Friday, April 23, 2010

ഒരു "ടാര്‍സ്സണ്‍" വിളയാട്ട്

ഒരു ഏഴാം ക്ലാസ്സുകാരന്റെ  മനസ്സില്‍ ആരൊക്കെയാരിക്കും "HEROES". ബാറ്റ് മാന്‍, സൂപ്പര്‍ മാന്‍, സ്പൈഡര്‍ മാന്‍..........അല്ലെ. ഇവരൊക്കെ തന്നാരുന്നു എന്റെം ഇഷ്ട നായകന്മാര്‍...അന്നൊരു പക്ഷെ "മംഗലശ്ശേരി നീലകണ്ടന്‍" അവതരിക്കാത്തതു കൊണ്ടാകും ഞാനേറ്റവും കൂടുതല്‍ ആരാധിച്ചിരുന്നത് "ടാര്‍സ്സണെയാണു". കാട്ടു വള്ളികളിലൂടെ പറന്നു നടക്കുന്ന ആ അതികായകനെ ഞാനന്ന് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്...ഞങ്ങളുടെ പുതിയ "HEAD MASTER" ജോയിന്‍ ചെയ്യുന്നതു വരെ...

1992 - St'Marys School

7-C ലെ ക്ലാസ്സ് ലീഡര്‍ എന്ന അലങ്കാരം ഉള്ള വര്‍ഷം. എനിക്ക് ആ സ്ഥാനത്തിനു "ഹാട്രിക്ക്" നേടിത്തന്ന വര്‍ഷം. സാറന്മാരില്ലാത്ത സമയത്ത് "മിണ്ടുന്നവരുടെ" പേരു BOARDല്‍ എഴുതി അവര്‍ക്കടിവാങ്ങിച്ചു കൊടുക്കുക എന്ന "ഉത്തരവാദിത്തം" ഭംഗിയായി നടത്തിക്കൊണ്ട് പോയി ടീച്ചര്‍മാരുടെ "കണ്ണിലുണ്ണിയായി" വാണിരുന്ന കാലം.....ഇളം മനസ്സുകളുടെ ശാപമോ പിണക്കമോ എന്നെ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തക്ക ആഴമുള്ളതാരുന്നില്ല..

അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി പോകാന്‍ കഴിയുന്ന ചില നല്ല സുഹൃത്തുക്കളെ എനിക്കവിടെയും ദൈവം തന്നിരുന്നു..അന്നത്തെ "intervel" GIRLS HIGH SCHOOL ല്‍ ചിലവഴിക്കാന്‍ ഞങ്ങള്‍ മൂന്നു പേര്‍ തീരുമാനിച്ചു..

ചേച്ചിമാരെ കാണുന്നതും മിണ്ടുന്നതും ഒക്കെ ഒരു സുഖമുള്ള കാര്യമാണേ....

ഒരു COMPOUND തന്നാരുന്നു GIRLS HIGH SCHOOL ..അന്നത്തെ ഞങ്ങളുടെ സംസാരവിഷയം "ടാര്‍സ്സണാ"യിരുന്നു..പലവിധ കഥകള്‍ പറഞ്ഞു കൊണ്ടു ഞങ്ങള്‍ നടന്നു..ഞങ്ങളുടെ കണ്ണുകള്‍ ചേച്ചിമാര്‍ക്കു വേണ്ടി തിരഞ്ഞു..ഉണ്ടു..ഒന്നു രണ്ടു പേര്‍ വരാന്തയില്‍ ഉണ്ടു...പെട്ടെന്നാണു എന്റെ കണ്ണുകള്‍ സ്കൂളിന്റെ നേരെ മുമ്പില്‍ ഉള്ള മൂന്നു മാവിന്മേല്‍ പതിഞ്ഞത്..അതില്‍ "ഉണങ്ങിയ ആനക്കോണ്ട" പോലെ തൂങ്ങിക്കിടക്കുന്ന കുരുമുളകു കൊടികള്‍...എന്റെ മനസ്സെന്തിനോ വെമ്പി...ചേച്ചിമാരവിടെ തന്നെ ഉണ്ടെന്നു ഉറപ്പു വെരുത്തി ഞാനാ വള്ളികളിലേക്ക് ചാടി തൂങ്ങി.."ടാര്‍സ്സണ്‍.....എന്നു പറഞ്ഞു കൊണ്ടു അതില്‍ നിന്നും അടുത്തതിലേക്കു....പിന്നെ മൂന്നാമത്തിതിലേക്കു...അതു കണ്ട കൂട്ടുകാരും കൂടെ ചാടി...

കുരുമുളകു കൊടിക്ക് കാട്ടുവള്ളികളുടെ ശക്തിയില്ല എന്ന് മൂടും കുത്തി താഴെ വീണപ്പോള്‍ എനിക്കു മനസ്സിലായി...വീണ എന്റെ ദേഹത്തേക്കു "കൊടി" പറിഞ്ഞു വീണു....എല്ലാം എടുത്തു കളഞ്ഞു ഒരു ചമ്മലോടെ ചേച്ചിമാരിരിക്കുന്ന ഭാഗത്തേക്കു നോക്കി..അവിടം ശൂന്യം...തിരിഞ്ഞു നോക്കിയപ്പൊള്‍ കൂടെയുണ്ടാരുന്ന "നല്ല" സുഹൃത്തുക്കളുടെ പൊടി പോലും കാണാനില്ല....പതിയെ എഴുന്നേറ്റ് തിരിച്ചു പോകാന്‍ തുടങ്ങിയപ്പോള്‍ ആ "രൂപത്തെ" കണ്ടെന്റെ സര്‍വ്വനാഡികളും നിലച്ചു....

GIRLS HIGH SCOOL-ന്റെ HEAD MISTRESS....ഓടാന്‍ തുടങ്ങിയപ്പോഴാണു എന്റെ "ആക്സിലെറേറ്റര്‍" പൊട്ടിപ്പോയ സത്യം ഞാന്‍ മനസ്സിലാക്കിയതു...

ഒഴിഞ്ഞ ഹെഡ്മാസ്റ്ററിന്റെ കസേരയും നോക്കി എത്ര നേരം കൈയ്യും കെട്ടി നിന്നു എന്നെനിക്കോര്‍മയില്ല....മനസ്സിലൊരായിരം തിരകള്‍ വന്നും പോയും ഇരുന്നു.. കൂറേ കഴിഞ്ഞപ്പോള്‍ "ഡാനിയേല്‍" സാറിന്റെ കൂടെ വന്ന പൊക്കം കുറഞ്ഞ ശാന്ത മുഖമുള്ള ആ മനുഷ്യന്‍ കസേരയില്‍ ഇരുന്നപ്പോള്‍ എന്റെ മനസ്സു മന്ത്രിച്ചു..."പുതിയ ഹെഡ്മാസ്റ്റര്‍".....

ഇങ്ങനെയൊരുത്തന്‍ ഇവിടെ നില്‍ക്കുന്നതിന്റെ ഒരു "അംഗീകാരവും" എനിക്കവര്‍ തരുന്നില്ല. ഞാന്‍ സാറിനെ സസൂക്ഷമം ശ്രദ്ദിച്ചു...ആദ്യമായി വന്നതു കൊണ്ടു ചിലപ്പോള്‍ വെറുതെ വിട്ടേക്കും...ആ ഒറ്റ ചിന്തയായിരുന്നു മനസ്സിനിത്തിരി ആശ്വാസം തന്നത്....

വീണ്ടും കുറേ കഴിഞ്ഞാണു അദ്ദേഹം എന്നെ വിളിച്ചത്...എന്നെ അടിമുടി ഒന്നു നോക്കിയിട്ട് ഡാനിയല്‍ സാറിനോടായി ഒരു ചോദ്യം..ആ ഒരു ചോദ്യമേ അദ്ദേഹം ചോദിച്ചുള്ളു..."എന്താ ഡാനിയല്‍ സാറെ..ഇവിടുള്ളതെല്ലാം എങ്ങനത്തേയാണൊ..? കുട്ടികളെ നിങ്ങള്‍ അഴിച്ചു വിട്ടിരിക്കുവാ....? വന്ന ദിവസം തന്നെ കൊള്ളാം....കുട്ടികള്‍ക്കു മുമ്പെ സാറന്മാരെ നേരെയാക്കേണ്ടി വരുമോ..?

അതു വരെ ശാന്തനായിരുന്ന ഡാനിയേല്‍ സാറിന്റെ മുഖം കറുത്തതു ഞാന്‍ കണ്ടു...

"ആദ്യ ദിവസം തന്നെ..എനിക്കൊന്നും ചെയ്യാന്‍ വയ്യ..സാറുതന്നെ കൈകാര്യം ചെയ്തോ..." കസേരയില്‍ നിന്നെഴുന്നേറ്റു കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീയുണ്ട കണക്ക് എന്റെ ചെവിയില്‍ ആഞ്ഞു പതിച്ചു....ഒരു കുഞ്ഞു മാന്‍പേടയേ സിംഹക്കൂട്ടിലേക്കെറിഞ്ഞു കൊടുത്തിട്ട് പുറത്തേക്കു പോയ സാറിനെ ഞാന്‍ വേദനയോടെ നോക്കി നിന്നു...

ഞാന്‍ ദയനീമായി ഡാനിയല്‍ സാറിനെ നോക്കി...സാര്‍ അപ്പോഴേക്കും കസേരയില്‍ നിന്നും എഴുന്നേറ്റിരുന്നു..ആജാനുബാഹുവായ സാറിന്റെ ഓരോ മുമ്പോട്ടുള്ള കാല്‍ വെയ്പ്പിലും ആയിരം തീഗോളങ്ങള്‍ എന്റെ നേര്‍ക്ക് വരുന്നതായി എനിക്കനുഭവപ്പെട്ടു...

എന്റെ മുഖത്തു ദയനീയ ഭാവമേ ഇല്ലേ..? മനസ്സു മുഴുവന്‍ ഒരിറ്റ് ദയവിനായി അലറി വിളിക്കുകയാണു...മുഖത്തിനു മനസ്സിന്റെ വേഗം ഇല്ലെ?  സാറിന്റെ മുഖത്തിനൊരു മാറ്റവും കാണുന്നില്ല...

വലിഞ്ഞു മുറുകുന്ന ഭാവവുമായി നില്‍ക്കുന്ന സാറിന്റെ ഇടത്തെ കയ്യ് എന്റെ കുത്തിനു എത്ര പെട്ടന്നാണു വന്നു വീണത്...രണ്ടുമൂന്നു second കഴിഞ്ഞപ്പോയാണു എന്റെ കാലുകള്‍ നിലത്തു കുത്തുന്നില്ല എന്ന നഗ്ന സത്യം ഞാന്‍ മനസ്സിലാക്കിയതു...എന്നെ തൂക്കിയെടുത്തുകൊണ്ടു സാറെന്നെ മുറിയുടെ മൂലയ്ക്കുള്ള് ഒരു "DESK" ലക്ഷ്യമാക്കി നടന്നു..അതിനോടടുത്തപ്പോഴാണു ഞാന്‍ കണ്ടത്...ഒരേകദേശം ഒന്നര മീറ്റര്‍ നീളമുള്ള ഒരു "ചൂരല്‍" എന്നെ നോക്കി ക്രൂരമായി ചിരിക്കുന്നു...

അതികം താമസ്സമൊന്നുണ്ടായില്ല...സാറു ചൂരലെടുത്ത് "പടേ..ന്ന്" പുറകു വശം നോക്കി തന്നെ തന്നു..."എന്റമ്മോ...അന്നേവരെ കിട്ടിയിട്ടില്ലാത്ത സ്ഥലത്ത് ലഭിച്ചതു കൊണ്ടാകാം..ഭൂമിക്കു ചുറ്റും ഒട്ടേറെ നക്ഷത്രങ്ങള്‍ ഉണ്ട് എന്ന ശാസ്ത്ര സത്യത്തെ നേരില്‍ കണ്ടാനന്ദിക്കാന്‍ കഴിഞ്ഞത്....പക്ഷെ എണ്ണാന്‍ പറ്റിയില്ല........അടികള്‍ക്കിടെ സാര്‍ ഇങ്ങനെ ചോദിക്കുന്നതു ഞാന്‍ വ്യക്തമായി കേട്ടു....."

വള്ളീല്‍ തൂങ്ങി ചാടാന്‍ നീയാരാടാ..."ടാര്‍സ്സണോ..?"

പാവം കൈ കെഴച്ചിട്ടാകും..അവസാനം സാറെന്റെ കാലുകള്‍ തറയില്‍ മുട്ടിച്ചു...വയസ്സായില്ലെ...

പുറത്തിനൊരു തട്ടും തന്നിട്ടു "ഓടെടാ" എന്നു പറഞ്ഞു...എന്റെ കൈയ്യ്കളപ്പോഴേക്കും "പുറകു വശത്തു" " തിരുമല്‍" ജോലിയാരംഭിച്ചിരുന്നൂ...

കിട്ടിയ ജീവനും കൊണ്ട് ഞാനോടി..ക്ലാസ്സിലേക്കല്ല....പൈപ്പിന്റെ നേരെ....അവിടെ മാത്രമേ "ഓവുള്ളു" ....കുടു കുടാന്നു ഒഴുകുന്ന കണ്ണീരിനൊഴുകിപ്പോകാന്‍ ഇടം വേണ്ടേ..?

മുഖം കഴുകി ...തിരുമല്‍ "പരുപാടി" വീണ്ടും ആരംഭിച്ചു കൊണ്ട് നേരെ ക്ലാസ്സിലേക്കു നടന്നു...

വാതിലിലെത്തിയപ്പോള്‍ English ടീച്ചര്‍ അകത്തുണ്ട്...എന്നെ കണ്ടതും എവിടാരുന്നു എന്നു ചോദിച്ചു...ഭവ്വ്യതയോടെ ഞാന്‍ പറഞ്ഞു.."പുതിയ HEAD MASTER" വിളിപ്പിച്ചാരുന്നു..അതു കേട്ട് ടീച്ചര്‍ പറഞ്ഞു..."HMMM!...എല്ലാ ക്ലാസ്സ് ലീഡറുമാരേം ഇന്നു തന്നെ കാണണമെന്നു അദ്ദേഹം പറയുന്നതു കേട്ടു....അതു കേട്ടു ഞാന്‍ ഞെട്ടി.....ഇന്നു ഇനിയുമൊരു അഭിമുഖമോ..."

ദൈവ്വമേ ഈ കുഞ്ഞു ഹൃദയം എങ്ങനെ അതു താങ്ങും..(പക്ഷെ ദൈവം എന്റെ കൂടാരുന്നു.. അന്നു കൂടിക്കാഴ്ച്ച നടന്നില്ല..)

അടുത്തു വന്നു ടീച്ചര്‍ എന്റെ കയ്യില്‍ "ചോക്ക് പീസ്സ്" തന്നിട്ടു പറഞ്ഞു.."മിണ്ടുന്നവരുടെ പേരെഴുതി വെയ്യ്ക്ക്"..ഞാനിപ്പൊ വരാം..."

അതും വാങ്ങി ബോര്‍ഡിനരുകിലേക്കു ചെന്നു നിന്നു...എന്റെ കണ്ണുകള്‍ ആ "നല്ല" രണ്ട് സുഹൃത്തുകള്‍ക്കായി പരതി...തലയും കുനിച്ചിരിക്കുന്ന അവരോടെന്തു പറയാന്‍....

എല്ലാം ശിക്ഷയും സ്വയം ഏറ്റുവാങ്ങി നില്‍ക്കുന്ന ത്യാഗിയായ കൂട്ടുകാരന്റെ അഹങ്കാരത്തൊടെ ഞാന്‍ എന്റെ "ഉത്തരവാദത്തിലേക്കു" കടന്നു...അപ്പൊഴാണു ഒരു പെണ്‍കുട്ടിയുടെ നാവിനു ക്ഷമ കെട്ടത്...വേഗം അവളുടെ പേരെഴുതാന്‍ തിരിഞ്ഞ ഞാന്‍ ഒരു നിമിഷം നിന്നു....

അപ്പോഴും "തിരുമ്മണേ തിരുമണേ.." എന്നു അലറി വിളിക്കുന്ന എന്റെ "പുറകുവശത്തിന്റെ" തീരാരോദനം കേട്ടപ്പോള്‍ എന്റെ കയ്യില്‍ നിന്നും ചോക്കു പീസ്സ് അറിയാതെ താഴെ വീണു....

ഈ വേദന തന്നല്ലെ അവര്‍ക്കും ഉണ്ടാവുക എന്ന അറിവു പിന്നീടൊരിക്കലും...ഒരു പേരും എന്റെ കയ്യുകള്‍ കൊണ്ടു ബോര്‍ഡില്‍ തെളിഞ്ഞിട്ടില്ല...........

8 comments:

  1. ആദ്യായിട്ടാണിവിടെ,
    വിവറണം നന്നായിട്ടുണ്ട്, വായിക്കാന്‍ നല്ല രസം.

    ReplyDelete
  2. കലക്കി.. അടികിട്ടിയത് കലക്കീന്നല്ലാ പറഞ്ഞത്, പോസ്റ്റ് കലക്കിയെന്നാണ്‌!!

    ഇങ്ങിനെയുള്ള പോസ്റ്റുകള്‍ വായിക്കുമ്പോള്‍ വീണ്ടും ഒരു കുട്ടിയാകാന്‍ കൊതി തോന്നുന്നു. എന്ത് നിഷ്ങ്ക‌ളങ്കമായിരുന്നുവല്ലേ നമുടെയൊക്കെ കുട്ടിക്കാലം? ക്ലാസ്സിലെ ടീച്ചറുടെ കണ്ണുതെറ്റിയാല്‍ വര്‍ത്തമാനം പറഞ്ഞിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍!! പക്ഷെ ക്ലാസ്സ് ലീഡര്‍ക്ക് മിഠായി കൊടുത്തും, നെല്ലിക്ക കൊടുത്തും മണിയടിച്ചിരുന്നതിനാല്‍ അപൂര്‍‌വ്വമായേ എനിക്ക് സംസാരിച്ചതിന്‌ അടികിട്ടിയിട്ടുള്ളു! :)

    ReplyDelete
  3. "നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രജോദനം"
    ഒരു തിരുത്തുണ്ട്, പറയാമല്ലോ അല്ലേ?
    "നിങ്ങളുടെ അഭിപ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം"
    എന്നാക്കുമല്ലോ?

    ReplyDelete
  4. പിന്നെ വെള്ളത്തിലാശാന്റെ കൂട്ടുകാരന്‍ ആശാന്റെ പുതിയ "പെണ്ണുകാണല്‍" വിശേഷങ്ങളൊക്കെ അറിഞ്ഞുകാണുമല്ലോ അല്ലേ? :)

    ReplyDelete
  5. @ ഹാഷീം...........

    സ്വാഗതം സുഹൃത്തേ......നന്ദി....

    ReplyDelete
  6. @ വായാടിക്കുട്ടീ....

    വളരെ ശരിയാണു....ഞാനിതെഴുതുമ്പോഴും.....ഒന്നുകൂടി കുട്ടിയായെങ്കില്‍ എന്നു വല്ലാതെ ആശിച്ചു പോയി......

    പിന്നെ ഇതു നല്ല "ചൂടു"ള്ള അനുഭവം ആയതു കൊണ്ടു എന്നും ഓര്‍മയിലുണ്ട്..മറന്നുകാണുന്ന എത്രയോ സംഭവങ്ങള്‍.....

    പിന്നെ വെള്ളത്തിലാശാന്റെ "കൃതികള്‍" മുടങ്ങാതെ വായിക്കാറുണ്ടു.....

    അതുപോലെ തിരുത്തലിനു ഹൃദയംഗമായ നന്ദി......

    ReplyDelete
  7. സെന്റ്‌ മേരീസ് സ്കൂള്‍ കുട്ടികള്‍ വ്യ്കിട്ടു സ്കൂള്‍ വിട്ടു പോകുന്നത് കാണുന്നത് ഒരു രസം തന്നെയാണ്.കൂടാതെ അപ്പുറത്ത് ഹോളി എന്ജെല്സ് ഉം..
    ഞാന്‍ ആറു കിലോമീറ്റെര്‍ അകലെയാണ് താമസം...(വീട്)..കൊള്ളാം......വായിക്കാന്‍ ഒരു കൃതം ഉണ്ട്...നമുക്ക് പറ്റിയ കഥകള്‍.തന്നെ..
    സ്കൂള്‍ കാലം ഒക്കെ ഒന്ന് ഓര്‍ത്തു.

    ReplyDelete
  8. കൊള്ളാം വളരെ ലളിതമായ അവതരണം . ഈ ലേകനം വായിച്ചപ്പോൾ കുട്ടിക്കാലത്ത് സ്കൂളിൽ ഞാൻ കാട്ടികൂട്ടിയ കോപ്രായങ്ങൾ ആണ് എന്റെ മനസ്സിലേക്ക് ഓടിഎതിയത് . നന്ദി മനോജേട്ടാ.വീണ്ടും പ്രതീക്ഷിക്കുന്നു

    ReplyDelete

നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം