ട് എന്ന ശാസ്ത്ര സത്യത്തെ നേരില്‍ കണ്ടാനന്ദിക്കാന്‍ കഴിഞ്ഞത്....പക്ഷെ എണ്ണാന്‍ പറ്റിയില്ല........അടികള്‍ക്കിടെ സാര്‍ ഇങ്ങനെ ചോദിക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു....."

വള്ളീല്‍ തൂങ്ങി ചാടാന്‍ നീയാരാടാ..."ടാര്‍സ്സണോ..?"

പാവം കൈ കെഴച്ചിട്ടാകും..അവസാനം സാറെന്റെ കാലുകള്‍ തറയില്‍ മുട്ടിച്ചു...വയസ്സായില്ലെ...

പുറത്തിനൊരു തട്ടും തന്നിട്ടു "ഓടെടാ" എന്നു പറഞ്ഞു...എന്റെ കൈയ്യ്കളപ്പോഴേക്കും "പുറകു വശത്തു" " തിരുമല്‍" ജോലിയാരംഭിച്ചിരുന്നൂ...

കിട്ടിയ ജീവനും കൊണ്ട് ഞാനോടി..ക്ലാസ്സിലേക്കല്ല....പൈപ്പിന്റെ നേരെ....അവിടെ മാത്രമേ "ഓവുള്ളു" ....കുടു കുടാന്നു ഒഴുകുന്ന കണ്ണീരിനൊഴുകിപ്പോകാന്‍ ഇടം വേണ്ടേ..?

മുഖം കഴുകി ...തിരുമല്‍ "പരുപാടി" വീണ്ടും ആരംഭിച്ചു കൊണ്ട് നേരെ ക്ലാസ്സിലേക്കു നടന്നു...

വാതിലിലെത്തിയപ്പോള്‍ English ടീച്ചര്‍ അകത്തുണ്ട്...എന്നെ കണ്ടതും എവിടാരുന്നു എന്നു ചോദിച്ചു...ഭവ്വ്യതയോടെ ഞാന്‍ പറഞ്ഞു.."പുതിയ HEAD MASTER" വിളിപ്പിച്ചാരുന്നു..അതു കേട്ട് ടീച്ചര്‍ പറഞ്ഞു..."HMMM!...എല്ലാ ക്ലാസ്സ് ലീഡറുമാരേം ഇന്നു തന്നെ കാണണമെന്നു അദ്ദേഹം പറയുന്നതു കേട്ടു....അതു കേട്ടു ഞാന്‍ ഞെട്ടി.....ഇന്നു ഇനിയുമൊരു അഭിമുഖമോ..."

ദൈവ്വമേ ഈ കുഞ്ഞു ഹൃദയം എങ്ങനെ അതു താങ്ങും..(പക്ഷെ ദൈവം എന്റെ കൂടാരുന്നു.. അന്നു കൂടിക്കാഴ്ച്ച നടന്നില്ല..)

അടുത്തു വന്നു ടീച്ചര്‍ എന്റെ കയ്യില്‍ "ചോക്ക് പീസ്സ്" തന്നിട്ടു പറഞ്ഞു.."മിണ്ടുന്നവരുടെ പേരെഴുതി വെയ്യ്ക്ക്"..ഞാനിപ്പൊ വരാം..."

അതും വാങ്ങി ബോര്‍ഡിനരുകിലേക്കു ചെന്നു നിന്നു...എന്റെ കണ്ണുകള്‍ ആ "നല്ല" രണ്ട് സുഹൃത്തുകള്‍ക്കായി പരതി...തലയും കുനിച്ചിരിക്കുന്ന അവരോടെന്തു പറയാന്‍....

എല്ലാം ശിക്ഷയും സ്വയം ഏറ്റുവാങ്ങി നില്‍ക്കുന്ന ത്യാഗിയായ കൂട്ടുകാരന്റെ അഹങ്കാരത്തൊടെ ഞാന്‍ എന്റെ "ഉത്തരവാദത്തിലേക്കു" കടന്നു...അപ്പൊഴാണു ഒരു പെണ്‍കുട്ടിയുടെ നാവിനു ക്ഷമ കെട്ടത്...വേഗം അവളുടെ പേരെഴുതാന്‍ തിരിഞ്ഞ ഞാന്‍ ഒരു നിമിഷം നിന്നു....

അപ്പോഴും "തിരുമ്മണേ തിരുമണേ.." എന്നു അലറി വിളിക്കുന്ന എന്റെ "പുറകുവശത്തിന്റെ" തീരാരോദനം കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും ചോക്കു പീസ്സ് അറിയാതെ താഴെ വീണു....

ഈ വേദന തന്നല്ലെ അവര്‍ക്കും ഉണ്ടാവുക എന്ന അറിവു പിന്നീടൊരിക്കലും...ഒരു പേരും എന്റെ കയ്യുകള്‍ കൊണ്ടു ബോര്‍ഡില്‍ തെളിഞ്ഞിട്ടില്ല...........