Monday, December 30, 2013

FINAL DESTINATION



FINAL DESTINATION...ഈ സിനിമ കാണാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രമായിരുന്നു ഉള്ളത് . ഇവര്‍ എന്തായിരിക്കും പറയാന്‍ ഉദ്ദേശിക്കുക. എല്ലാവരുടെയും FINAL DESTINATION എന്താണെന്നു വ്യക്തമല്ലേ .....പക്ഷെ ....അവര്‍ പറഞ്ഞതോ..........THE SPEED, THE PATH and moreover THE EXACT TIME for the FINAL DESTINATION.....അതെ... അതിലേക്കുള്ള കൃത്യമായ സമയം...



വളരെ കൌതുകം നിറഞ്ഞതാണ് അതിന്റെ ആവിഷ്കാരം.....പലപ്പോഴും നമ്മള്‍ നമ്മളോട് ചോദിക്കുന്ന ആ ചോദ്യങ്ങള്‍ ഉണ്ടെല്ലോ...ആര് ... എവിടെ......എങ്ങിനെ ...എപ്പോള്‍ ? അതെല്ലാം വളരെ അതിശയകരമായ സംവിധാനമികവിലൂടെ ആ സിനിമ വിളിച്ചറിയിക്കുന്നു... മരണം കാണാൻ മനുഷ്യമനസ്സുളവർക്കു എളുപ്പം സാധിക്കില്ല. എങ്കിലും ആ സിനിമ ഇമ വെട്ടാതെ കണ്ടിരിക്കും നമ്മൾ.   

ആര് ?..എന്ന  ചോദ്യത്തിനു പലപ്പോഴും പ്രസക്തി ഇല്ലാതെ വരും . കാരണം അതിന്റെ സൂത്രധാരന്‍ ഇപ്പോഴും ഒരാള്‌ തന്നെയല്ലേ....

മലയാളത്തില്‍ ഒറ്റ വാക്കുകൊണ്ട്  നമുക്കിതിനെ മനസ്സിലാക്കാം......"വിധി"....കണ്ണുകളെ സാഗരമാക്കുമ്പോള്‍ മാത്രമാണു നമ്മള്‍ ഈ വാക്ക് ഉപയോഗിക്കുക. അതിനു കുളിരേകുമ്പോള്‍,,,,മനസ്സിനു പ്രിയം നല്‍കുമ്പോള്‍ ..നമ്മള്‍ പറയും .."ഭാഗ്യം" എന്ന് .. അല്ലേ..?

ചില സംഭവങ്ങള്‍ വായിക്കുമ്പോള്‍ ...അറിയുമ്പോള്‍ ..അതിനെ എന്താണ് വിളിക്കെണ്ടെതെന്നു മനസ്സിലാകാതെ പോകുന്നു...

അന്നും അതേ Train...അതേ ആളുകള്‍ ..

മലയാള മനോരമ പേപ്പര്‍ വായിക്കാന്‍ മുംബൈ മലയാളികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെങ്കിലും..ചായ സമയത്ത് അതിനുള്ള ഭാഗ്യം എനിക്ക് കുറവാണ് കിട്ടാറു..പതിവ് പോലെ പഠിച്ച എല്ലാ അഭ്യാസവും എടുത്തു ട്രെയിനില്‍ കയറി സീറ്റു പിടിച്ചു......പേപ്പര്‍ വായനെയും തുടങ്ങി.....ഞാനൊരിക്കലും ആദ്യ പേജു ആദ്യം വായിക്കാറില്ല.........തറ പൊളിറ്റിക്സും പീഡനവും അല്ലാതെ എന്താണു അതിലുണ്ടാവുക..?

മൂന്നാം പേജില്‍ വായിച്ച ആ വാര്‍ത്ത!!!!....ഈശ്വരാ....നീയും കുരുടനായോ ..? എന്നറിയാതെ ഞാന്‍ ചോദിച്ചു  പോയി...

വിവര്‍ത്തനം ലളിതമായിരുന്നു അതില്‍ . എത്ര ലളിതമാക്കിയാലും.. ഒരു വരിയില്‍ പറഞ്ഞാലും ..നാല് പേജില്‍ വിവരിച്ചാലും ....അത് വായിച്ചാല്‍ ഒരു തുള്ളി കണ്ണുനീര്‍ ഉതിര്‍ക്കാതത്തവരേ  മനുഷ്യഗണത്തില്‍ ചേര്‍ക്കാന്‍ പറ്റില്ല എന്ന് ഞാന്‍ കരുതുന്നു . ആ പേപ്പര്‍ അപ്പോള്‍  അടച്ചതാണ് ...ഇന്നും തുറന്നിട്ടില്ല......കണ്ണടച്ചു പുറകിലേക്ക് ചാഞ്ഞപ്പോള്‍ ഞാന്‍ കണ്ടു ആ വീട്......അലറിക്കരയുന്ന ആ അമ്മയെ ..ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് തലകൊണ്ടു ആഞ്ഞടിക്കുകയാണ് ..ആരൊക്കെയോ ചേര്‍ന്ന് പിടിച്ചുമാറ്റുന്നു. അവര്‍ അവരെ ത്തള്ളി  മാറ്റി തറയിലേക്കു വീഴുകയായിരുന്നു.....നീണ്ടുനിവര്‍ന്ന അവരുടെ കൈകള്‍ എന്തിലോ മുറുക്കി പിടിച്ചിരിക്കുന്നു....... ഒരു വെള്ളപ്പൊതിയാണോ.....ഒരു ചോറ് പൊതിയൊളം വലിപ്പമുള്ള ആ വെള്ളത്തുണിയില്‍ ..ആ മുഖം ഞാന്‍ കണ്ടു...ഒമ്പത് മാസം മാത്രം പ്രായമുള്ള ആ കുരുന്നിന്റെ മുഖം.....എന്തൊരു ഓമനിത്തം നിറഞ്ഞ മുഖമാണതു  .....ഞാന്‍ കുറെ നേരം  നോക്കി നിന്ന് പോയി.....പെട്ടന്നാണ് അവന്‍ കണ്ണു തുറന്നത്.... ഞാനും പെട്ടെന്ന് ഞെട്ടി ഉണർന്നു ...... മുമ്പിൽ ഇരുന്ന ആൾ എന്നെ സൂക്ഷിച്ചു നോക്കുകയാണു .....

ഓടിയകലുന്ന പച്ചപ്പുകളെയും  അംബ്ബരചുംബികളേയും നോക്കി കുറേനേരം ഇരുന്നു...  

Office-ല്‍ എത്തിയപ്പോഴും മനസ്സില്‍ ആ വാര്‍ത്ത എന്നെ വല്ലാതെ അലട്ടിയിരുന്നു...അന്ന് ജോലി ചെയ്യാൻ തോന്നിയില്ല.  ഉണ്ണുമ്പോൾ പോലും ഒരിക്കലും കണ്ടിട്ടില്ലാത്ത അവന്റെ മുഖമായിരുന്നു കണ്ണിൽ...തിരിച്ചു പോകുമ്പോൾ ആ സംഭവം എന്റെ മനസ്സിൽ ഞാൻ കണ്ടു.

എന്നും ആ അമ്മ കാക്കെയേയും പൂച്ചയേയും ഒക്കെ കാണിച്ചുകൊണ്ടായിരിക്കും കുഞ്ഞിനു ആഹാരം കൊടുക്കുക. അന്നും അങ്ങനെ തന്നെ എന്നു കരുതുന്നു.  

പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിക്കുന്ന ആ കുട്ടി കുറുമ്പനെ ഒക്കത്തെടുത്തുകൊണ്ട് അമ്മ വിടിനു പുറത്തേക്കു വന്നു. സാധാരണക്കാരിയായ ഒരു തനി നാട്ടുമ്പുറത്തുകാരി. കയ്യിൽ നെയ്യിട്ടു കുഴച്ച ചോറും  പാത്രവുമുണ്ട് . അവർ  ആ കുഞ്ഞു വായിലേക്കു ചോറ് നിട്ടുമ്പോൾ അവൻ മുഖം വെട്ടിത്തിരിക്കും.... കള്ളനാണവൻ അവൻ..... അവനറിയാം, അമ്മ കാക്കേം കോഴിയെയും ഒക്കെ കാട്ടിത്തെരും എന്ന്. 

"മോനെ ..ദേ നോക്കിയേ..കാക്ക..... കാണേണ്ടത് കണ്ടപ്പോ അവന്റെ വാ താനേ തുറന്നു. നട അടയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു ഉരുള ചോറു അവന്റെ വായിൽ എത്തിച്ചു. എന്ത് രസമാണ് അവൻ കഴിക്കുന്നത്‌ കാണാൻ.

അവന്റെ കൂട്ടുകാരേ കണ്ടു കൊണ്ട് ചോറു മുഴുവൻ തീർത്തു. തിരിച്ചു വീട്ടിലേക്കു പോകാൻ അവനു തീരെ ഇഷ്ടമില്ല എന്ന് തോന്നുന്നു.... ദൂരേക്ക്‌ കുഞ്ഞുക്കൈ ചുണ്ടുകയാണ്.... അമ്മ നോക്കുമ്പോൾ രണ്ടു കാക്കകൾ അവനോടെന്തോ പറയുകയാണ്‌. അവർ കുറച്ചുകുടെ അടുത്തേക്ക് ചെന്നു. ആ തെങ്ങിന്റെ ചുവട്ടിലേക്ക്‌....അവനപ്പൊഴും അമ്മെ കാക്കെയെ കാണിക്കുകയാണു... 

എന്തോ കണ്ണിലേക്കു വീണിട്ടാണവർ കണ്ണടച്ചതു. കണ്ണ് തുറക്കുന്നതിനു മുമ്പ് തന്നെ അവരതു മനസ്സിലാക്കിയിരുന്നു.... വളരെ ബദ്ധപ്പെട്ടണു അവർ കണ്ണു തുറന്നത്. ആദ്യം കണ്ടത് ചോരപ്പാടുകളോടെ താഴെ കിടക്കുന്ന തേങ്ങയാണു...ഒക്കത്തുനിന്നും അവൻ താഴേക്കു ഊർന്നു പോകുന്നതവർ അറിഞ്ഞു...ഒരു നോക്ക് മാത്രമേ ആ അമ്മയ്ക്ക് നോക്കാനായുള്ളു..നേർത്ത മുടിനാരുകളെ മറച്ചുകൊണ്ടു അവന്റെ തലയിൽ നിന്നും ഒഴുകുന്ന ചോര കണ്ട ആ അമ്മയുടെ മനസ്സ് നിശ്ചലമായി.......

വാതിൽ പടിയിൽ ഇരുന്ന അച്ഛൻ ആ കാഴ്ചയ്ക്ക് ദൃക്സാക്ഷിയായി. പൂഴിമണ്ണു നിറഞ്ഞ തറയിലേക്കു വീണ തന്റെ ഭാര്യയുടെ മാറിൽ ചോരപ്പുതപ്പുമായി ചലനമറ്റു കിടക്കുന്ന കുഞ്ഞിന്റെ അടുത്തേക്കു വിറയ്ക്കുന്ന കാലുകളുമായി അയാൾ നടന്നു. നിശ്ചലമായ ശരീരത്തെ പുനർജ്ജീവിപ്പിക്കാൻ വൈദ്യത്തിനു കഴിയില്ല എന്നോർക്കാതെ അയാൾ കുഞ്ഞിനെ എടുതുകൊണ്ടു ഓടി..കാലുകൾക്കപ്പോൾ ശരവേഗമായിരുന്നു...................

തെങ്ങ് ചതിക്കില്ല എന്ന് വിശ്വസിക്കുന്നെങ്കിൽ,, ഇവിടെ ആരാണു ചതിച്ചത്...ദൈവമോ...?.അതോ ആ കാക്കകളോ .......? ഇതിനെയാണോ ഈശ്വര.."വിധി" എന്ന് വിളിക്കുന്നതു ...? 

എന്റെ വീടിന്റെ കതകു എനിക്കായി തുറന്നു പുഞ്ചിരിയോടെ നിൽക്കുന്ന ഭാര്യയുടെ പിറകിൽ കൂടി "അച്ഛാ" എന്ന് വിളിച്ചുകൊണ്ട് ഓടി വരുന്ന എന്റെ മോളെ ഞാൻ കോരിയെടുത്തു.....ആ നിമിഷത്തോളം ഞാനെന്റെ കുഞ്ഞിനെ ഇന്നു വരെ സ്നേഹിച്ചിട്ടില്ല........

വിധി എന്ന ഭയാനകമായ ശബ്ദത്തെ പേടിച്ചിട്ടു കാര്യമില്ല എന്നറിയാമെങ്കിലും.. ഒരു ഭയത്തോടെ ഇന്നും ജീവിക്കുന്നു..........ഒരുക്കലും...ആർക്കും..അങ്ങനൊരു വിധി നൽകല്ലേ എന്ന പ്രാർത്ഥനയോടെ.....    
      

         


  







  

No comments:

Post a Comment

നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം